21 July Saturday

ആനക്കലിയിൽ ഭയന്ന‌് അതിര്‍ത്തി ​ഗ്രാമങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

 നെടുങ്കണ്ടം

കാട്ടാനയുടെ ആക്രമണത്തിൽ വിറങ്ങലിച്ച‌് കേരള﹣ തമിഴ്നാട് വനമേഖലയോട് ചേർന്നുള്ള ഇടുക്കിയിലെ ​ഗ്രാമങ്ങൾ. കഴിഞ്ഞ ഏതാനും വർഷത്തിനിടെ മുപ്പതോളം പേരാണ് കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടത്. വനമേഖലയിൽനിന്ന് ജനവാസ കേന്ദ്രങ്ങ‌ളിലേക്ക‌് ഇറങ്ങുന്ന കാട്ടാനകൾ ആളുകളെ ആക്രമിച്ച് കൊന്നൊടുക്കുകയാണ്. ഏറ്റവുമൊടുവിൽ ബുധനാഴ്ച പുലർച്ചെ ശാന്തൻപാറയ‌്ക്ക‌് സമീപം രാജാപ്പാറയിൽ തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയും രാജാപ്പാറ ജംഗിൾ പാലസ് എസ്റ്റേറ്റ് മാനേജരുമായ കുമാറിനെ(46) കാട്ടാന ചവിട്ടി കൊന്നതോടെ ജനങ്ങളിൽ ആശങ്കയേറി. 
 ശാന്തൻപാറ, ബിയർലാവ്, ബോഡിമെട്ട്, ആനയിറങ്കൽ, തലയങ്കാവ്, കള്ളിപ്പാറ, രാജാപ്പാറ, പേത്തൊട്ടി, ചതുരം​ഗപ്പാറ, മണത്തോട് എന്നിവിടങ്ങളിലാണ് കാട്ടാന ജനങ്ങൾക്ക് ഭീഷണിയാവുന്നത്. തോട്ടം തൊഴിലാളികളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിലേറെയും. മേഖലയിലെ ജനങ്ങൾ കാട്ടാനഭയത്താൽ പകൽപോലും പുറത്തിറങ്ങാൻ മടിക്കുന്നു. പുറത്തിറങ്ങുന്നവരാകട്ടെ, ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. കാട്ടാന ആക്രമണം തുടർക്കഥയാകുമ്പോഴും വനംവകുപ്പ‌് അധികാരികൾ മൗനം തുടരുന്നതിൽ പ്രതിഷേധം വ്യാപകമാണ്. 
 വനത്തിൽ ആനയ്ക്ക‌് മതിയായ ഭക്ഷണം ലഭ്യമാകാത്തതാണ് നാട്ടിലിറങ്ങി ആക്രമണം നടത്താൻ കാരണം. ആക്രമകാരികളായ ആനകളെ മയക്കുവെടിവച്ചശേഷം തേക്കടി വനമേഖലയിലോ മറ്റോ കൊണ്ടുപോകാമെന്നിരിക്കെ, ഇത്തരം ഒരു നടപടിയും വനംവകുപ്പിൻെറ ഭാ​ഗത്തുനിന്നില്ല. കാട്ടാനകൾ ഏക്കർ കണക്കിന് കൃഷിയും നശിപ്പിച്ചു കഴിഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി കർഷകർക്കുണ്ടായത്. മേഖലയിൽ തോട്ടങ്ങളിൽ ജോലിക്ക് പോകാൻ തൊഴിലാളികളെ കിട്ടുന്നില്ലെന്ന‌് തോട്ടം ഉടമകൾ പറയുന്നു. ജനവാസ മേഖലയിൽ നിന്നും കാട്ടാനകളെ അകറ്റാൻ ഫലപ്രദമായ നടപടികൾ അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുമെന്ന ആശങ്കയിലാണ‌് അതിർത്തിമേഖലയിലുള്ളവർ
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top