20 October Saturday
നാട്ടുകാർ പ്രതിഷേധത്തിൽ

ചെങ്കര മാവേലി സ‌്റ്റോറിൽ ക്രമക്കേട്; കുറ്റക്കാരെ സംരക്ഷിക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
കുമളി
ചെങ്കര മാവേലി സ്റ്റേറിൽ സബ്സിഡി സാധനങ്ങൾ ഗുണഭോക്താക്കൾക്ക് നൽകാതെ മറിച്ചുവിറ്റ സംഭവത്തിലുൾപ്പെട്ട ജീവനക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിൽ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധം. ചെങ്കര മാവേലിയിൽ ഷോപ്പ് മാനേജർ ഉൾപ്പെട്ട സംഘമാണ് വൻ തട്ടിപ്പ് നടത്തിയത്. സബ്സിഡി സാധനങ്ങൾ മറിച്ചുവിറ്റാണ‌് നാളുകളായി തട്ടിപ്പ‌് നടത്തിയിരുന്നത്. വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ചുമതലക്കാരനായ ഷോപ്പ് മാനേജർക്കെതിരെ കുമളി പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തു. വകുപ്പുതല അന്വേഷണത്തെ തുടർന്ന് ഷോപ്പ് മാനേജരെ സ്ഥലംമാറ്റി. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ജീവനക്കാർക്കെതിരെയും നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതാണ്. എന്നാൽ, അധികാരികൾ മറ്റുള്ളവരെ രക്ഷിക്കുകയായിരുന്നെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
  ചെങ്കര സ്വദേശിയായ ജയകുമാർ രണ്ടാഴ്ച മുമ്പ് വണ്ടിപ്പെരിയാറിലെ മാവേലി സ്റ്റോറിൽ സാധനം വാങ്ങാനെത്തിയപ്പോൾ കാർഡ് നമ്പർ നോക്കിപ്പോൾ സെപ്തംബറിലെ വിഹിതം വാങ്ങിയതായി ഷോപ്പ് മാനേജർ അറിയിച്ചു. സാധനങ്ങൾ വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് ജയകുമാർ തർക്കിച്ചു. തുടർന്ന് ബില്ലിന്റെ കോപ്പി എടുത്ത് നൽകി. അന്നേദിവസം രാവിലെ ചെങ്കരയിലെ കടയിൽനിന്നും സാധനങ്ങൾ വാങ്ങിയതായാണ് ബില്ല്. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ബില്ലുമായി ജയകുമാർ ചെങ്കര മാവേലി ഷോപ്പിലെത്തി. സംഭവം സംബന്ധിച്ച് ചോദിച്ചപ്പോൾ ഷോപ്പ് മാനേജരായ മനു ജോസഫ് ധിക്കാരമായാണ് മറുപടി നൽകിയത്. ഇതിനെ തുടർന്നാണ് പരാതി നൽകിയത്.
സംഭവം സംബന്ധിച്ച് നാട്ടുകാർ മുഖ്യമന്ത്രി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി, സിവിൽ സപ്ലൈസ് ഡയറക്ടർ, കലക്ടർ തുടങ്ങിയ അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ, വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് അഴിമതി നടത്തിയവരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിൽ നാട്ടുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധമുണ്ട്. 
 
 
പ്രധാന വാർത്തകൾ
Top