20 July Friday
സിപിഐ എം പ്രതിഷേധ കൂട്ടായ്മ

കോൺ. നേതാവിന്റെ അനധികൃത കെട്ടിടംഎറ്റെടുക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

 ചെറുതോണി > ജില്ലാ പഞ്ചായത്തിന്റെ സ്ഥലം  കൈയേറി നിർമിച്ച കെട്ടിടം അനധികൃതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ട് ചെറുതോണിയിൽ സിപിഐ എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. റവന്യൂ സർവേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൂർണമായും സർക്കാർ സ്ഥലം കൈയേറിയാണ് കെട്ടിടം നിർമിച്ചതെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യത്തിലാണ് സിപിഐ എം സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ചെറുതോണി കാർഷിക ഓപ്പൺ മാർക്കറ്റിന് സമീപം മുൻ ഡിസിസി സെക്രട്ടറി എ പി ഉസ്മാൻ  നിർമിച്ചിരിക്കുന്ന കെട്ടിടമാണ്  ജില്ലാ പഞ്ചായത്തിന്റെ സ്ഥലം കൈയേറി നിർമിച്ചതായാണ്‌ രേഖകൾ സൂചിപ്പിക്കുന്നത്‌

22‐09‐2016 ലെ  എൽ ആർ (കെ‐4)36506/16  നമ്പർ സർക്കുലർ പ്രകാരം ലാൻഡ്‌  റവന്യൂ കമീഷണറുടെ  കത്തിന്റെ അടിസ്ഥാനത്തിൽ  ഇടുക്കി തഹസീൽദാറിന്റെ നിർദ്ദേശാനുസരണം താലൂക്ക് സർവേയർ സ്ഥലം അളന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്ഥലം അളന്നതിനെ തുടർന്ന് എ പി ഉസ്മാന്റെ ഉടമസ്ഥതയിലുളള കെട്ടിടം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്ന് കണ്ടെത്തിയിരുന്നു.  ഇതനുസരിച്ച് സ്ഥലത്തിന്റെ് സ്കെച്ച്  സഹിതം  തഹസീൽദാർ നടപടിയെടുക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. സർക്കാർ സ്ഥലം തിരിച്ചു പിടിക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിരുന്നു. 

കഴിഞ്ഞ ജനുവരി 29ന് ചേർന്ന ജില്ലാ പഞ്ചായത്ത് ജനറൽ കമ്മിറ്റിയുടെ ഒമ്പതാം നമ്പർ തീരുമാനപ്രകാരം എ പി ഉസ്മാന് കത്തു നൽകിയശേഷം നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. ഈ കെട്ടിടം സംബന്ധിച്ച് വർഷങ്ങളായി ആരോപണം നിലനിൽക്കുന്നതാണ്. കോൺഗ്രസിന്റെ പാർടി ഓഫീസെന്ന പേരിൽ പണം പിരിച്ചാണ് നിർമാണം നടത്തിയിരിക്കുന്നതെങ്കിലും പഞ്ചായത്തിന്റെ റെേക്കാഡുകളിൽ എ പി ഉസ്മാന്റെ പേരിലാണ് ഈ കെട്ടിടം. 

    ജില്ലാ പഞ്ചായത്ത് ഭൂമി കൈേയറി അനധികൃതമായി നിർമിച്ച കെട്ടിടം സർക്കാരിലേക്ക് കണ്ടുകെട്ടാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ലോക്കൽ സെക്രട്ടറി എം വി ബേബി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബി സബീഷ്, ജില്ലാ കമ്മറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ പ്രഭാ തങ്കച്ചൻ, ജോർജ്പോൾ, പി എസ് സുരേഷ് എന്നിവർ സംസാരിച്ചു.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top