24 September Monday

പുലിപ്പേടിയിൽ ആനവിലാസംമേഖല

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
കുമളി > വനത്തിൽ നിന്നും ജനവാസ മേഖലയിലേക്ക് തുടർച്ചയായിറങ്ങുന്ന പുലികൾ ഭീഷണി സൃഷ്ടിക്കുന്നു. ഏറ്റവും ഒടുവിൽ ആനവിലാസം, വെള്ളാരംകുന്ന് മേഖലയിലാണ് പുലി ഭീതി വിതച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ നാട്ടുകാർ പുലിയെ കാണാനിടയായത് ഭീതിയുടെ കാഠിന്യം വർധിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് വെള്ളാരംകുന്ന് ആനമുക്ക് ഭാഗത്ത് പുല്ലാട്ട്വീട്ടിൽ തങ്കച്ചന്റെ ഭാര്യ ശകുന്തളയാണ് പുലിയെ കണ്ടത്.
പുലിപ്പേടി മൂലം ജനം പകൽ പോലും പുറത്തിറങ്ങാൻ ഭയക്കുന്നു. എസ്എസ്എൽസി പരീക്ഷാ കാലമായതിനാൽ കുട്ടികൾ ഭയന്നാണ് സ്കൂളിലേക്ക് പോകുന്നത്. ഒരു വർഷം മുമ്പ് പരുന്തുംപാറയിൽ പുലിയിറങ്ങിയതിനെ തുടർന്ന് ദിവസങ്ങളോളം കുട്ടികളെ രക്ഷിതാക്കൾ സ്കൂളിൽ അയച്ചിരുന്നില്ല. പുലി ഭീതി പരത്തിയിട്ടും വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കാത്തത് നാട്ടുകാരിൽ ഭയം വർധിക്കാനിടയാക്കുന്നു. അടുത്തിടെ പീരുമേട് കല്ലാർ ഭാഗത്ത് പുലിയെ നാട്ടുകാർ കണ്ടെങ്കിലും വനംവകുപ്പധികൃതർ പൂച്ചപ്പുലിയെന്ന നിഗമനത്തിലാണെത്തിയത്. രണ്ട് വർഷം മുമ്പ് പരുന്തുംപാറയിൽ തള്ളയും കുഞ്ഞുങ്ങളുമുൾപ്പെടെ നാലംഗ പുലി സംഘത്തെ നാട്ടുകാർ ആറിന് സമീപം കണ്ടിരുന്നു.
 
ആനവിലാസത്തും സമീപത്തുമായി പുലിയെ പലരും കണ്ടതോടെ പത്ത് ദിവസത്തിലേറെയായി നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായി. ദിവസങ്ങൾക്ക് മുമ്പ് പുലിയിറങ്ങിയതായി വാർത്ത പരന്നെങ്കിലും ജനം ആദ്യം കാര്യമാക്കിയിരുന്നില്ല. പിന്നീട് പല ദിവസങ്ങളിലായി പലയിടത്തും  പുലിയെ കണ്ടതോടെ അഭ്യൂഹം ഭയാശങ്കയായി മാറുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് കഴിഞ്ഞദിവസം തേക്കടിയിൽ നിന്നും വനംവകുപ്പ് അധികൃതരെത്തി രണ്ട് സ്ഥലങ്ങളിൽ ക്യാമറ കെണി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ക്യാമറയ്ക്ക് മുഖം കൊടുക്കാതെ മാറി നടക്കുന്ന പുലി ഭീതി വിതയ്ക്കുകയാണ്. മഴയില്ലാത്തതിനാൽ പുലിയുടെ കാൽപാദങ്ങൾ മണ്ണിൽ പതിഞ്ഞതിന്റെ തെളിവുകളില്ലതാനും. ഇവിടെയും ഭീതിവിതയ്ക്കുന്ന വില്ലൻ പൂച്ചപ്പുലിയാകുമെന്നാണ് അധികൃതരുടെ നിഗമനവും.
പുലി ഭീതി സൃഷ്ടിച്ചിട്ടും വനംവകുപ്പ് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനാൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. പുലിയെ കണ്ടെത്തുന്നതിന് പ്രത്യേക ടീമിനെ നിയോഗിക്കണമെന്നതാണ് നാട്ടുകാർ ആവശ്യം. അധികൃതരുടെ നിസ്സംഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകായണ്. ഏതാനും വർഷത്തിനിടെ ആനവിലാസം, വണ്ടിപ്പെരിയാർ, പീരുമേട് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഉപയോഗ ശൂന്യമായ കിണറുകളിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വേനൽ കടുക്കുമ്പോഴാണ് പുലിക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത്. പരുന്തുംപാറ, കുമളി കൊല്ലംപട്ടട തുടങ്ങിയ കേന്ദ്രങ്ങളിലിറങ്ങിയ പുലികൾ വളർത്ത് മൃഗങ്ങളെ വ്യാപകമായി കൊന്നിരുന്നു. ആറ് വർഷം മുമ്പ് കുമളി പത്തുമുറിയിലും പുലിയെ നാട്ടുകാർ പകൽ സമയം കണ്ടിരുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top