20 July Friday

അക്ഷരനഗരിയില്‍ ഇന്ന് അറിവരങ്ങ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

 കോട്ടയം > നാട്ടൊരുമയുടെ ആഘോഷവേദിയായ ദേശാഭിമാനി 'അറിവരങ്ങി'ന്റെ പ്രഥമ ജില്ലാതല മത്സരങ്ങള്‍ കോട്ടയത്ത് ഞായറാഴ്ച നടക്കും. രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന സിഎംഎസ് കോളേജില്‍ പ്രത്യേകം സജ്ജമാക്കിയ എട്ടു വേദികളിലാണ് ക്വിസ് മത്സരവും കലാപരിപാടികളും നടക്കുക. സംഘഗാനം, നാടന്‍പാട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിലും കവിതാലാപനം, ക്വിസ് എന്നീ വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരം. ജില്ലയിലെ അഞ്ച് താലൂക്ക്തല  മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുക.

അഞ്ചു വയസു മുതല്‍ 12 വരെ, 13 മുതല്‍ 18 വരെ, 19 മുതല്‍ 35 വരെ, 35 നു മുകളിലേക്ക് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. താലൂക്ക്തല വിജയിയാണെന്ന സാക്ഷ്യപത്രം രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കണം. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. 9.30 ന് ഉദ്ഘാടനസമ്മേളനത്തിനു ശേഷം മത്സരങ്ങള്‍ തുടങ്ങും. മത്സരം തുടങ്ങിയാലുടന്‍ രജിസ്ട്രേഷന്‍ അവസാനിപ്പിക്കും. 
മുഖ്യവേദിയായ സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിന് സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. കാവാലം നാരായണപ്പണിക്കര്‍, അഭയദേവ്, കുമരകം രാജപ്പന്‍ എന്നിവരുടെ പേരിലും വേദികളൊരുക്കും. സംഘഗാനം വേദി രണ്ട്, മൂന്ന് എന്നിവിടങ്ങളിലും നാടന്‍പാട്ട് വേദി ഒന്ന്, നാല് എന്നിവിടങ്ങളിലും കവിതാപാരായണം മൂന്ന്, നാല് വേദികളിലും നടക്കും. അഞ്ച് മുതല്‍ എട്ടുവരെയുള്ള വേദികളിലാണ് ക്വിസ് മത്സരം. ജില്ലാതലത്തില്‍ ഗ്രൂപ്പ് ഇനത്തിലെ വിജയികള്‍ക്ക് യഥാക്രമം 20,000, 10,000 രൂപ സമ്മാനമായി കിട്ടും. വ്യക്തിഗത ഇനങ്ങള്‍ക്ക് 10,000, 5000 രൂപയാണ് സമ്മാനം.
ഉദ്ഘാടന ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ടി ജോസഫ്, സി ജെ ജോസഫ്, എ വി റസ്സല്‍, ടി ആര്‍ രഘുനാഥന്‍, ജില്ലാ കമ്മിറ്റിയംഗം കെ അനില്‍കുമാര്‍, കോട്ടയം ഏരിയ സെക്രട്ടറി എം കെ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുക്കും. സമാപനസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. കെ സുരേഷ്കുറുപ്പ് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.
 
പ്രധാന വാർത്തകൾ
Top