15 November Thursday
കൃഷിയെ പ്രളയം ബാധിച്ചു

വെയിൽ കനക്കുന്നു; കുടിവെള്ളവും കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

കനത്ത വേനലിൽ നീരൊഴുക്ക്‌ കുറഞ്ഞ തോട്‌. തൊടുപുഴ മണക്കാട്‌ നിന്നുള്ള ദൃശ്യം

 

 
തൊടുപുഴ 
പ്രളയം ബാക്കിവയ്ക്കുന്നത് കടുത്ത വേനലെന്ന് സൂചന നൽകി വെയിൽ കനക്കുന്നു. നഗര‐ ഗ്രാമ ജീവിതങ്ങൾ കുടിവെള്ളക്ഷാമ ഭീഷണിയിലാണ്. നാട്ടിൻപുറങ്ങളിലെ കിണറുകൾ വറ്റിത്തുടങ്ങി. വിളനാശമുണ്ടാക്കിയ സാമ്പത്തിക നഷ്ടത്തിനുപിന്നാലെയാണ് ജലക്ഷാമവും കാർഷികമേഖലയ്ക്ക് ഇരുട്ടടിയാകുന്നത്. 
 ജില്ലയുടെ ഗ്രാമപ്രദേശങ്ങൾ വേനൽക്കാലത്ത് ആശ്രയിക്കുന്നത് പ്രധാനമായും പഞ്ചായത്തുകൾ തനതായി രൂപീകരിച്ച കുടിവെള്ള പദ്ധതികളെയാണ്. താഴ്ന്ന പ്രദേശങ്ങളിൽ കിണറുകൾ കുഴിച്ച് അവയിൽനിന്ന് കുടിവെള്ളം വീടുകളിലെത്തിക്കുന്ന പ്രാദേശിക കൂട്ടായ്മാ പദ്ധതികളും നിലവിലുണ്ട്. എന്നാൽ, അവയെല്ലാം വരൾച്ചാഭീഷണിയുടെ നിഴലിലാണ്. പലയിടത്തും പമ്പിങ് സംവിധാനം തകരാറിലായി. അത് പരിഹരിച്ച് വെള്ളം ഉപയോക്താക്കൾക്കെത്തിക്കാനുള്ള പരിശ്രമത്തിലാണ് കൂട്ടായ്മകൾ. പക്ഷേ, അവയൊന്നും വേണ്ടത്ര വിജയം കണ്ടുതുടങ്ങിയിട്ടില്ല. 
ചന്തകളിൽ നാടൻവിഭവങ്ങളെത്താൻ വൈകുമെന്നാണ് സൂചന. മഴ തകർത്തെറിഞ്ഞ കൃഷിയിടങ്ങളിൽ പുതുനാമ്പുകൾ കിളിർക്കാൻ സമയമെടുക്കുമെന്നതുകൊണ്ടാണിത്. വീട്ടമുറ്റങ്ങളിൽ പച്ചക്കറി വളർത്താൻ ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച പദ്ധതികളും വരൾച്ചാഭീഷണിയിലാണ്. കാർഷികസംസ്കൃതിയുടെ വീണ്ടെടുപ്പിനായി പ്രഖ്യാപിച്ച പദ്ധതികൾക്കും അതിവർഷം കടുത്ത ക്ഷതമേൽപ്പിച്ചു. 
   ഓണത്തെ വരേൽക്കാൻ പ്രഖ്യാപിച്ച 'ഒരുമുറം പച്ചക്കറി' പദ്ധതിയേയും മഴക്കെടുതി ബാധിച്ചു. വാഴക്കൃഷിയിൽനിന്നുള്ള വരുമാനം പ്രതീക്ഷിച്ച കർഷകർ കടുത്ത നിരാശയിലാണ്. ഇടക്കാല കൃഷികളിൽനിന്നുള്ള വരുമാനനഷ്ടം മലയോരകർഷകർക്കുണ്ടാക്കിയത് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമെന്ന് കൃഷിവകുപ്പ്.
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയ്ക്കുപിന്നാലെയുണ്ടാകുന്ന വേനൽ ഭീഷണി അപരിചിതമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും സാക്ഷ്യപ്പെടുത്തുന്നു. തിമിർത്തുപെയ്ത കാലർഷത്തിന‌് പിന്നാലെയെത്തേണ്ട തുലാവർഷം ചതിക്കുമോയെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതിന‌് പകരം ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന സന്ദേശമാണ് കാലാവസ്ഥാ വ്യതിയാനം ബാക്കിവയ്ക്കുന്നതെന്ന് വിദഗ്ധർ.
,
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top