20 November Tuesday
പ്രളയക്കെടുതി

ചെറുതോണി ആലിൻചുവട് ഭാഗത്തെ റോഡുനിർമാണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

ചെറുതോണി ആലിൻ ചുവട് റോഡിൽ കോൺക്രീറ്റ് മതിൽ നിർമിക്കുന്ന ഭാഗം

 ചെറുതോണി 

അതിവർഷപാതത്തിൽ അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് തകർന്ന അടിമാലി‐ കുമളി ദേശീയപാതയുടെ ഭാഗമായ ചെറുതോണി  ആലിൻചുവട് ഭാഗത്തെ റോഡുനിർമാണം ആരംഭിച്ചു. 
റോഡുതകർന്നതിനെ തുടർന്ന് ചെറുതോണിയിൽനിന്ന്‌ കട്ടപ്പന, നെടുങ്കണ്ടം, കുമളി, തങ്കമണി ഭാഗത്തേക്കുള്ള ബസ് സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ‌്. വെള്ളപ്പാച്ചിലിൽ ചെറുതോണി പാലത്തിനെ കട്ടപ്പന റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗംതകർന്നു. ഇവിടം മുതൽ ആലിൻചുവട് വരെയുള്ള റോഡ് പൂർണമായും ഒലിച്ചുപോയി. കട്ടിങ്ങ‌ിടിഞ്ഞ‌് മണ്ണ് റോഡിലേക്ക് വീഴുകയും ചെയ്തിരുന്നു.
  പാലം നന്നാക്കിയെങ്കിലും വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല. ചെറുവാഹനങ്ങൾ ഗാന്ധിനഗർ കോളനി വഴിയാണ‌് പോകുന്നത‌്. കട്ടപ്പനയിൽനിന്ന് ബസുകൾ ആലിൻചുവട് വരെ സർവീസ‌് നടത്തുന്നുണ്ട‌്. തൊടുപുഴയിൽനിന്നും ചെറുതോണി വരെയും ബസുകളെത്തുന്നു. ഇവിടെനിന്നും ഓട്ടോയിൽ ആലിൻചുവടുവരെ എത്തിയശേഷം ബസിൽ യാത്ര തുടരാം. ദേശീയപാത അതോറിറ്റിയാണ് റോഡ് നിർമിക്കുന്നത്. താൽക്കാലിക റോഡ് നിർമിച്ചതും ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിലാണ്.
 
ചെറുതോണി ആലിൻചുവട് റോഡിന്റെ സംരക്ഷണ ഭിത്തികളെല്ലാം നശിച്ചതിനാൽ കോൺക്രീറ്റ് റിട്ടേണിങ‌് വാൾ നിർമിക്കാണ് പദ്ധതി. ഇനിയും അണക്കെട്ട് തുറന്നുവിട്ടാൽ  തകരാത്തവിധത്തിൽ  ബലവത്തായ സംരക്ഷണഭിത്തിയാണ് നിർമിക്കുന്നത്.   ഇതിനുമുന്നോടിയായി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്ന ജോലികളാരംഭിച്ചു. നിർമാണത്തിന് മുന്നോടിയായി  സർവെ നടപടികൾ പൂർത്തിയാക്കി. നിർമാണത്തിനാവശ്യമായ കല്ല്, മെറ്റൽ, കമ്പി തുടങ്ങിയവ എത്തിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമാണം നടത്തുന്നത്.    ഒരാഴ്ചയ്ക്കുള്ളിൽ വൺവേ സംവിധാനത്തിൽ ബസുകളുൾപ്പെടെ വലിയ വാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്ന് ദേശീയപാത ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിനുതാഴെ ഇനിയും സ്വകാര്യ വ്യക്തികളുടെ ഒരു നിർമാണവും അനുവദിക്കില്ല. ഇവിടങ്ങളിൽ താമസിച്ചിരുന്നവരെ മറ്റു സ്ഥലത്തേക്ക‌് പുനരധിവസിപ്പിക്കാനാണ് സർക്കാർ തീരുമാനം. റോഡിന് താഴെനിർമാണ നിരോധിത മേഖലയായി മേഖലയായി പ്രഖ്യാപിക്കും.  റോഡിനുമുകളിലുള്ള സിഎസ്ഐ പള്ളിയും സമീപത്തുള്ള വീടുകളും അപകടാവസ്ഥയിലാണ്. ഇവരെയും മാറ്റി താമസിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഇവിടെയും നിർമാണ നിരോധിത മേഖലയായി പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് വിശദമായി പഠനം നടത്തുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യും. 
 
 
പ്രധാന വാർത്തകൾ
Top