20 November Tuesday
21 ക്യാമ്പുകളിലും ജനങ്ങൾ സുരക്ഷിതർ

സമസ്തമേഖലകളിൽനിന്നും സഹായമെത്തിക്കും:﹣ അഡ്വ. ജോയ്സ് ജോർജ് എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 ചെറുതോണി

ജില്ലയിൽ പ്രവർത്തിക്കുന്ന 21 ദുരിതാശ്വാസ ക്യാമ്പുകളിലെ അംഗങ്ങളും പൂർണ സുരക്ഷിതരാണെന്നും സർക്കാർ പ്രവർത്തനത്തിൽ സംതൃപ്തിയാണ് അവർക്കുള്ളതെന്നും അഡ്വ. ജോയ്സ് ജോർജ് എംപി പറഞ്ഞു. കാലവർഷക്കെടുതിയിൽ ഒറ്റപ്പെട്ടുപോയ മാങ്കുളം പഞ്ചായത്ത് ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷമാണ് എംപി ഇക്കാര്യം പറഞ്ഞത്. 
   എണ്ണയിട്ട യന്ത്രംപോലെ സർക്കാർ സംവിധാനം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. തഹസിൽദാർ തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്. ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ വിഭാഗവും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പും പൊലീസും ക്യാമ്പുകളിൽ കൃത്യതയാർന്ന ഏകോപനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 
  ക്യാമ്പുകളിൽ ഭക്ഷണം, വസ്ത്രം, പായ, പുതപ്പ്, മരുന്നുകൾ കൂടാതെ വാർത്താവിവരങ്ങൾ അറിയുന്നതിനായി ടെലിവിഷൻ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ഒരിടത്തും കാര്യമായ പരാതികളില്ല. 
 
 
 ചെറുതോണി ടൗണുമായുളള ബന്ധം മുറിഞ്ഞുപോയ ഗാന്ധിനഗർ കോളനിയിലെ മൂന്നൂറോളം കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകൾ വഴി പ്രത്യേകസഹായത്തിനായി ഇടപെടൽ നടത്തിയിട്ടുണ്ടെന്നും എംപി അറിയിച്ചു. കുവൈറ്റിലെ ഇടുക്കി അസോസിയേഷൻ സംഘടന സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. അവർ ചൊവ്വാഴ‌്ച എത്തിച്ചേരുമെന്നും അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലെ ലയൺസ് ക്ലബ് ഉൾപ്പടെയുള്ള സന്നദ്ധ സംഘടനാ പ്രവർത്തകർ ക്യാമ്പുകളിൽ എത്തും. പെരിയാർ തീരവാസികളായ തടിയംപാട് പ്രദേശത്തെ വീട് നഷ്ടപ്പെട്ടവർക്കും സഹായങ്ങൾ എത്തിക്കാൻ പരിശ്രമിക്കുകയാണ്. 
  ചെറുതോണി മർച്ചന്റ് അസോസിയേഷൻ ഇപ്പോൾ തന്നെ ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകുന്നുണ്ട്. കട്ടപ്പന മർച്ചന്റ് അസോസിയേഷൻ, അഭിഭാഷക സംഘടനകൾ ഉൾപ്പടെയുള്ളവരോടെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അഭ്യർഥിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രദേശത്ത് കുറവുകൾ ഉണ്ടെങ്കിൽ നേരിട്ട് അറിയിച്ചാൽ ഉടൻ പരിഹാരം കാണുമെന്നും എംപി പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top