14 November Wednesday

കണക്കില്ലാ നഷ്ടങ്ങളുടെ തുരുത്തായി വെള്ളത്തൂവൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

 
അടിമാലി 
തോരാതെ പെയ്തിറങ്ങിയ പെരുമഴയിൽ ദേവികുളം താലൂക്കിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് വെള്ളത്തൂവൽ പഞ്ചായത്തിൽ.  മലയിടിച്ചിലും ഉരുൾപൊട്ടലും ഭീതിയും ആശങ്കയും നിറഞ്ഞ ദിനങ്ങളാണ് വെള്ളത്തൂവലിലും പ്രാന്തപ്രദേശങ്ങളിലും ഉണ്ടായത്. വെള്ളത്തൂവൽ, ആനവിരട്ടി, കൂമ്പൻപാറ, നായിക്കുന്ന്, ഓടക്കാസിറ്റി, മാങ്കടവ് കുത്തുപാറ, പൂത്തലനിരപ്പ്, പന്നിയാർകുട്ടി, കത്തിപ്പാറ, എല്ലക്കൽ, പോത്തുപാറ, കുഞ്ചിത്തണ്ണി, ആയിരമേക്കർ തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഭൂമി വിണ്ടുകീറിയതിന്റെയും മണ്ണിടിച്ചിലിന്റേയും അവശേഷിപ്പുകളാണ് കാണാനുള്ളത്. ഏറ്റവും വലിയ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത് പന്നിയാർകുട്ടിയിലാണ്.
പന്നിയാർ പുഴയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്തിരുന്ന പന്നിയാർകുട്ടി ടൗണിനെ പൂർണമായും ഇല്ലാതാക്കിയ മലയിടിച്ചിലാണ് ഉണ്ടായത്. അഞ്ചുപേരുടെ ജീവനെടുത്ത വെള്ളത്തൂവൽ എസ‌് വളവിലെ ഉരുൾപൊട്ടലാണ് ഇതിൽ ഏറ്റവും ഭീകരത സൃഷ്ടിച്ചത്. പഞ്ചായത്തിലാകെ 193 വീടുകൾ പൂർണമായും നഷ്ടപ്പെട്ടു. 286 വീടുകൾ വാസയോഗ്യമല്ലാതായി. 29 കിണറുകൾ നശിച്ചു. 205 കുടുംബങ്ങളുടെ 25 ഹെക്ടർ കൃഷിയിടങ്ങൾ, 10 ഹെക്ടർ പാടശേഖരം എന്നിവയും കൃഷിയോഗ്യമല്ലാതായി. 19 കാലിത്തൊഴുത്തുകൾ, ഗ്രാമീണ പാതകൾ ഉൾപ്പടെ കുടിയേറ്റ കർഷകന്റെ സ‌്പന്ദനങ്ങളുടെ മേലേയ‌്ക്കാണ‌് പ്രകൃതി ഒരു ദുരന്തമായി പെയ്തിറങ്ങിയത്. ഒരു പുരുഷായുസ്സുകൊണ്ട് അവർ നെയ്ത സ്വപ്നങ്ങൾ അഞ്ചോ, ആറോ ദിവസങ്ങൾകൊണ്ട് പ്രകൃതിതന്നെ കവർന്നെടുത്തു.  
 ആരോടും മിണ്ടാനാവാതെ ഒന്നും മിണ്ടാൻ കഴിയാതെ വാടകവീടിന്റെ നാലു ചുവരുകളിൽ അഭയം പ്രാപിച്ചവർ. ഇപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ രണ്ട് ക്യാമ്പുകളിലായിക്കഴിയുന്ന 25 കുടുംബങ്ങൾ. നിലവിൽ മഴകുറഞ്ഞ സാഹചര്യത്തിൽ വിവിധ ക്യാമ്പുകളിലുണ്ടായിരുന്നവർ വീടുകളിലേക്ക് മടങ്ങിയെത്തിയെങ്കിലും ആശങ്കയോടെയാണ് പലരും ഉറ്റുനോക്കുന്നത്. ജിയോളജിക്കൽ വകുപ്പിന്റെ പഠനം നടത്തി ജനങ്ങളുടെ ആശങ്കകൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പ്രദേശവാസികൾ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top