15 November Thursday
കാലവർഷക്കെടുതി

തകർന്ന കോളേജ‌് കെട്ടിടം ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

മൂന്നാർ സർക്കാർ കോളേജിലെത്തിയ എഡ്യൂക്കേഷൻ അഡീഷണൽ ഡയറക്ടർ ഡോ. ഡി കെ സതീഷ് സ്ഥിതിഗതികൾ നേരിൽ കാണുന്നു

 

മൂന്നാർ 
കാലവർഷക്കെടുതിയിൽ തകർന്ന മൂന്നാർ സർക്കാർ കോളേജ് കെട്ടിടം ഉന്നത ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നും എത്തിയ കൊളീജിയറ്റ് എഡ്യൂക്കേഷണൽ അഡീഷണൽ ഡയറക്ടർ ഡോ. ഡി കെ സതീഷും സംഘവുമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച പകൽ മൂന്നോടെ എത്തിയ സംഘം ക്യാമ്പസിലെത്തി. കോളേജ് അധ്യാപകർക്കൊപ്പം തകർന്ന കെട്ടിടങ്ങൾ നിരീക്ഷിച്ചു. 
  സ്ഥലത്തെത്തിയ എസ് രാജേന്ദ്രൻ എംഎൽഎയുമായി ആശയ വിനിമയം നടത്തി. ആഗസ്ത് 16 ന് പുലർച്ചെ മൂന്നോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ഹോസ്റ്റൽ സഹിതം മൂന്ന് കെട്ടിടങ്ങൾ പൂർണമായും തകർന്നിരുന്നു. ഇതിൽ രണ്ട് കെട്ടിടങ്ങൾ മണ്ണിനടിയിലായി.  
    നിലവിലുള്ള മറ്റ് കെട്ടിടങ്ങളും അപകടഭീഷണിയിലാണ്. നിരവധി സ്ഥലങ്ങളിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. അവശേഷിച്ച കെട്ടിടങ്ങളിൽ കോളേജ് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടോയെന്നും മറിച്ച് മറ്റ് സ്ഥലങ്ങൾ കണ്ടെത്തി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനുമാണ് പ്രധാനമായും സംഘം എത്തിയത്. എസ് രാജേന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ പഴയ മൂന്നാറിൽ യോഗം ചേർന്നു. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഭാവി പ്രവർത്തനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. 450 ഓളം വിദ്യാർഥികളാണ് കോളേജിൽ പഠിക്കുന്നത്.
 
 
പ്രധാന വാർത്തകൾ
Top