15 October Monday
സംഹാരതാണ്ഡവം

തകർന്നടിഞ്ഞ‌് ഹൈറേഞ്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

കീരിത്തോട് പെരിയാർവാലിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ തകർന്ന വീടിരുന്ന ഭാഗം പൂർണമായും ഒലിച്ചുപോയ നിലയിൽ

 രാജാക്കാട‌്

തകർത്തുപെയ‌്ത പേമാരി ഹൈറേഞ്ചിനെയാകെ തകർത്തെറിഞ്ഞു. ബുധനാഴ‌്ച മേലെചെമ്മണ്ണാർ, ചെമ്മണ്ണാർ ഏഴരയേക്കർ, കള്ളിമാലി, കുത്തുങ്കൽ, അരമനപ്പാറ, കനകക്കുന്ന്, മാവറസിറ്റി, ജോസ്ഗിരി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശമുണ്ടായി. മണ്ണിടിച്ചിലിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ‌് ഏഴരയേക്കറിന് സമീപം ഉരുൾപൊട്ടി വ്യാപകനാശനഷ്ടമുണ്ടായത‌്. കൊച്ചുപുരയ്ക്കൽ റോയിയുടെ കൃഷിയിടത്തിലാണ് ഉരുൾപൊട്ടിയത്. സമീപത്തുതാമസിക്കുന്ന മഞ്ഞലിൽ ബിനോയി, കല്ലിടുക്കിൽ ബിജോയി എന്നിവരുടെ കുടുംബത്തെ രാത്രിതന്നെ നാട്ടുകാർ മുൻകെെയെടുത്ത് മാറ്റിപ്പാർപ്പിച്ചിരുന്നു. മേലെചെമ്മണ്ണാർ കാരാട്ടുകുന്നേൽ രാജന്റെ ഒന്നേകാൽ ഏക്കറോളം സ്ഥലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. കാനാക്കുഴിയിൽ ഗോപി പാട്ടത്തിനെടുത്ത് ഏലം, കുരുമുളക് എന്നിവ ക‍ൃഷി ചെയ്തിരുന്ന ഭൂമിയാണ‌് ഉരുൾപൊട്ടലിൽ ഒലിച്ചുപോയത്. സമീപത്തുതന്നെയുള്ള വെളിയംപറമ്പിൽ സജിയുടെ വീട് മണ്ണിടിഞ്ഞ‌് അപകടാവസ്ഥയിലായി. 30 സെന്റ് സ്ഥലത്തെ കൃഷി പൂർണമായും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. എൻആർ സിറ്റി, കനകക്കുന്നിൽ മാളിയേക്കൽ പ്രസാദിന്റെ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. സമീപത്തുണ്ടായ ചെറിയഉരുൾപൊട്ടലിനെ തുടർന്നാണ് വീടിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടായത്.
 
രാജാക്കാട് കുത്തുങ്കലിൽ വടക്കേക്കവലയ്ക്ക് താഴ്ഭാഗത്ത് ഉരുൾപൊട്ടിഏക്കറുകണക്കിന് കൃഷി നശിച്ചു. ജനവാസമേഖലയല്ലാത്തതിനാൽ വൻ അപകടമാണ‌് ഒഴിവായത്. മുക്കുടി മാവറസിറ്റിക്ക് സമീപം മണ്ണിടിഞ്ഞ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കുന്നേൽ അനിൽ, പുന്നപ്പിള്ളിൽ സുകുമാരൻ എന്നിവരുടെ വീടുകളാണ് മണ്ണിടിച്ചിലിൽ തകർന്നത്.
   സമീപത്തുതന്നെയുള്ള മേനോനിക്കൽ സജി, കടുവാപ്പെട്ടി സണ്ണി, വെള്ളടിയിൽ കുഞ്ഞുമോൻ എന്നിവരുടെ വീടുകളിൽ വെള്ളംകയറി വീട്ടുപകരണങ്ങൾ നശിച്ചു. മാവറസിറ്റിയിലെ റേഷൻകടയിൽ വെള്ളം കയറി  അരിയും പഞ്ചസാരയുമുൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ നശിച്ചു. ജോസ്ഗിരിക്കു സമീപമുണ്ടായ ഉരുൾപൊട്ടലിൽ വ്യാപകകൃഷിനാശമുണ്ടായി. കള്ളിമാലി വ്യൂപോയിന്റിന് സമീപം ഉരുൾപൊട്ടി. വീടുകളില്ലാത്ത ഭാഗത്താണ് ഉരുൾപൊട്ടിയത്. 
 രാജകുമാരി മുട്ടുകാട് റോഡിൽ അരമനപ്പാറയ്ക്ക് സമീപം എസ‌് വളവിൽ പുലർച്ചെ ഉരുൾപൊട്ടി റോഡും ക‍ൃഷിയിടവും ഒലിച്ചുപോയി. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കള്ളിമാലി സ്വദേശി റാത്തപ്പിള്ളിൽ ഷാജിയുടെ രണ്ടേക്കർ കൃഷിയിടത്തിൽ വെള്ളം കയറി കുരുമുളക്, ഏലം, വാഴ തുടങ്ങിയ കൃഷികൾ നശിച്ചു. നാലുകണ്ടത്തിൽ കണ്ണൻ, വട്ടുകളത്തിൽ കുഞ്ഞൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ‌് വൻനാശനഷ്ടമുണ്ടായി. വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. രാജാക്കാട‌് ജോസ്ഗിരിയിലും മണ്ണിടിച്ചിലിൽ വ്യാപകനാശനഷ്ടമുണ്ടായി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top