11 December Tuesday
കസ്തൂരിരംഗൻ

അന്തിമ റിപ്പോർട്ടും ഭൂപടവും അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

 

 
 
ചെറുതോണി
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ നിന്നും കൃഷി, തോട്ടം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകുന്നതിനായി തയ്യാറാക്കിയ അന്തിമ ഭൂപടവും റിപ്പോർട്ടും സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. ഈ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ ജനങ്ങൾ കഴിഞ്ഞ ആറ് വർഷമായി ഉയർത്തുന്ന ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിട്ടുള്ളത്. 2014 മാർച്ച് പത്തിന് എസ്‌ഒ 733 എഫ് നമ്പരായി പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് 92 ആയി ചുരുക്കി. വനത്തിനുള്ളിൽ മാത്രം ഇഎസ്‌എ നിജപ്പെടുത്തി മറ്റ് മേഖലകളെ ഒഴിവാക്കുന്നതിനുള്ള ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് 31 വില്ലേജുകൾ പൂർണമായും ഒഴിവാക്കപ്പെട്ടത്. കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ പരിസ്ഥിതിലോല മേഖലയുടെ ആകെ വിസ്തീർണം 9993.7 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. ഇതിൽ 9107 ച.കി.മീറ്റർ വനപ്രദേശവും 886 ച.കി.മീറ്റർ വനമല്ലാത്ത ഭൂപ്രദേശവും ആയിരുന്നു. ഗ്രൗണ്ട് ട്രൂത്തിംങ്ങ് നടത്തി പുതിയതായി തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ ഇഎസ്എ വിസ്തീർണം 8656.46 ച. കി.മീറ്റർ ആണ്. ഇഎസ്‌എ വിസ്തീർണത്തിൽ 1337.24 ച.കി.മീറ്ററിന്റെ കുറവുണ്ടാവുകയും വില്ലേജുകളുടെ എണ്ണം 92 ആയി കുറയുകയും ചെയ്തു എന്നതാണ് പ്രത്യേകത. 
 
2013 നവംബർ 13ന് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് കേരളത്തിൽ 13204. 25 ച.കിലോമീറ്റർ ആണ് ഇഎസ്‌എ ആയി പ്രഖ്യാപിച്ചിരുന്നത്. തോടുകളും പുഴകളും ചതുപ്പും പുറമ്പോക്കും ഇഎസ്എ യിൽ ഉൾപ്പെടുത്തിയാണ് ഉമ്മൻ സമിതി റിപ്പോർട്ട് നൽകിയത്. ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയുടെ പിഴവുകൾ അപ്പാടെ തിരുത്തിക്കൊണ്ടാണ് ബുധനാഴ്ച മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ റിപ്പോർട്ട്. ഇഎസ്‌എ ആക്കുന്നതിനായി ഉമ്മൻ സമിതി ശുപാർശ ചെയ്തതിൽ നിന്നും 1337.24 ച.കി.മീറ്റർ കുറച്ചിട്ടുള്ളതാണ് പുതിയ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ ആറ്‌ വില്ലേജുകളിലായി 432.88 ച.കി.മീറ്ററും കൊല്ലത്ത് എട്ട്‌ വില്ലേജുകളിലായി 751.90 ച.കി.മീറ്ററുമാണ്‌  ഇഎസ്എ. പത്തനംതിട്ടയിൽ ആറ്‌ വില്ലേജിലായി 1325.96 ഉം ഇടുക്കിയിൽ 1824.43 മാണ്. എറണാകുളത്ത് 499.97 ഉം തൃശ്ശൂരിൽ 684.79 ഉം പാലക്കാട് 1285.07 മാണ്. 672.09 മലപ്പുറത്തും 246.49 കോഴിക്കോടുമുണ്ട്. വയനാട്ടിൽ 717.42 ചതുരശ്ര കിലോമീറ്ററും കണ്ണൂരിൽ 215.46 മാണ്. ആകെ 8656.46. 31 വില്ലേജുകളാണ് സമ്പൂർണമായി ഇഎസ്‌എ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടത്. ഇടുക്കിയിൽ 23 വില്ലേജും പാലക്കാട്ടും വയനാടും തിരുവനന്തപുരത്തും ഓരോ വില്ലേജുകൾ വീതവും കോട്ടയം ജില്ലയിൽ അഞ്ച് വില്ലേജുകളുമാണ് ഒഴിവാക്കപ്പെട്ടത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top