Top
23
Tuesday, January 2018
About UsE-Paper
സിപിഐ എം ജില്ലാ സമ്മേളന സെമിനാറുകള്‍

ഉദാരവല്‍ക്കരണകാലത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ വിലയിരുത്തി സെമിനാര്‍

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
തൊടുപുഴയില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്നു

 തൊടുപുഴ > നവ ഉദാരവല്‍ക്കരണകാലത്തെ ഇന്ത്യന്‍ കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അതിന്റെ സമഗ്രതയില്‍ വിലയിരുത്തിയ കാര്‍ഷികസെമിനാര്‍ കേള്‍വിക്കാര്‍ക്ക് സമ്മാനിച്ചത് പുത്തന്‍ അറിവുകളും അവബോധങ്ങളും. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൊടുപുഴയില്‍ സംഘടിപ്പിച്ച സെമിനാറാണ് ആഗോളവല്‍ക്കരണനയങ്ങളും അതിന്റെ ഭാഗമായി രൂപപ്പെടുത്തിയ കരാറുകളും കാര്‍ഷികമേഖലയ്ക്കുണ്ടാക്കിയ എണ്ണമറ്റ ദുരിതങ്ങളുടെ മറനീക്കിയത്. 

തൊടുപുഴ നഗരസഭാ മൈതാനത്ത് ചൊവ്വാഴ്ച വൈകിട്ട് നിറഞ്ഞ സദസ്സിനുമുന്നില്‍ അഖിലേന്ത്യാ കിസാന്‍സഭ വര്‍ക്കിങ് കമ്മിറ്റിയംഗവും സംസ്ഥാന വൈദ്യുതി മന്ത്രിയുമായ എം എം മണി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദുരിതം പേറുന്ന കര്‍ഷകരെ സഹായിക്കാന്‍ ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഉല്‍പന്നങ്ങള്‍  രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാമെന്ന നിലയുണ്ടായി. വില സ്ഥിരത ഉറപ്പാക്കാനാവണം. സബ്സിഡികളും ഇല്ലാതാവുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ നയം ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 
   2003നുശേഷം രാജ്യത്ത് ഇറക്കുമതി നാലിരട്ടിയായതായും കയറ്റുമതി വര്‍ധിച്ചതിന്റെ കണക്കൊന്നുമില്ലെന്നും മൂന്നുലക്ഷത്തിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തതായും  ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കെ ഫ്രാന്‍സിസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.  ഇന്ത്യ വന്‍കിട ശക്തിയാണെന്ന അവകാശവാദം നിലനില്‍ക്കുമ്പോഴാണ് പിടിച്ചുനില്‍ക്കാന്‍ വഴി കാണാതെ കര്‍ഷകര്‍ ജീവനൊടുക്കുന്നത്്. എല്ലാ കരാറുകളും ചര്‍ച്ചയില്ലാതെയാണ് ഒപ്പുവയ്ക്കുന്നത്. കരാറുകളുണ്ടാക്കുമ്പോള്‍ അതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകളുമായിക്കൂടി ചര്‍ച്ച നടത്തണമെന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശം ശുഭോദര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു.
   കേരളത്തിലൊഴികെ ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ പ്രാകൃതമായ കാര്‍ഷികരീതികളാണ് നിലനില്‍ക്കുന്നതെന്ന് കെ കെ ശിവരാമന്‍ പറഞ്ഞു. ശാസ്ത്രവളര്‍ച്ചയുടെ പ്രയോജനം കര്‍ഷകരിലെത്തിയിട്ടില്ല. കാര്‍ഷികരാജ്യമാണ് ഇന്ത്യയെന്ന് പറയുന്നുണ്ടെങ്കിലും അതൊരു ഭംഗിവാക്ക് മാത്രം. വിപണിമത്സരത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ദുര്‍ബല രാജ്യങ്ങള്‍ക്കില്ലെന്നും കാര്‍ഷികമേഖലയില്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധി അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സെമിനാറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയും സംബന്ധിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വി വി മത്തായി അധ്യക്ഷനായി. കണ്‍വീനര്‍ മുഹമ്മദ് ഫൈസല്‍ സ്വാഗതവും ടി ആര്‍ സോമന്‍ നന്ദിയും പറഞ്ഞു. 
 
 
കരാറുകളിലെ കര്‍ഷകവിരുദ്ധതയ്ക്കെതിരെ
പുതിയ മുന്നേറ്റം വേണം: മന്ത്രി എം എം മണി 
തൊടുപുഴ > ഇതിനകം ഒപ്പിട്ടുകഴിഞ്ഞ സ്വതന്ത്ര വ്യാപാര കരാറുകളിലെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകസംഘടനകളുടെ യോജിച്ച പുതിയ മുന്നേറ്റം വേണമെന്ന് സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൊടുപുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള കര്‍ഷകകൂട്ടായ്മകള്‍ വളര്‍ന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നു.
 കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന സംരക്ഷണമാണ് ഉദാരവല്‍ക്കരണത്തോടെ ഇല്ലാതായത്. ഈ നയത്തിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറുകളില്‍നിന്ന് ഇന്ത്യക്ക് മാത്രമായി എത്രകണ്ട് പിന്മാറാനാകുമെന്നത് സംശയമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കാര്‍ഷികമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കേ കഴിയൂ. ഇക്കാര്യത്തില്‍  സംസ്ഥാനസര്‍ക്കാരുകള്‍ക്കുള്ള സാധ്യത പരിമിതമാണ്. കര്‍ഷകരുടെ രക്ഷയ്ക്കുതകുന്ന സമീപനങ്ങള്‍ സ്വീകരിക്കാന്‍  കേന്ദ്രഗവണ്‍മെന്റില്‍ കടുത്ത സമ്മര്‍ദം കൊണ്ടുവരേണ്ടതുണ്ട്. അതിന് ഇനിയും യോജിച്ച കരുത്തുറ്റ  കര്‍ഷകമുന്നേറ്റങ്ങള്‍ വേണമെന്നും മണി പറഞ്ഞു.