Top
17
Sunday, December 2017
About UsE-Paper
മണ്ഡലകാലം ‘

തീര്‍ഥാടക ലക്ഷങ്ങള്‍ക്കായി ജില്ലയില്‍ സൌകര്യങ്ങളൊരുങ്ങുന്നു

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം ഒരുക്കങ്ങള്‍ക്കായി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജായ്സ് ജോര്‍ജ് എംപി സംസാരിക്കുന്നു

 ഇടുക്കി > മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് അടിസ്ഥാനസൌകര്യങ്ങളൊരുക്കാന്‍ നടപടികളായി. തീര്‍ഥാടകര്‍ക്ക് മതിയായ സുരക്ഷയും ഉറപ്പ് വരുത്തും. മണ്ഡലകാല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തുന്ന സൌകര്യങ്ങളെക്കുറിച്ച് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. തീര്‍ഥാടകര്‍ക്ക് സുഗമമായ തീര്‍ഥാടനത്തിന് മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിന് പശ്ചാത്തല സൌകര്യങ്ങളുടെ അപര്യാപ്തത പരിഹരിച്ച് സമയബന്ധിതമായി നടപടികള്‍ ആരംഭിക്കുമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എംപി പറഞ്ഞു. സുഗമമായ യാത്രാസൌകര്യത്തിനും സുരക്ഷക്കും റോഡുകളുടെ അറ്റകുറ്റപണികള്‍ നേരത്തെതന്നെ ആരംഭിക്കണം. ഗതാഗത തിരക്ക് കുറയ്ക്കുന്നതിന് അനുബന്ധ പാതകളും ബൈപ്പാസുകളും ഉപയോഗപ്പെടുത്തണം. വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് നിലവിലുള്ള സൌകര്യം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും എംപി നിര്‍ദ്ദേശിച്ചു.

 

 വിവിധ വകുപ്പുമേധാവികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ കലക്ടര്‍ ജി ആര്‍ ഗോകുല്‍ അധ്യക്ഷനായി. വിവിധ വകുപ്പുകള്‍ കഴിഞ്ഞ മണ്ഡലകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. ഈ വര്‍ഷത്തെ മണ്ഡലകാലത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ കുറ്റമറ്റതാക്കി നടപ്പാക്കാന്‍ മുന്‍കൂട്ടി നടപടി ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ഗതാഗതനിയന്ത്രണത്തിനുമായി 1500 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ അറിയിച്ചു.

 ഗതാഗതത്തെ ബാധിക്കാത്തവിധം പാര്‍ക്കിങ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പൊലീസിന്റെ കൈവശമുള്ള തുള്‍പ്പെടെ അസ്കാലൈറ്റ് 150  എണ്ണം ഉറപ്പുവരുത്തും. റോഡുകളുടെ അറ്റകുറ്റപണി സമയബന്ധിതമായി ആരംഭിക്കുന്നതിന് യോഗം പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. 

കുമളിയില്‍ പാര്‍ക്കിങ് സൌകര്യം വര്‍ധിപ്പിക്കുന്നതിന്  സ്വകാര്യവ്യക്തികളുടെ സ്ഥലം ഉള്‍പ്പെടെ ഉപയോഗപ്പെടുത്താന്‍ ഫലപ്രദമായ നടപടി ഉണ്ടാകണമെന്നും കുമളി പൊതുവേദിയില്‍ മെഡിക്കല്‍ സൌകര്യം ഉറപ്പുവരുത്തണമെന്നും കുമളി പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ് പറഞ്ഞു. കമ്പംമെട്ട് വഴി വരുന്ന തീര്‍ഥാടകര്‍ക്ക് പാര്‍ക്കിങ്ങിനും ടോയ്ലറ്റ് സൌകര്യത്തിനും വെള്ളം ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്തിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ ആവശ്യപ്പെട്ടു. 

വണ്ടിപ്പെരിയാര്‍ സത്രം ഭാഗത്ത് താത്ക്കാലിക ടോയ്ലറ്റുകള്‍ക്ക് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് എന്‍ഒസി നല്‍കിയാല്‍ ടോയ്ലറ്റ് സൌകര്യം പഞ്ചായത്തിന് ഏര്‍പ്പെടുത്താനാകും. ഇതിനായി പഞ്ചായത്ത് പ്രമേയം പാസാക്കി നല്‍കിയാല്‍  ദേവസ്വം ബോര്‍ഡിന് നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യാമെന്ന് കലക്ടര്‍ അറിയിച്ചു.

വനംവകുപ്പ് മകരവിളക്ക് സമയത്ത് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കും. 

 

ക്രമീകരണങ്ങളുടെ ഭാഗമായി എലിഫന്റ് സ്ക്വാഡ്, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവയുണ്ടാകും. അഞ്ച് ഇടങ്ങളില്‍ കുടിവെള്ള സൌകര്യം ഉറപ്പ് വരുത്തും. പരമ്പരാഗത പാതകളിലും പീരുമേട് താലൂക്ക്  ആശുപത്രി ബന്ധപ്പെട്ട സിഎസ്സി, പിഎച്ച്സി എന്നിവിടങ്ങളിലും മെഡിക്കല്‍ സേവനം ഉറപ്പ് വരുത്തും. 

എഎല്‍എസ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആംബുലന്‍സ് സേവനവും ഉറപ്പുവരുത്തുമെന്ന് ഡിഎംഒ ഇന്‍ചാര്‍ജ് പി കെ സുഷമ അറിയിച്ചു. ഹോമിയോ, ആയൂര്‍വേദ വകുപ്പുകളും ചികിത്സാസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ്, ഡിവൈഎസ്പിമാരായ എന്‍ സി രാജ്മോഹന്‍, എ ഡി മോഹന്‍ദാസ്, ജല അതോറിറ്റി എഎഫ്സി മീരക്കുട്ടി, ബിജി ദേവസ്യ(ലീഗല്‍ മെട്രോളജി), ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ വി മധുസൂദനന്‍, ഡോ. എം എന്‍ വിജയാംബിക, ഡോ. കെ സി രാധാമണി, വി ദീപ(പിഡബ്ള്യുഡി റോഡ്സ്), ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, ജില്ലാ സപ്ളൈ ഓഫീസര്‍ പി എ കോയാന്‍, പീരുമേട് തഹസീല്‍ദാര്‍ എം എ ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.