20 September Thursday

സമരത്തിലുള്ള തൊഴിലാളികൾക്ക‌് സഹായവുമായി പിടിടി യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018
വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാർ ഹാരിസൺ മലയാളം പ്ലാന്റേഷൻ മുങ്കലാർ ഒന്നാം ഡിവിഷനിലെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ നടക്കുന്ന തൊഴിലാളി സമരം പന്ത്രണ്ടാം ദിവസത്തിലേക്ക‌് കടന്നു. സമരത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക‌് സഹായ ഹസ‌്തവുമായി പീരുമേട‌് തോട്ടം തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾക്ക‌് അരിയും പച്ചക്കറി കിറ്റും വിതരണം ചെയ‌്തു.
കഴിഞ്ഞ പന്ത്രണ്ട‌് ദിവസമായി നാൽപതോളം തൊഴിലാളികളാണ‌് മാനേജ‌്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച‌് പണിമുടക്കി സമരം സംഘടിപ്പിക്കുന്നത‌്. സമരത്തിന‌് തുടക്കം മുതൽ പിടിടി യൂണിയൻ എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട‌്. തങ്ങൾ പതിറ്റാണ്ടുകളായി പണിയെടുക്കുന്ന ഡിവിഷനിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ചെങ്കര ഡിവിഷനിലേക്ക് ജോലിക്കായി  മാറ്റിയതാണ‌് സമരത്തിന‌് ആധാരമായത‌്. അതോടൊപ്പം സർവീസിൽ നിന്നും പിരിഞ്ഞ‌് നൂറുകണക്കിന‌് തൊഴിലാളികൾക്ക‌്  നൽകാനുള്ള ആനുകൂല്യങ്ങൾ നൽകുക, തൊഴിലാളികളിൽ നിന്നും മാനേജ‌്മെന്റ‌് പിരിച്ചെടുത്ത ബാങ്ക‌് വായ‌്പ ഗഡുക്കളുടെ ഒരു കോടിയോളം വരുന്ന തുക ബന്ധപ്പെട്ട ബാങ്കുകളിൽ നിക്ഷേപിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ‌് സമരം നടത്തുന്നത‌്. 
 ജൂൺ 23നാണ് സമരം ആരംഭിച്ചത്. സമരം തുടങ്ങി ആഴ്ചകൾ പിന്നിടുമ്പോഴും കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും ഒരുവിധ നടപടിയും ഉണ്ടായിട്ടില്ലന്നും തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ നാലു വർഷക്കാലം ആയി മിക്ക സമയങ്ങളിലും ക്ലസ്റ്റർ മാറ്റി ജോലി ചെയ്യണമെന്ന ആവശ്യവുമായി കമ്പനി രംഗത്ത് വന്നിരുന്നു. ഈ സമയങ്ങളിളിലൊക്കെ തന്നെ സമരം നടത്തിയാണ് തൊഴിലാളികൾ തങ്ങളുടെ അവകാശം നേടിയെടുത്തതെന്ന്‌  ഇവർ പറയുന്നത്. ഡിവിഷനിൽ 600 തൊഴിലാളികളാണ് ജോലി ചെയ്യേണ്ടത്. എന്നാൽ ഇപ്പോൾ ഇവിടെ 180 തൊഴിലാളികൾ മാത്രമാണ് 600 ഹെക്ടർ സ്ഥലത്ത‌് ജോലിചെയ്യുന്നത്. കൂടാതെ 27 കിലോ കൊളുന്താണ് ഒരുദിവസം തൊഴിലാളി എടുക്കേണ്ടത്. ഒന്നാം ഡിവിഷനിലെ  തൊഴിലാളികൾ 100 കിലോയിൽ കൂടുതൽ ഒരു ദിവസം എടുത്ത് കമ്പനി ഫാക്ടറിയിൽ നൽകുന്നതായും അവർ പറഞ്ഞു. സമരത്തിന് നേതൃത്വം നൽകിയ  മൂന്നോളം സിഐടിയു  പ്രവർത്തകരെ കമ്പനിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ബുധനാ‌ഴ‌്ച പിടിടി യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾക്ക് 10 കിലോ അരിയും, പച്ചക്കറിയും, പരിപ്പുമാണ്  നൽകിയത്. സിഐടിയു ജില്ലാ വൈസ‌് പ്രസിഡന്റ‌് ജി വിജയാനന്ദ‌് വിതരണോദ‌്ഘാടനം നിർവഹിച്ചു. യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം തങ്കദുര, കെ എം ഉഷ, ശാന്തി ഹരിദാസ‌്, എൻ ചന്ദ്രൻ, എം ടി ലിസി, ജി പൊന്നമ്മ, ഡി സുന്ദർരാജ‌്, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top