Top
25
Saturday, November 2017
About UsE-Paper

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പീരുമേട് എച്ച്എസ് വിഭാഗം ജേതാക്കള്‍

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
എല്‍പി വിഭാഗം മത്സരത്തില്‍നിന്ന്

 ചെറുതോണി > "ലോകം മാറ്റി മറിയ്ക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം'' വര്‍ണവെറിയ്ക്കെതിരെ ധീരോദാത്തം പൊരുതി ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കപ്പെട്ട ശേഷം പിന്നീട് രാഷ്ട്രത്തലവനായി ഉയര്‍ന്ന നെല്‍സണ്‍ മണ്ടേലയുടേതാണ് ഈ വാക്കുകളെന്ന് പിഴയ്ക്കാതെ ഉത്തരമെഴുതിയവര്‍ അറിവിനെ സംബന്ധിച്ചുള്ള ഈ ഉദ്ധരണിയ്ക്ക് അടിവരയിട്ടു. വാശിയേറിയ ഹൈസ്കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ ആദ്യന്തം നിഴലിച്ചത് ഇഞ്ചോടിഞ്ച് പേരാട്ടം. 

ആദ്യ 20 ചോദ്യം പിന്നിട്ടപ്പോള്‍ ഒരു പൊയിന്റിന്റെ മുന്‍തൂക്കത്തില്‍ പീരുമേട് സബ്ജില്ല ടീം ഒന്നാമതെത്തി. ചിന്നാര്‍ സെന്റ് ജോസഫ് എച്ച്എസിലെ മെറീന റെജിയും കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഇഎം എച്ച്എസ്എസിലെ വന്ദന ബി ശങ്കറുമാണ് ജേതാക്കളായത്. ഒമ്പതു പൊയിന്റുകള്‍ വീതം നേടിയ നാലു ടീമുകള്‍ രണ്ടാം സ്ഥാനത്തിനു വേണ്ടി ടൈബ്രേക്കില്‍ മാറ്റുരച്ചു. മൂന്നു ചോദ്യങ്ങള്‍ കൂടി നല്‍കിയെങ്കിലും രണ്ടു ടീമുകള്‍ തുല്യനിലയില്‍ നിന്നു. അടുത്തഘട്ടം ടൈബ്രേക്കില്‍ രണ്ടു ശരിയുത്തരങ്ങള്‍ നല്‍കി കട്ടപ്പന സബ്ജില്ല രണ്ടാംസ്ഥാനം കൈപ്പിടിയിലൊതുക്കി. കട്ടപ്പന എസ്ജി എച്ച്എസ്എസിലെ ചാള്‍സ് ഫ്രാന്‍സീസും വെള്ളയാംകുടി എസ്ജെ എച്ച്എസ്എസിലെ ജോയല്‍ സെബാസ്റ്റ്യനുമാണ് രണ്ടാംസ്ഥാനം നേടിയത്.
 
എംജി സര്‍വകലാശാലാ സെക്ഷന്‍ ഓഫീസര്‍ കുമളി വിശ്വനാഥപുരം പെരിയമന ബിമല്‍ ശങ്കറിന്റെയും അമരാവതി ജിഎച്ച്എസ് അധ്യാപിക ആശാലതയുടെയും മകളാണ് വന്ദന ബി ശങ്കര്‍. അക്ഷരമുറ്റം നാലും അഞ്ചും സീസണുകളില്‍ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും ആറാം സീസണില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ദേശാഭിമാനി അറിവരങ്ങ് സാംസ്കാരികോത്സവത്തിലും ക്വിസ് മത്സരജേത്രിയായി. ജില്ലാ സ്കൂള്‍ ഗണിത ശാസ്ത്രമേളയിലെയും വിജയിയാണ്. ചിന്നാര്‍ ഇരട്ടമുണ്ടയ്ക്കല്‍ റെജി ജോസഫിന്റെയും ചീന്തലാര്‍ ജിഎല്‍പിഎസ് അധ്യാപിക ടി ലെനിയുടെയും മകളാണ് മെറീന റെജി. കര്‍ഷകനായ കട്ടപ്പന തണ്ണിപ്പാറയില്‍ ടി എം ഫ്രാന്‍സീസ്- ഗ്രേസി ഫ്രാന്‍സിസ് ദമ്പതികളുടെ മകനാണ് ചാള്‍സ് ഫ്രാന്‍സിസ്. അറിവരങ്ങ് ജിലാതല ക്വിസിലെയും സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിലെയും വിജയിയുമാണ്. ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് അധ്യാപകന്‍ മുണ്ടൂപ്പറമ്പില്‍ സെബാസ്റ്റ്യന്‍ മാത്യുവിന്റെയും വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസ് അധ്യാപിക ബിന്ദു ജേക്കബിന്റെയും മകനാണ് ജോയല്‍ സെബാസ്റ്റ്യന്‍.