17 October Wednesday

മാങ്കുളത്ത‌് കനത്തനാശം; പാമ്പുംകയം പാലത്തിന് ബലക്ഷയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
അടിമാലി
മാങ്കുളം,കുരിശുപാറ മേഖലകളിൽ മഴ കനത്തനാശം വിതച്ചു. മഴവെള്ളപ്പാച്ചിലിൽ പാമ്പുംകയം പാലത്തിന് ബലക്ഷയമുണ്ടായി. കല്ലാർ‐ മാങ്കുളം റോഡിൽ കുരിശുപാറ, പീച്ചാട് തുടങ്ങിയ ഇടങ്ങളിൽ വെള്ളം കയറി. വൈദ്യുതി വിതരണവും ടെലിഫോൺ സംവിധാനവും താറുമാറായതോടെ മാങ്കുളം ഒറ്റപ്പെട്ടു. 
കുരിശുപാറ ടൗണിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഏലക്ക ഉണക്കിയിരുന്ന സ്റ്റോറുകളിൽ വെള്ളം കയറിയതോടെ ഉണങ്ങിയ ഏലക്കാ വെള്ളത്തിൽ മുങ്ങി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.പുഴയുടെ തീരത്ത് താമസിച്ചു വന്നിരുന്ന കുടുംബങ്ങൾ വെള്ളം കയറിയതോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. വെള്ളപ്പാച്ചിലിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മാങ്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമുണ്ടായി. മാങ്കുളം ടൗണിനു സമീപം പള്ളിക്കുന്നിൽ ഉരുൾ പൊട്ടി ചെമ്പരപ്പള്ളിൽ ജോസിന്റെ വീട് പൂർണമായി തകർന്നു.വീട്ടിലുണ്ടായിരുന്നവർ അപകടത്തിൽ നിന്നും പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
 ഉരുൾപൊട്ടിയതിനെ തുടർന്ന് ഒഴുകിയെത്തിയ കൂറ്റൻ കല്ലും മണ്ണും മരത്തടികളും ടൗണിൽ ഫിലോമിന തോടിനു സമീപം വന്നടിഞ്ഞു. കനത്തമഴയെ തുടർന്ന് താളുകണ്ടം പാമ്പുംകയം റോഡിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി. മഴവെള്ളപ്പാച്ചിലിൽ പാമ്പുംകയം പാലത്തിന് ബലക്ഷയം സംഭവിച്ചു. മാങ്കുളം വിരിഞ്ഞുപാറ റോഡിൽ വിരിഞ്ഞുപാറ പാലത്തിന്റെ അപ്രോച്ച് റോഡ് മഴവെള്ളത്തിൽ ഒലിച്ചു പോയി. ആനക്കുളം മാങ്കുളം റോഡിൽ ആനവിരട്ടിക്കടക്ക് സമീപവും കല്ലാർ മാങ്കുളം റോഡിൽ വിരിപാറക്ക് സമീപവും മണ്ണിടിച്ചിലുണ്ടായി.
പ്രധാന വാർത്തകൾ
Top