26 September Wednesday
പ്രകൃതിക്ഷോഭം

ഹൈറേഞ്ചിലെ സുഗന്ധവിളകൾക്ക് വലിയ മാറ്റം‐ കാർഷിക ശാസ്ത്രജ്ഞർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

 നെടുങ്കണ്ടം 

പ്രകൃതിക്ഷോഭത്തിനുശേഷം ഹൈറേഞ്ചിൽ കുരുമുളക്, ഏലം, കൊക്കോ, ജാതി, ഗ്രാമ്പു തുടങ്ങിയവയ്ക്ക് ദ്രുതവാട്ടം, ഇലപൊഴിച്ചിൽ, ഇലകരിച്ചിൽ, കാ കൊഴിച്ചിൽ തുടങ്ങിയവ വ്യാപകമായി. കാർഷിക ശാസ്‌ത്രജ്ഞർ പഠനം നടത്തി.  മണ്ണുത്തി, തിരുവനന്തപുരം വെള്ളായണി എന്നീ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലാണ് പഠനം നടത്തിയത്. 
കുരുമുളകിന‌് ദ്രുതവാട്ടം, കൊക്കോയ്ക്ക് കായ്‌പൊഴിച്ചിൽ, ജാതി, ഗ്രാമ്പു എന്നിവയുടെ  ഇലപൊഴിച്ചിൽ എന്നിവ അധികമായതായാണ് ശാസ്‌ത്രജ്ഞൻമാരുടെ കണ്ടെത്തൽ. പ്രകൃതിക്ഷോഭത്തിനുശേഷം കാർഷിക വിളകൾക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിൽ കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻമാർ എത്തി.
 
 ഉരുൾപൊട്ടൽ, പേമാരി, വെള്ളപൊക്കം എന്നിവയ്ക്കുശേഷം വിളകൾക്ക് ഉണ്ടായ വ്യതിയാനം, ഉരുൾപൊട്ടലിനെ തുടർന്ന് കൃഷിയോഗ്യമല്ലാത്ത ഭൂമി, ഉരുൾപൊട്ടിയതും അല്ലാത്തതുമായ സ്ഥലങ്ങളിലെ മണ്ണിന്റെ ഘടന എന്നിവയാണ് ശാസ്ത്രജ്ഞർ പഠനവിധേയമാക്കിയത്. എഴുകുംവയൽ, തൂവൽ, ചേമ്പളം, മാവടി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞർ എത്തിയത്. വിദഗ‌്ധർ ആവശ്യമായ മുൻകരുതലുകളെടുക്കാൻ കർഷകർക്ക‌് നിർദേശം നൽകി. കുമിൾനാശിനികളുടെ ഉപയോഗത്തോടൊപ്പം ആവശ്യത്തിന് സൂര്യപ്രകാശം  കൃഷിവിളകളിൽ ലഭ്യമാക്കണം, വായു സഞ്ചാരത്തിനായി തണൽമരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റുക, നീർവാർച്ചയ്ക്ക് വേണ്ടി മണ്ണ് പരുവപ്പെടുത്തുക എന്നിവയാണ് ഇതിൽനിന്ന് മാറ്റം വരുന്നതിനായി ശാസ്ത്രജ്ഞർ മുമ്പോട്ടുവച്ചിരിക്കുന്ന നിർദേശങ്ങൾ. 
ചേമ്പളത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മേൽമണ്ണ് പൂർണമായി ഒലിച്ചുപോയ നിലയിലാണ‌്. ഇവിടെയെങ്ങനെ കൃഷിയോഗ്യമാക്കാൻ കഴിയുമെന്നതിനെക്കുറിച്ച് കൂടുതൽ പഠനവിധേയമാക്കണം. ഉരുൾപൊട്ടിയ സ്ഥലത്തെ മണ്ണും സമീപപ്രദേശത്തെ സാധാരണ മണ്ണും പരിശോധനയ്ക്കായി ശാസ്ത്രജ്ഞർ ശേഖരിച്ചു. ഇപ്പോൾ ഉണ്ടായിരിക്കുന്ന വൻ നാശനഷ്ടങ്ങളിൽനിന്ന് കർഷകർ കരകയറുന്നതുവരെ കർഷകരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന വിലയിരുത്തലും ഇതിനോടൊപ്പം ശാസ്ത്രജ്ഞർ നടത്തി. 
 ഡോ. ജേക്കബ് ജോൺ ഐഎസ്ആർഎസ് തിരുവനന്തപുരം, പ്രെഫ. പി ആർ ഷാജൻ എആർഎസ് തിരുവല്ല, കാർഡമം റിസർച്ച് സെന്റർ തലവൻ ഡോ. എം  മുരുകൻ, ഡോ. പി ആർ എൽസി, ഡോ. മെറിൻ പത്രോസ്, ഡോ. ജലജ എസ് മേനോൻ, ഡോ. അമ്പിളി പോൾ, ഡോ. എം കെ ധന്യ, മായ എസ് നായർ, കെ മീനാ, റെജി എ വർഗീസ്, ജോർജ‌് തോമസ് എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top