27 May Sunday
പദ്ധതികൾ ഉടൻ പൂർത്തിയാക്കണം

റോഡ് നിർമാണം വൈകിപ്പിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുത്: ജോയ്സ് ജോർജ് എംപി

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018

 

 
ഇടുക്കി > നിർമാണ സാമഗ്രികൾ കിട്ടാനില്ല എന്നതിന്റെ പേരിൽ കേന്ദ്രപദ്ധതി പ്രകാരമുള്ള റോഡ് നിർമാണം വൈകിപ്പിക്കാൻ കരാറുകാർക്ക് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കരുതെന്ന്  ജോയ്സ് ജോർജ് എംപി പറഞ്ഞു. നിശ്ചിത സമയത്ത് പണി പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ നടപടി എടുക്കണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനത്തിനായി കലക്ടറേറ്റിൽ ചേർന്ന ദിശ മീറ്റിങ്ങിൽ അധ്യക്ഷനായിരുന്നു എംപി. ഈ പദ്ധതികൾ കരാറുകാർ ഏറ്റെടുത്തശേഷം പാറമടകളുടെ എണ്ണമോ ഉല്പാദനമോ കുറഞ്ഞിട്ടില്ല. പാറമണലിന്റെയും മറ്റും കൃത്രിമക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കുന്നത് തടയാൻ കലക്ടർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദരിദ്രജനവിഭാഗങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യമെന്നും അതിനാൽ ഇവർക്ക് പരമാവധി തൊഴിൽദിനങ്ങൾ ലഭ്യമാക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന്നും ഇതിനാവശ്യമായ ലേബർ ബജറ്റ് ഉണ്ടാക്കണമെന്നും എംപി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. 
 
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, കൃഷി സഞ്ചായി യോജന, ഗ്രാമസഡക് യോജന, സ്വച്ഛ്ഭാരത് മിഷൻ, ആർഎംഎസ്എ, ഉച്ചഭക്ഷണ പദ്ധതി, എൻഎസ്എപി, എൻഎച്ച്എം, ഗ്രാമീൺ വൈദ്യുതീകരൺ യോജന, ദീൻദയാൽ ഉപാധ്യായ ഗ്രാംജ്യോതി യോജന, ദേശീയ ഗ്രാമീണ ഉപജീവന മിഷൻ തുടങ്ങിയ വിവധ പദ്ധതികൾ യോഗത്തിൽ അവലോകനം ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ  യോഗത്തിൽ ചർച്ച ചെയ്തു. കലക്ടർ ജി ആർ ഗോകുൽ, വിവിധ വകുപ്പ് തലവൻമാർ തുടങ്ങിയവർ പങ്കെടുത്തു. 
 
 
പ്രധാന വാർത്തകൾ
Top