Top
22
Monday, January 2018
About UsE-Paper

നാളികേര പ്രതിസന്ധി ബഹുവിധം

Saturday Jan 13, 2018
വെബ് ഡെസ്‌ക്‌

 

 
കരിമണ്ണൂര്‍ > കേരളത്തിന്റെ തനത് കൃഷിയായിരുന്ന നാളികേരം ലോറേഞ്ച് മേഖലകളില്‍ കിട്ടാക്കനിയാകുന്നു. നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും സാമന്യം മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും ലോറേഞ്ച് മേഖല അന്യസംസ്ഥാനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.
  നാളികേരത്തിന് കിലോഗ്രാമിന് 55 രൂപയും വെളിച്ചെണ്ണയ്ക്ക് 230 രൂപയുമാണ് മാര്‍ക്കറ്റ് വില. മലയാളിയുടെ ഭക്ഷണത്തിന് ഒഴിച്ചുകൂട്ടാനാവാത്ത നാളികേരം വന്‍ വിലകൊടുത്തുവാങ്ങാന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയാണ്. തെങ്ങിന്‍ തോപ്പുകള്‍ റബര്‍ തോട്ടങ്ങള്‍ക്ക് വഴിമാറിയതും മണ്ടരി രോഗവും തേങ്ങയുടെ ഉല്‍പാദനം കുറയാനുള്ള കാരണമായി. ഇതോടെ നാളികേരവും കൊപ്രയുമായി ബന്ധപ്പെട്ട മില്ലുകളുടെ എണ്ണവും കുത്തനെ കുറഞ്ഞു. തൊടുപുഴ പട്ടണത്തില്‍ നാല്‍പതോളം കൊപ്രാ ആട്ടുന്ന മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത് ഇപ്പോള്‍ നാലോ അഞ്ചോ ആയി കുറഞ്ഞു. നിലവിലുള്ളവര്‍ നാട്ടില്‍ നാളികേരം ലഭിക്കാത്തതിനാല്‍ തമിഴ്നാട്ടില്‍നിന്നും പാലക്കാട്ടുനിന്നുമാണ് കൂടുതല്‍ വിലനല്‍കി തേങ്ങ എത്തിക്കുന്നത്.
 
  നാട്ടിന്‍പുറങ്ങളില്‍ 5000നാളികേരം ശരാശരി ലഭിച്ചിരുന്ന കര്‍ഷകന് 500 പോലും തികച്ച് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ല. നാളികേര വില കുത്തനെ ഇടിയുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ റബ്ബര്‍ കൃഷിയിലേക്ക് കടന്നത്. 
  തെങ്ങിന്‍തോപ്പുകളില്‍ റബര്‍ മരങ്ങള്‍ വളര്‍ന്നതോടെ തെങ്ങുകളുടെ കായ്ഫലം കുറയുകയും താനെ നശിക്കുകയും ചെയ്തു. പുതുതായി തെങ്ങുകൃഷിചെയ്യാന്‍ കര്‍ഷകര്‍ താല്‍പര്യം കാണിക്കുന്നുമില്ല. 
 നാളികേരത്തിന്റെ ദൌര്‍ലഭ്യം ചൂഷണം ചെയ്ത് തമിഴ്നാട്ടില്‍നിന്നും ലോഡ് കണക്കിന് നാളികേരമാണ് കേരളത്തിലെത്തിച്ച് വില്‍പന നടത്തുന്നത്. കേരളത്തിലെ നാളികേരത്തിന്റെ ഗുണനിലവാരം ഇല്ലെങ്കിലും നല്ല വിലനല്‍കി ഇത് വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കൊപ്രാ മില്ലുകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മില്ലുകാരും പാലക്കാട്ടുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിക്കുന്ന തേങ്ങയാണ് എണ്ണ ഉല്‍പാദനത്തിന് ഉപയോഗിക്കുന്നത്്. കൊപ്രാ ഉല്‍പാദനം കുറഞ്ഞതോടെ  കൊച്ചിയില്‍നിന്ന് വെളിച്ചെണ്ണ കയറ്റി അയക്കുന്നത് നിലച്ചതായി ചില വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. തമിഴ്നാട്ടിലെ കാങ്കയം,  വെള്ളകോവില്‍ എന്നിവിടങ്ങളില്‍ നാളികേരവുമായി ബന്ധപ്പെട്ട് മികച്ച വ്യാപാരമാണ് ഇപ്പോള്‍ നടക്കുന്നത്.