21 November Wednesday
ടൂറിസത്തിന‌് മ്ലാനത

തേക്കടിയിൽ സഞ്ചാരികളുടെ എണ്ണം കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

 

 
 
കുമളി
കേരളത്തിലെ ഏറ്റവും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിൽ എത്തുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു. മുൻ വർഷങ്ങളിൽ ദീപാവലി അവധി ആഘോഷിക്കാൻ ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ പതിനായിരത്തിലേറെ പേർ തേക്കടിയിൽ എത്താറുണ്ട്. എന്നാൽ, ഇത്തവണ എത്തിയത‌് രണ്ടായിരത്തോളം മാത്രം. 
രണ്ട‌് വർഷം മുമ്പ് വാഹന പാർക്കിങ് പുറത്തേക്ക് മാറ്റിയതും തേക്കടിയിലേക്കുള്ള സ്വകാര്യ വാഹന നിരോധനവും ഉൾപ്പെടെ വനംവകുപ്പ് ഏർപ്പെടുത്തിയ പരിഷ‌്കാരങ്ങൾ തിരിച്ചടിയായതായി കണക്കാക്കുന്നു. ഇതിന് പിന്നാലെ പ്രളയവുമെത്തി. ദേശീയപാതയിലുണ്ടായ തടസ്സങ്ങളും വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു. പാർക്കിങ് പുറത്തേക്ക് മാറ്റിയത് മൂലം സഞ്ചാരികളുടെ എണ്ണത്തിൽ നേരത്തെതന്നെ വൻ ഇടിവ് സംഭവിച്ചിരുന്നു. തമിഴ്നാട് ഭാഗത്ത് കൊട്ടാരക്കര‐ ദിണ്ഡുഗൽ ദേശീയപാത തകർന്നത് മൂലം രണ്ട് മാസത്തിലേറെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു.
മുമ്പൊക്കെ ദീപാവലിക്കും അതിനടുത്ത ദിവസങ്ങളിലും തേക്കടിയിലെത്തുന്ന മിക്കവർക്കും തിരക്കുമൂലം ബോട്ടിങ്ങിന‌് അവസരം കിട്ടിയിരുന്നില്ല. ഇത്തവണ ബോട്ടുകൾ സഞ്ചരിച്ചത‌് പകുതി സീറ്റുകൾ കാലിയായാണ‌്. ചിലത‌് ട്രിപ്പുകൾ ഒഴിവാക്കി. 
      ടൂറിസവും അനുബന്ധ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേർ കുമളിയിൽ ഉപജീവനം നടത്തുന്നുണ്ട‌്. ടൂറിസം രംഗത്തെ തളർച്ചമൂലം നൂറുകണക്കിന് പേർക്ക‌് തൊഴിൽ നഷ്ടപ്പെട്ടു. ആളുകൾ എത്താത്തതുമൂലം റിസോർട്ട്, ഹോട്ടൽ, ഹോം സ്റ്റേ, ലോഡ്ജ് എന്നിവ പലതും നഷ്ടത്തിലായി. വ്യാപാര മേഖലയിലെ സ്ഥാപനങ്ങൾ പൂട്ടുന്നു. നിരവധി പേരുടെ തൊഴിലാണ് നഷ്ടമായത്. അനുബന്ധ മേഖലകളിലെല്ലാം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
 
 
 
പ്രധാന വാർത്തകൾ
Top