18 June Monday
നിരന്തര ഇടപെടലുകൾ ഫലം കണ്ടു

ജനങ്ങൾ കാത്തിരുന്ന തീരുമാനമെന്ന് ജോയ്സ് ജോർജ്‌ എംപി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
ചെറുതോണി
മലയോര ജനത കാത്തിരുന്ന ചരിത്രപരമായ തീരുമാനമാണ് മന്ത്രിസഭ യോഗത്തിലുണ്ടായതെന്ന്  ജോയ്സ് ജോർജ്‌ എംപി പറഞ്ഞു. മൂന്ന് മാസത്തോളമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്തിയ നിരന്തര ഇടപെടലുകൾ ഫലം കണ്ടത് ചാരിതാർഥ്യജനകമാണെന്നും ഇടുക്കിയിലെ കർഷകർക്ക് വേണ്ടി മുഖ്യമന്ത്രിക്കും സർക്കാരിനും അഭിവാദ്യം അർപ്പിക്കുന്നുവെന്നും എംപി പറഞ്ഞു. വനത്തിനുള്ളിൽ മാത്രമായി ഇഎസ്‌എ നിജപ്പെടുത്തി കാർഷിക‐ തോട്ടം‐ ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയെടുക്കുക എന്നതായിരുന്നു എക്കാലത്തേയും സുചിന്തിതമായ നിലപാട്. ഉമ്മൻ വി ഉമ്മൻ സമിതി റിപ്പോർട്ടിൽ പിഴവുകൾ ഉണ്ടായിരുന്നുവെന്ന് അന്നേ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അംഗീകരിക്കാൻ അന്നത്തെ സർക്കാർ തയ്യാറായിരുന്നില്ല. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും 1337.24 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശത്തെ ഒഴിവാക്കിയെടുത്ത് കേരളത്തിലെ കർഷകരെ രക്ഷിക്കാൻ പിണറായി സർക്കാർ ഇച്ഛാശക്തി പ്രകടിപ്പിച്ചത് ശ്ലാഘനീയമാണ്. 
 
   മുൻ സർക്കാരിന്റെ കാലത്ത് 123 വില്ലേജുകളും വനമാണെന്ന് സ്ഥാപിച്ച് വനം വകുപ്പ് റിപ്പോർട്ടും ഭൂപടവും തയ്യാറാക്കിയിരുന്നത് കർഷകർ മറന്നിട്ടില്ലെന്നും എംപി ചൂണ്ടിക്കാണിച്ചു. 2014 ആഗസ്‌തിൽ പാർലമെന്റിലെ തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ കസ്തൂരി രംഗൻ റിപ്പോർട്ടിൽ നിന്നും കൃഷി തോട്ടം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം അംഗീകരിക്കാൻ തയ്യാറാണെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പാർലമെന്റിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന് അനുബന്ധമായ രേഖകൾ സമയബന്ധിതമായി നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ല.  നാലു വർഷം കേന്ദ്ര സർക്കാരിലും സംസ്ഥാന സർക്കാരിലും നിരന്തരമായി നടത്തിയ പ്രവർത്തനങ്ങളാണ് ഇപ്പോൾ വിജയം കാണുന്നതെന്നും എംപി പറഞ്ഞു.
     ജില്ലയിലെ 23 വില്ലേജുകളും പൂർണമായും ഇഎസ്‌എ യിൽ നിന്നും ഒഴിവാക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റവന്യൂ, വനം, പരിസ്ഥിതി വകുപ്പുകൾ ക്രിയാത്മകവും സമയബന്ധിതവുമായ പ്രവർത്തനങ്ങളാണ് നടത്തിയത്. വൈദ്യുതി മന്ത്രി എം എം  മണിയും ജില്ലയിൽ നിന്നുള്ള ഇടതുപക്ഷ നേതാക്കളും അതീവ സൂഷ്മതയോടും ജാഗ്രതയോടും ഓരോ ഘട്ടത്തിലും നടത്തിയ ശക്തമായ ഇടപെടലുകളും മന്ത്രിസഭാ തീരുമാനത്തിലേക്കെത്തുന്നതിന് സഹായകരമായി.  സ്വന്തം ഭൂമിയിൽ നിന്നും അന്യവൽക്കരിക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരെ ഉയർന്നു വന്ന ചെറുത്തു നിൽപ്പിനും പ്രക്ഷോഭങ്ങൾക്കും  നേതൃത്വം നൽകിയ എല്ലാ കർഷക സംഘടനകൾക്കും അഭിമാനിക്കാവുന്ന മുഹൂർത്തമാണിതെന്നും എംപി കൂട്ടിച്ചേർത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top