Top
23
Thursday, November 2017
About UsE-Paper

വര്‍ഗീയതയ്ക്കെതിരായ മതനിരപേക്ഷ നിലപാടും പ്രചാരണവും അനിവാര്യം: കെ കെ ജയചന്ദ്രന്‍

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
തൊടുപുഴയില്‍ നടന്ന ദേശാഭിമാനി ക്യാമ്പയിനില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് കരിങ്കുന്നം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി സി സണ്ണി ലിസ്റ്റും വരിസംഖ്യയും കൈമാറുന്നു

 തൊടുപുഴ > രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ ശക്തമായ ആശയപ്രചാരണം നടത്താനുള്ള കര്‍ത്തവ്യമാണ് ദേശാഭിമാനി ഏറ്റെടുത്തിട്ടുള്ളതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. തൊടുപുഴ ഏരിയയിലെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍, ലോക്കല്‍ - ഏരിയ കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ യോഗത്തില്‍ ദേശാഭിമാനി ദിനപത്രത്തിന്റെ വാര്‍ഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടന്നു കൊണ്ടിരിക്കുന്ന അതിനെതിരെ അവരെ അണിനിരത്താന്‍  ദേശാഭിമാനി പത്രത്തിന് കൂടുതല്‍ പ്രചാരം സൃഷ്ടിക്കുകയെന്നത് ഓരോ പാര്‍ടി പ്രവര്‍ത്തകന്റെയും കടമയാണ്. രാജ്യഭരണം കൈയാളുന്നവര്‍ തന്നെയാണ് ഇവിടെ വര്‍ഗീയ ഫാസിസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. നവോഥാനനായകരും അവരുടെ പാത പിന്തുടര്‍ന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനവും ചേര്‍ന്ന് തുടച്ചു നീക്കിയ ചാതുര്‍വര്‍ണ്യസംസ്കാരം തിരികെ കൊണ്ടുവരികയാണ് ഹിന്ദുത്വ അജണ്ടയുമായി രംഗത്തിറങ്ങുന്നവരുടെ ലക്ഷ്യം. 
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്താകെ കടുത്ത അക്രമണമാണ് നടക്കുന്നത്. ദലിതരെയും കൂട്ടക്കൊല ചെയ്യുന്നു. എഴുത്തുകാരെയും ചിന്തകരെയും ഭയപ്പെടുന്ന മതവര്‍ഗീയ വാദികള്‍ അവരെ കൊന്നൊടുക്കുകയാണ്. സിപിഐ എം മുന്നോട്ട് വെയ്ക്കുന്ന മതനിരപേക്ഷതയുടെ മുദ്രാവാക്യത്തെയാണ് രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. യുവസമൂഹവും ഈ നിലപാടിന് പിന്തുണയുമായുണ്ട്. 
കേരളത്തിലെയും ജെഎന്‍യു അടക്കമുള്ള യൂണിവേഴ്സിറ്റികളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐയ്ക്ക് അവര്‍ നല്‍കിയ കനത്ത വിജയം ഇതാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ലോക്കല്‍ കമ്മിറ്റികള്‍ ആദ്യഘട്ടമായി ചേര്‍ത്ത 36 വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയുമാണ് ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങിയത്. തൊടുപുഴ ഏരിയയില്‍ 2,500 വാര്‍ഷിക വരിക്കാരെ ചേര്‍ക്കും. അടുത്തഘട്ടം വരിസംഖ്യ 30ന് തൊടുപുഴയില്‍ മന്ത്രി എം എം മണി ഏറ്റുവാങ്ങും. യോഗത്തില്‍ ഏരിയ കമ്മിറ്റിയംഗം പി എം നാരായണന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി എന്നിവര്‍ പങ്കെടുത്തു. ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ സ്വാഗതം പറഞ്ഞു.