18 July Wednesday

വാങ്ങാനാളില്ല; ടണ്‍കണക്കിന് മരച്ചീനി തമിഴ്നാട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

മറയൂര്‍ ആലത്തൂര്‍ മാശിയില്‍ വിളവെടുത്ത മരച്ചീനി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ലോറിയില്‍ കയറ്റുന്നു

 മറയൂര്‍ > മറയൂരില്‍ വിളവെടുത്ത മരച്ചീനി 240 കിലോ മീറ്റര്‍ അകലയുള്ള നാമക്കല്ലില്‍ എത്തിച്ച് വില്‍പ്പന നടത്തേണ്ട ഗതികേടിലാണ് മറയൂരിലെ കര്‍ഷകര്‍. കഴിഞ്ഞദിവസമാണ് മറയൂര്‍ മലനിരകളില്‍ വിളവെടുത്ത പതിനെട്ട് ടണ്‍ മരച്ചീനി വിലത്തകര്‍ച്ചും വാങ്ങാനാളില്ലാത്തതും മൂലം വില്‍പനയ്ക്കായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.

  മറയൂര്‍ മേലാടി സ്വദേശി ജോണ്‍ ആലത്തൂര്‍ മാശിഭാഗത്ത് കൃഷിചെയ്ത രണ്ടരയേക്കര്‍ സ്ഥലത്തെ മരച്ചീനി വിളഞ്ഞ് പാകമായപ്പോഴാണ് വാങ്ങാനാളില്ലാതായത്. വാങ്ങാനെത്തിയവര്‍ കിലോഗ്രാമിന് എട്ടു രൂപയാണ് നല്‍കാന്‍ തയ്യാറായത്. എന്നാല്‍, മറയൂര്‍- മൂന്നാര്‍ പ്രദേശങ്ങളില്‍ ചില്ലറ വില്‍പന നടക്കുന്നത് ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് രൂപയ്ക്കായതിനാല്‍ വില്‍ക്കാന്‍ തയ്യാറായില്ല. കോതമംഗലം സ്വദേശിയുടെ പറമ്പ് പാട്ടത്തിനെടുത്താണ് ജൂണ്‍, മാര്‍ച്ച്- ഏപ്രില്‍മാസത്തില്‍ കൃഷി ഇറക്കിയത്. സിലോണ്‍-8 എന്ന മരച്ചീനി കമ്പുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. കൃഷിയ്ക്കായി ലക്ഷത്തിലധികം രൂപ ചെലവായി. വിളഞ്ഞ മരച്ചീനികള്‍ വാങ്ങാന്‍ മൂന്നാറില്‍ ആളില്ലാത്തതിനാല്‍ തമിഴ്നാട്ടിലെ ഗ്ളൂക്കോസ് കമ്പനിയില്‍ ശരാശരി 15-20 രൂപയ്ക്ക് വില്‍പനയ്ക്കായി എത്തിച്ചു. 
  പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ച മറയൂര്‍- കാന്തല്ലൂര്‍ മേഖലയിലെ കാര്‍ഷികവിളകള്‍ ഹോര്‍ട്ടികോര്‍പ് മുഖേന സംഭരിക്കണമെന്ന് കൃഷി മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ അലംഭാവം കാരണംഅയല്‍സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റുകള്‍ തേടി മറയൂരിലെ കര്‍ഷകര്‍ക്ക് അലയേണ്ടി വരുന്നത്.
പ്രധാന വാർത്തകൾ
Top