Top
18
Saturday, November 2017
About UsE-Paper
ചെന്നിത്തലയുടെ ജാഥയെ സഹായിക്കാന്‍

ഫ്ളക്സ് ബോര്‍ഡ് നിരോധനം കാറ്റില്‍പറത്തി തൊടുപുഴ നഗരസഭ

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

 

 
തൊടുപുഴ > പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്ര ജില്ല പിന്നിടുന്നതുവരെ തൊടുപുഴ നഗരസഭയില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ എടുത്തുമാറ്റേണ്ടെന്ന നിലപാടിലുറച്ച് ഭരണപക്ഷം. ഏതാനും നാളുകള്‍ക്കുമുമ്പ് കേരള എന്‍ജിഒ യൂണിയന്‍ നഗരത്തില്‍ സ്ഥാപിച്ച തുണി ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചര്‍ച്ചക്കെത്തിയ ജീവനക്കാരെ പ്രകോപിപ്പിക്കുകയും ചെയ്ത ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, നഗരമാകെ നിരന്ന കോണ്‍ഗ്രസിന്റെ ഫ്ളക്സ് ബോര്‍ഡിന് മുന്നില്‍ കണ്ണടച്ചു. 
മാലിന്യനിര്‍മാര്‍ജനം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത കൌണ്‍സില്‍ യോഗത്തിലായിരുന്നു ചെയര്‍പേഴ്സന്റെയും ഭരണപക്ഷത്തിന്റെയും മലക്കംമറച്ചില്‍. നഗരമാകെ കോണ്‍ഗ്രസിന്റെ ഫ്ളക്സ്ബോര്‍ഡുകള്‍ നിരന്നിരിക്കുകയാണെന്നും  ഇടതുപക്ഷസംഘടനകളുടെ തുണിബോര്‍ഡുകള്‍ പോലും എടുത്തുമാറ്റാന്‍ ഉത്തരവിട്ട ചെയര്‍പേഴ്സണ്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടത് മുന്‍ ചെയര്‍മാന്‍ കൂടിയായ രാജീവ് പുഷ്പാംഗദനാണ്. നഗരസഭ ഫ്ളക്സ് നിരോധിച്ച തീരുമാനം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍, ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നഗരസഭ എന്തുകൊണ്ടാണ് തയാറാകാത്തതെന്ന് അദ്ദേഹം ആരാഞ്ഞു. എന്നാല്‍, ബോര്‍ഡ് നീക്കം ചെയ്യാന്‍ ഉത്തരവിടാതെ, പ്രത്യേക അജന്‍ഡയായി ഉള്‍പ്പെടുത്തി വേറെ കൌണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാമന്നായിരുന്നു ചെയര്‍പേഴ്സന്റെ മറുപടി. 
കോണ്‍ഗ്രസ് ജാഥ ജില്ല പിന്നിടുന്നതുവരെ ബോര്‍ഡുകള്‍ നീക്കാതിരിക്കുകയായിരുന്നു ഭരണപക്ഷത്തിന്റെ ലക്ഷ്യം. ഇതോടെ, നിരോധനം നിലനില്‍ക്കെ ഇപ്പോള്‍ നഗരത്തിലുള്ള ഫ്ളക്സ് ബോര്‍ഡുകളുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫിലെ കെ കെ ഷിംനാസ്, പി വി ഷിബു, കെ കെ ആര്‍ റഷീദ്, ബിന്‍സി അലി എന്നിവരും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ബോര്‍ഡ് നീക്കം ചെയ്യാന്‍ ചെയര്‍പേഴ്സണ് ധൈര്യമുണ്ടോ എന്ന കെ കെ ആര്‍ റഷീദിന്റെ ചോദ്യത്തിന് ധൈര്യമില്ലെന്നും ക്ഷോഭത്തോടെ സഫിയ ജബ്ബാര്‍ മറുപടി പറഞ്ഞു. രാഷ്ട്രീയപാര്‍ടികളുടെ സര്‍വകക്ഷിയോഗം വിളിച്ചു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവുവെന്ന് കെ കെ ഷിംനാസ് ആവശ്യപ്പെട്ടു. ഫ്ളക്സ് നിരോധിച്ചിട്ടുള്ള നഗരസഭാ കൌണ്‍സില്‍ യോഗത്തിന്റെ തീരുമാനം നിലനില്‍ക്കുകയാണെന്നും ഇത് കര്‍ശനമായി നടപ്പാക്കണമെന്നും ബിജെപിയിലെ ബാബു പരമേശ്വരനും ആവശ്യപ്പെട്ടു.