21 November Wednesday

പ്രകൃതി സ്നേഹികൾ ഒത്തുകൂടിയത‌് മാതൃക

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

മുതിരപ്പുഴയാറിൽ നടന്ന ശുചീകരണം

 മൂന്നാർ

മഹാപ്രളയത്തെ തുടർന്ന് ദുരിതത്തിലായ മൂന്നാറിനെ വീണ്ടെടുക്കുന്നതിന് പ്രകൃതി സ്നേഹികൾ ഒത്തുകൂടിയത് മാതൃകയായി. മഴവെള്ളപ്പാച്ചിലിൽ വിവിധ പ്രദേശങ്ങളിൽനിന്നും ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് മലീമസമാക്കപ്പെട്ട മുതിരപ്പുഴയാറിനെ വീണ്ടെടുക്കുകയെന്ന ദൗത്യമാണ് ആദ്യഘട്ടത്തിൽ നടന്നത്. സിപിഐ എം നേതൃത്വത്തിൽ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾക്കിറങ്ങിയത് മറ്റ് സന്നദ്ധ സംഘടനകൾക്ക് പ്രചോദനമേകി. 
 മൂന്നാർ ടൗൺ മധ്യത്തിലുള്ള ചർച്ചിൽ പാലത്തിൽ അടിഞ്ഞ ചവറുകൾ നീക്കം ചെയ്തും പാലത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി തങ്ങിനിന്ന വൻമരം മുറിച്ചു നീക്കുന്ന പ്രവർത്തനമാണ് നടന്നത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ സംഘടനകളിൽപ്പെട്ട യുവാക്കളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മൂന്നാർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉപ ജില്ലയിലെ അധ്യാപകർ നടത്തിയ ശുചീകരണ പ്രവർത്തങ്ങളിലും പ്രദേശത്തെ ആളുകളും പങ്കെടുത്തത് ശ്രദ്ധേയമായി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സംഘടനകൾ ഓരോ പ്രദേശങ്ങൾ ഏറ്റെടുത്ത് ശുചീകരണ പ്രവർത്തനം നടത്തുകയും പകർച്ചവ്യാധികൾ പടരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കുകയും ചെയ്തു. മൂന്നാറിനെ ഒറ്റപ്പെടുത്തിയ നിലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് പ്രധാന റോഡുകളെല്ലാം തകർന്ന സാഹചര്യത്തിൽ മണ്ണ് നീക്കം ചെയ്യുന്നതിന്ന് ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ഇടപെടൽ ഫലപ്രദമായി. മന്ത്രി എം എം മണി, സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എസ് രാജേന്ദ്രൻ എംഎൽഎ, ജോയ്സ് ജോർജ് എംപി തുടങ്ങിയവർ മൂന്നാറിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും വിസ്മരിക്കാനാവില്ല.
പ്രധാന വാർത്തകൾ
Top