21 October Sunday

സ്ഥാനമൊഴിയുന്നത് നിലപാടുകള്‍ സധൈര്യം വിളിച്ചുപറഞ്ഞ സാധാരണക്കാരുടെ വലിയ ഇടയന്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

 ചെറുതോണി > കുടിയേറ്റ ജനതയുടെ അവകാശപോരാട്ടങ്ങള്‍ക്ക് ശക്തിയും ആവേശവുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിരമിക്കുന്നത് നിറഞ്ഞ സംതൃപ്തിയോടെ. സത്യസന്ധമായ അഭിപ്രായങ്ങളും, വ്യക്തമായ നിലപാടുകളുംകൊണ്ട് സാധാരണക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ആത്മീയഗുരു മലയോരജനതയെ നയിച്ചത് എന്നും ശരിയായ ദിശയില്‍.

  ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പ്രതികൂലമായി ബാധിച്ചപ്പോള്‍ ആനിക്കുഴിക്കാട്ടില്‍ പിതാവ് എന്നും നിലയുറപ്പിച്ചത് കുടിയേറ്റജനതയ്ക്കൊപ്പം. കര്‍ഷകന്റെ കരുത്തും ഇടയന്റെ ഇച്ഛാശക്തിയും കൈമുതലായി സൂക്ഷിച്ച പാവപ്പെട്ടവരുടെ പിതാവ് എക്കാലവും സ്വാര്‍ഥമതികളുടെ കണ്ണിലെ കരടായിരുന്നു. വിശപ്പിന്റെയും വേദനയുടേയും കഥകള്‍ ആരും പറഞ്ഞറിഞ്ഞതോ, വായിച്ചറിഞ്ഞതോ അല്ല. പിതാവ് അനുഭവിച്ചറിഞ്ഞതാണ്. വയറ്റില്‍ എരിയുന്ന വിശപ്പിന്റെ അഗ്നികൊണ്ട് കുളിരകറ്റി വളര്‍ന്ന ദാരിദ്യ്രത്തിന്റെ ബാല്യകാലം പില്‍ക്കാലത്ത് ഉള്‍ക്കരുത്തും, ഊര്‍ജവുമായി മാറി.
  2003 ല്‍ ഇടുക്കി രൂപതയുടെ ഇടയാനായി ചുമതലയേല്‍ക്കുമ്പോള്‍ ഒരു നാടിന്റെ ദുഃഖവും നെടുവീര്‍പ്പും ഒന്നാകെ ഹൃദയത്തില്‍ സ്വീകരിച്ചാണ് പ്രഥമ ബിഷപ്പാകുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ കുടിയേറ്റ ജനതയെ സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കാന്‍ യുപിഎ സര്‍ക്കാര്‍ ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ സാധാരണക്കാരോടൊപ്പം തെരുവിലേക്കിറങ്ങാന്‍ പദവികള്‍ തടസ്സമായില്ല. 
   ഇടതുപക്ഷ പ്രസ്ഥാനവുമായി യോജിച്ച് നടത്തിയ സമാനതകളില്ലാത്ത കര്‍ഷകപ്രക്ഷോഭം ഇടുക്കിയുടെ ചരിത്രത്തിന്റെ ഭാഗമായി. പോരാട്ടത്തിന്റെ പാതയില്‍ 48 മണിക്കൂര്‍ തെരുവുവാസ സമരത്തിന്റെ മുന്‍നിരയില്‍ കപ്പയും, മുളകും കഴിച്ച് റോഡില്‍ ഇരുന്നപ്പോള്‍ കോണ്‍ഗ്രസ് ഭരണകൂടം ഞെട്ടിത്തരിച്ചതും ഇടുക്കിയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ കരുത്തായി. 
അരനൂറ്റാണ്ടിലധികമായി പട്ടയം നല്‍കാതെ കബളിപ്പിച്ച യുഡിഎഫ്‘ഭരണസംവിധാനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിണറായി വിജയന്‍ സര്‍ക്കാര്‍ 1964 ലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്തപ്പോള്‍ ഇടുക്കിയില്‍ മാറ്റം ദൃശ്യമായെന്ന് ആനിക്കുഴിക്കാട്ടില്‍ പ്രതികരിച്ചിരുന്നു. 
  കൃഷിയെ ബൈബിളിനോടൊപ്പം സ്നേഹിച്ച ആത്മീയ ഇടയന്‍ രൂപതയില്‍ കര്‍ഷക മുന്നേറ്റത്തിന് രൂപം നല്‍കി. രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനായി ഹൈറേഞ്ച് സംരക്ഷണ സമിതി രൂപീകരിച്ചു. സമീപകാലത്ത് കേരളത്തിലുണ്ടായ ഏറ്റവും വലിയ സാമൂഹ്യ മുന്നേറ്റമായിരുന്നു അത്. സി കെ മോഹനനെയും, ആര്‍ മണിക്കുട്ടനെയും മുഹമ്മദ് റഫീഖ് അല്‍ കൌസരിയെയും ചേര്‍ത്ത് മതേതരത്വത്തിന്റെ പ്രതീകമായി ആ സംഘടനയെ നിലനിര്‍ത്തുന്നതിന് വലിയ പങ്കുവഹിച്ചു. പല്ലും, നഖവും ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം ഹൈറേഞ്ച് സംരക്ഷണ സമിതിയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭയമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായിരുന്നു പിതാവിന്റെ ഉപദേശം. സ്വാമിനാഥന്‍ കമീഷന്‍ കാര്‍ഷിക പ്രശ്നങ്ങള്‍ പഠിക്കാനായി ഇടുക്കിയിലെത്തിയപ്പോള്‍ ആനിക്കുഴിക്കാട്ടില്‍ പിതാവ് നേരിട്ടെത്തി കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. 
 ബാലാരിഷ്ടതയിലായിരുന്ന ഇടുക്കി രൂപതയെ ആത്മികവുംഭൌതികവും, സാമൂഹികവുമായി മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാര്‍സ്ളീവാ കോളേജ്, മൈനര്‍ സെമിനാരി, കരിമ്പന്‍ ഷോപ്പിങ് കോംപ്ളക്സ്, വൈദിക വിശ്രമകേന്ദ്രം, രൂപത കാര്യാലയം ഉള്‍പ്പടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 50000 കുടുംബങ്ങളും രണ്ടര ലക്ഷംഅംഗങ്ങളും, 154 വൈദികരും, 125 ഇടവകകളുമുള്ള ഇടുക്കി രൂപതയുടെ ആത്മീയ തേജസായ ആനിക്കുഴിക്കാട്ടില്‍ പിതാവ് ഇനി വിശ്രമിക്കാനൊരുങ്ങുമ്പോള്‍ ഒരു നാടിന്റെയാകെ പിന്തുണയും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നുറപ്പ്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top