Top
11
Monday, December 2017
About UsE-Paper

അഞ്ചുനാട്ടിലെ കര്‍ഷകര്‍ക്ക് നേരെ മയിലുകളും

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌
മറയൂര്‍ മാശിവയലില്‍ കരിമ്പിന്‍ തോട്ടത്തിലിറങ്ങിയ മയില്‍

 മറയൂര്‍ > മറയൂര്‍- കാന്തല്ലൂര്‍ മേഖലയിലെ കര്‍ഷകരുടെ കാര്‍ഷികവിളകള്‍ നശിപ്പിക്കാന്‍ മയിലുകളും കൂട്ടത്തോടെയെത്തി. കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തില്‍ പൊറുതിമുട്ടുമ്പോഴാണ് ഇടിത്തീയായി മയിലുകളും എത്തിയത്. വനമേഖലയില്‍നിന്നും മയിലുകള്‍ കൂട്ടമായെത്തി വിളകളുടെ തളിരിലകള്‍ നശിപ്പിക്കുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. മയിലുകള്‍ വനമേഖലയിലെത്തിയാല്‍ വനം നശിച്ചു തുടങ്ങിയെന്നും കൃഷിയിടത്തില്‍ ഇറങ്ങിയാല്‍ കൃഷിഭൂമി നശിച്ചുവെന്നുമാണ് അഞ്ചുനാട്ടിലെ കര്‍ഷകരുടെ വിശ്വാസം.

കാന്തല്ലൂര്‍ മേഖലയിലെ കീഴാന്തൂര്‍, മാശിവയല്‍, കാരയൂര്‍, പയസ് നഗര്‍ ഭാഗങ്ങളിലാണ് മയിലുകള്‍ കൂട്ടമായെത്തുന്നത്. മറയൂര്‍ മേഖലയില്‍ കരിമുട്ടി, വട്ടവയല്‍, എന്നിവിടങ്ങളിലും പട്ടം കോളനി മറയൂര്‍, മാശിവയല്‍ എന്നിവിടങ്ങളിലുമാണ് നൂറുകണക്കിന് മയിലുകള്‍ എത്തുന്നത്. 
 കരിമ്പ് ഉള്‍പ്പെടെയുള്ള എല്ലാ വിളകളുടെയും തളിരിലകളുംവിത്തുകളും മുളയിലെ കൊത്തി തിന്നുന്നതിനാല്‍ തോട്ടം പാടെ നശിക്കും. കീഴാന്തൂര്‍ മാശിയിലെ ഏക്കര്‍ കണിക്കിന് കരിമ്പിന്‍ തളിരിലകളാണ് മയിലുകള്‍ നശിപ്പിച്ചിരിക്കുന്നത് തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മയിലിന്റെ ശല്യംകാരണം കൃഷി ഉപേക്ഷിച്ച കര്‍ഷകര്‍ നിരവധിയാണ്. ചിന്നാര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുകിടക്കുന്ന തമിഴ്നാട് വനമേഖലയില്‍ നിന്നാണ് മയിലുകള്‍ കൂട്ടമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്. 
കാട്ടാനക്കൂട്ടത്തെയും കാട്ടുപോത്തുകളെയും സൌരോര്‍ജ വേലികളും മറ്റും തീര്‍ത്ത് പ്രതിരോധിച്ചപ്പോള്‍ മയിലുകളെ ഓടിക്കാന്‍ പകല്‍ മുഴുവന്‍ തോട്ടങ്ങളില്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് അഞ്ചുനാട്ടിലെ കര്‍ഷകര്‍.