16 November Friday
അരമണിക്കൂർ റോഡിൽ കിടന്നു

ബൈക്ക‌് യാത്രികന്റെ കാലിൽ ബസുകയറി; ജീവനക്കാർ കൈയൊഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

ചെറുതോണി

സ്വകാര്യബസിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങി രക്തംവാർന്ന് അരമണിക്കൂറോളം റോഡിൽ കിടന്നു. നിലവിളിച്ചയാളെ ബസിലെ ജീവനക്കാർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധം. ബൈക്കിൽ നിന്ന് റോഡിൽ വീണ യുവാവിന്റെ കാലിലൂടെ എം ജെ എന്ന സ്വകാര്യബസ് കയറിയിറങ്ങുകയായിരുന്നു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻ ജിൻസി ജോസിന്റെ ഭർത്താവ് ഭൂമിയാംങ്കുളം മുണ്ടനാനിക്കൽ ലാലു(46) വിന്റെ കാലിലൂടെയാണ് വാഹനം കയറിയിറങ്ങിയത്.

    അടിമാലി‐ കുമളി ദേശീയപാതയിൽ തടിയംപാട്‐ അശോകയിലായിരുന്നു അപകടം. ബസ് എതിരെ വരുന്നതുകണ്ട് ബൈക്ക് ഒതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. 

കാലപ്പഴക്കം ചെന്ന ബസ് നിയന്ത്രിച്ച് നിർത്താൻ കഴിയാതെ വന്നതാണ് ലാലുവിന്റെ കാലിലൂടെ കയറിയിറങ്ങിയതെന്ന് ദൃക്സാക്ഷിയായ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം ശിവനും ചമ്പളങ്ങാട്ട് സ്കറിയയും പറയുന്നു.

അപകടത്തെ തുടർന്ന് അലറിക്കരഞ്ഞ ലാലുവിനെ ആശുപത്രിയിലാക്കുന്നതിന് ബസ് ജീവനക്കാരും യാത്രക്കാരും തയ്യാറാകാതെ സംഭവസ്ഥലത്തുനിന്നും പോവുകയായിരുന്നു. അതുവഴിവന്ന കരിമ്പനിലെ വ്യാപാരിയായ ബിജുവിന്റെ ഓട്ടോ തടഞ്ഞുനിർത്തി ലാലുവിനെ ആശുപത്രിയിലെത്തിക്കാൻ മുന്നിൽനിന്നത‌് ശിവനും സ്കറിയയുമാണ‌്.

ഇതിനിടെ അവിടെത്തിയ ഒരു സ്ത്രീയും പുരുഷനും ഓട്ടോയിൽ കയറിയശേഷം ലാലുവിനെ മടിയിൽ കിടത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായിപരിക്കേറ്റ ലാലുവിന്റെ ശരീരത്തിൽ നിന്ന് ധാരാളം രക്തം പോയിരുന്നു.  ലാലുവിനെ ഇടുക്കി ജില്ലാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തൊടുപുഴയിലെത്തിച്ചു. ക്ഷീണിതനായ ലാലുവിന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ രക്തം നൽകിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരുകാൽ മുട്ടിന് താഴെവച്ചു മുറിച്ചുമാറ്റി. രണ്ടാമത്തെ കാലും ഗുരുതരാവസ്ഥയിലാണ്.

 

 

 ചികിത്സ ഫലവത്തായില്ലെങ്കിൽ രണ്ടാമത്തെ കാലും മുറിക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. അപകടം സംഭവിച്ച ബസിലെ ജീവനക്കാരെ സംബന്ധിച്ച് ഇതിനുമുമ്പും വ്യാപക പരാതികളുണ്ടായിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബസ് ആയതിനാലാണ് ബ്രേക്ക് കിട്ടാതിരുന്നതെന്നും ആരോപണമുണ്ട്.  ഈവാഹനം ഓടിക്കുന്നതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും ജനരോഷം അണപൊട്ടുകയാണ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top