12 December Wednesday

മധുവിധു തീർന്നില്ല; നവദമ്പതികൾ എരിഞ്ഞടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

വിവേകും ദിവ്യയും

 മറയൂർ > ഞായറാഴ്ച തമിഴ്നാട്ടിലെ തേനി കൊരങ്ങണി മലയിൽ ട്രക്കിങ്ങിനിടെ തീപിടിത്തത്തിൽ മരണപ്പെട്ട വിവേകിന്റെയും ദിവ്യയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് കാട്ടുതീയുടെ രൂപത്തിൽ ദാരുണാന്ത്യം എത്തുന്നത്. ഈറോഡ് സ്വദേശികളായ വിവേകും ദിവ്യയും ബാല്യകാലം മുതലേ ഒരുമിച്ച് പഠിച്ചവർ ആയിരുന്നു. വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ടവാരായിട്ടും ബന്ധുക്കളുടെ എതിർപ്പുകളെ അവഗണിച്ച് മാതാവിന്റെയും മാതൃസഹോദരിയുടെയും അനുവാദത്തോടെ മൂന്ന് മാസം മുമ്പാണ്  ഇവർ വിവാഹിതരായത്. ചെറുപ്പം മുതലെ പഠനത്തിൽ മിടുക്കരായിരുന്ന ഇരുവരും ജോലി ലഭിച്ച ശേഷമാണ് വിവാഹിതരായത്. വിവേക് ദുബായിൽ എൻജിനിയറും ദിവ്യ തമിഴ്നാട്ടിലെ ഗോപിചെട്ടിപ്പാളയം എൻജിനിയറിങ് കോളേജിൽ അധ്യാപികയുമായിരുന്നു.

വിവാഹശേഷം ദുബായിലേക്ക് മടങ്ങിയ വിവേക് കുറച്ച്‌ ദിവസങ്ങൾക്ക്‌  ശേഷം മടങ്ങിയെത്തി. ഈ ദിവസങ്ങൾ കൊണ്ട് ഇരുവരുടെയും ബാല്യകാലം മുതലുള്ള ചിത്രങ്ങൾ ശേഖരിച്ച് വീട് മുഴുവൻ അലങ്കരിച്ച് വിവേകിനെ അത്ഭുതപ്പെടുത്തിയാണ് സ്വീകരിച്ചതെന്ന് മാതൃ സഹോദരിയായ അമുതവല്ലി ആശുപത്രി സ്പെഷ്യൽ വാർഡിന് മുന്നിൽ കരഞ്ഞുകൊണ്ട് പറഞ്ഞു.
 ദുബായിൽ നിന്നും മടങ്ങിയെത്തിയ വിവേകിനോട് ഇന്തോനേഷ്യയിലേക്ക് യാത്ര നടത്താമെന്നാണ് ദിവ്യ പറഞ്ഞത്. എന്നാൽ പരിസ്ഥിതി സ്നേഹിയും ഫോട്ടോഗ്രാഫിയോട് കമ്പവുമുള്ള വിവേക്  ചെന്നൈ ട്രക്കിങ്‌ ക്ലബ് മുഖേന കൊരങ്ങിണി, മൂന്നാർ മേഖലകൾ സന്ദർശിച്ച ശേഷം വിദേശയാത്ര നടത്താമെന്ന് നിശ്ചയിച്ചാണ് തേനിയിലേക്ക് എത്തിയത്. ശരീരമാസകലം പൊള്ളലേറ്റ് പാറയിടുക്കിൽ കിടന്നിരുന്ന വിവേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മധുര ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദിവ്യയും മരിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top