20 September Thursday

കോണ്‍ഗ്രസ് ആക്രമണം; എല്‍ഡിഎഫ് പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 അടിമാലി 

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് തേജസ് കെ ജോസ‌്, സിപിഐ എം ഏരിയ സെക്രട്ടറി ടി കെ ഷാജി എന്നിവരെ കോൺഗ്രസ് ഓഫീസ് കേന്ദ്രീകരിച്ച് ആക്രമിക്കുകയും അടിമാലിയിൽ ചോരക്കളം തീർക്കുകയും ചെയ‌്തതിൽ വ്യാപക പ്രതിഷേധം. ചൊവ്വാഴ്ചയാണ് എസ്എഫ്ഐ പ്രകടനത്തിന് നേരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽനിന്നും ബിയർ കുപ്പി എറിഞ്ഞ് ആക്രമിച്ചത്. ആക്രമണത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് തേജസ് കെ ജോസിന് തലയ‌്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞെത്തിയ സിപിഐ എം ഏരിയ സെക്രട്ടറി ടി കെ ഷാജിയെയും കോൺഗ്രസ് ഗുണ്ടകൾ മദ്യ കുപ്പിക്ക് ആക്രമിക്കുകയായിരുന്നു. 
 
 
   ഇരുപതോളം വരുന്ന സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്ക്‌ പരിക്കേറ്റു. കോൺഗ്രസ‌് ആക്രമണത്തിൽ പ്രതിഷേധിച്ച‌് എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. 
അടിമാലി മാർ ബസേലിയോസ് കോളേജിലും കാർമ്മൽ ജ്യോതി കോളേജിലും വിജയിച്ച എസ‌്എഫ‌്ഐ പ്രതിനിധികളുമായി ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയാണ് കോൺഗ്രസ് ഓഫീസിൽ മദ്യപിച്ചിരുന്ന ഗുണ്ടകൾ ബിയർ, മദ്യകുപ്പികൾ പ്രവർത്തകർക്ക് നേരേ എറിഞ്ഞത്. രാവിലെ കാർമ്മൽ ജ്യോതി കോളേജിൽ കെഎസ‌്‌യു ഗുണ്ടകൾ പ്രകോപനം ഉണ്ടാക്കിയിരുന്നു. അതിനുശേഷം ഓഫീസിൽ ശേഖരിച്ചിരുന്ന മദ്യം കഴിച്ച് ലക്ക്കെട്ട യൂത്ത് കോൺഗ്രസ്, കെഎസ‌്‌യു ഗുണ്ടകൾ ടൗണിൽ ഇറങ്ങി ആദ്യം പ്രകോപനമുണ്ടാക്കിയിരുന്നു. നാട്ടുകാർ ബഹളമുണ്ടാക്കിയതോടെ ഇവർ റോഡിൽനിന്നും വീണ്ടും ഓഫീസിലെത്തി മദ്യപിച്ചു. 
മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്കൂൾ വിദ്യാർഥികൾക്ക് മദ്യം നൽകിയത്. കുട്ടികൾ മദ്യപിച്ച് വീട്ടിലെത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് കോൺഗ്രസ് ഓഫീസിൽ നിന്നാണ് ലഭിച്ചതെന്ന് അറിയുന്നത്. ചില രക്ഷിതാക്കൾ ഓഫീസിലെത്തി ബഹളം വച്ചതായും അറിയുന്നു. കോൺഗ്രസ് ഓഫീസിലെ മദ്യപാനത്തിനെതിരെ സമീപത്തെ ചില വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി വിനു സ്കറിയ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എൽഡിഎഫ് നേതാക്കളായ എം എൻ മോഹനൻ, കെ ആർ ജയൻ, ചാണ്ടി പി അലക്സാണ്ടർ, എം കമറുദീൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി ഡി ഷാജി സ്വാഗതം പറഞ്ഞു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top