16 November Friday

കെഎസ്ഇബി സബ് സ്റ്റേഷൻ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

 തൊടുപുഴ 

ഇലക്ട്രിസിറ്റി ബോർഡ് മുട്ടത്ത് നിർമിച്ച 110/11 കെവി സബ് സ്റ്റേഷന്റെ ഉദ്ഘാടനം   വ്യാഴാഴ്‌ച രാവിലെ പത്തിന് മന്ത്രി എം എം മണി നിർവഹിക്കും. പി ജെ ജോസഫ് എംഎൽഎ അധ്യക്ഷനാകും. മുട്ടം വില്ലേജ് ഓഫീസിന് സമീപം തൊടുപുഴ‐ പുളിയന്മല സംസ്ഥാനപാതയ്ക്കരികിലാണ് ജലവിഭവകുപ്പ് സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് സബ് സ്റ്റേഷന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. 
  സബ് സ്റ്റേഷന്റെ നിർമണത്തിന് 2016 ഫെബ്രുവരി ഒമ്പതിന് 5.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെത്തുടർന്ന് മെയ് മാസത്തിൽ നിർമാണം ആരംഭിച്ചു. സ്റ്റേഷൻ നിർമാണത്തിന് ഇതിനകം 3.90 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത് ഇതിന് സമീപത്തുകൂടി കടന്നുപോകുന്ന 110 കെവി നേര്യമംഗലം‐ പാലാ ലൈനിൽനിന്നാണ്. നിലവിൽ 110/11 കെവി 12.5 എംവിഐ ശേഷിയുള്ള ട്രാൻസ്ഫോർമർ ഉപയോഗിച്ച് നാല് 11 കെവി ഫീഡറുകളിലൂടെ വൈദ്യുതി വിതരണം നടത്തുകയാണ് ചെയ്യുന്നത്. 
മുട്ടം, തുടങ്ങനാട്, കുടയത്തൂർ, ആലക്കോട് പ്രദേശങ്ങളിലേക്ക് ഇതുവരെ മൂലമറ്റം സബ് സ്റ്റേഷനിൽനിന്നായിരുന്നു വൈദ്യുതി വിതരണം നടത്തിയിരുന്നത്. ഇതുമൂലം ഗുണമേന്മയുള്ള വൈദ്യുതി ഈ പ്രദേശത്തുള്ളവർക്ക് ലഭിച്ചിരുന്നില്ല. വിവിധ കാരണങ്ങളാൽ വൈദ്യുതി മുടക്കവും പതിവായിരുന്നു. മുട്ടം സബ് സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ മുട്ടം, കരിങ്കുന്നം, കുടയത്തൂർ, ആലക്കേട്, വെള്ളിയാമറ്റം, പഞ്ചായത്തുകളിലെ 10,000ത്തിലധികം ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭ്യമാകും. പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയിൽ സബ് സ്റ്റേഷനിൽ 110/11 കെവി 12.5 എംവിഐ ശേഷിയുള്ള ഒരു ട്രാൻസ‌്ഫോർമറിന്റെയും മൂന്ന് 11 കെ വി ഫീഡറുകളുടെയും നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ മേഖലകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനൊപ്പം സബ് സ്റ്റേഷന്റെ പ്രവർത്തനം പൂർണതോതിൽ സജ്ജമാകുകയും ചെയ്യും.
 
 
പ്രധാന വാർത്തകൾ
Top