15 November Thursday

യൂത്ത് കോണ്‍ഗ്രസ് ജാഥയ്ക്ക് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

 ഇടുക്കി > നിക്ഷിപ്ത താല്‍പര്യക്കാരുടെ അജണ്ടയ്ക്ക് അനുസരിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ജാഥയുടെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പും. പാര്‍ടിയുടെ പിന്തുണപോലുമില്ലാതെ സംസ്ഥാന പ്രസിഡന്റ്  ഡീന്‍ കുര്യാക്കോസ് നയിക്കുന്ന ജാഥയ്ക്ക് പിന്നില്‍ യഥാര്‍ഥ വസ്തുതകള്‍ മറയ്ക്കാനുള്ള തന്ത്രവും കാണാം. ചില മാധ്യമങ്ങളുടെയും ഏതാനും നേതാക്കളുടെയും കപട  പരിസ്ഥിതി  ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെയും ഒത്തുചേരല്‍ ആസൂത്രണ രാഷ്ട്രീയമാണ് നിഴലിക്കുന്നത്. കൊട്ടക്കാമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന ഭൂമിസംബന്ധിച്ചുള്ളവ വഴിതിരിച്ചുവിട്ട് ജില്ലയിലെ കര്‍ഷക ജനതയാകെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന  രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ആയുധമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാറിയെന്നതിന്റെ തെളിവായാണ് ജാഥയെ കാണുന്നത്. 

പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകവിരുദ്ധ റിപ്പോര്‍ട്ടുകള്‍ അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസ് സംഘത്തിന്റെ അനുയായികള്‍ ചിലപ്പോഴെല്ലാം സജീവമാകാറുണ്ട്. ഉന്നംവയ്ക്കുന്നത് ഇടുക്കിയെയും. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നതാണ് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍. അത് വീറോടെ നടപ്പാക്കാന്‍  പ്രവര്‍ത്തിച്ചത് പി ടി തോമസായിരുന്നു. ഇടുക്കിയിലെ  കര്‍ഷകരെ സ്വന്തം മണ്ണില്‍നിന്നും അന്യവല്‍ക്കരിക്കാന്‍ നടത്തിയ നീക്കങ്ങളെ പിന്തുണച്ച പി ടി യെ ഇടുക്കിയിലെ ജനമനസ്സില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു. ഉത്തമ അനുയായി ഡീന്‍ കുര്യാക്കോസാണിപ്പോള്‍ നിക്ഷിപ്ത താല്‍പര്യങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 
 മലയോര കര്‍ഷകര്‍ക്ക് പട്ടയം നിഷേധിക്കാനായിരുന്നു  ആദ്യശ്രമം. പി ടി തോമസിന്റെ കൂട്ടുകെട്ടില്‍പ്പെടുന്ന വണ്‍ എര്‍ത്ത് ആന്‍ഡ്  വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടനയാണ് ഇടുക്കിയില്‍ പട്ടയം കൊടുക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നല്‍കിയത്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സുപ്രീം കോടതിയില്‍ നടത്തിയ നിരന്തരമായ നിയമ പോരാട്ടത്തിലൂടെയാണ് പട്ടയം നല്‍കാനുള്ള അനുമതി നേടിയെടുത്തത്. എന്നാല്‍ തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ പട്ടയത്തില്‍ ഉപാധികള്‍ അടിച്ചേല്‍പ്പിച്ച് കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. 
ഇവരുടെ തന്നെ മറ്റൊരു അജണ്ടയായിരുന്നു ഹൈറേഞ്ച് മൌണ്ടന്‍ ലാന്‍ഡ്സ്കേപ്പ് പദ്ധതി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം മന്ത്രിയായിരിക്കെയാണ് ഇടുക്കിയില്‍ നടപ്പാക്കാന്‍ കൊണ്ടുവന്ന ഈ പദ്ധതി. അതിശക്തമായ ജനകീയ പ്രതിരോധം ഇടത് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിലൂടെയാണ് പദ്ധതി നടത്തിപ്പിക്കാതിരുന്നത്. 
    ഉടുമ്പന്‍ചോല വന്യജീവി ഇടനാഴിയായിരുന്നു മറ്റൊരു ലക്ഷ്യം. വന്യജീവികള്‍ക്ക് സഞ്ചാരിക്കാനെന്ന നിലയില്‍ ഉടുമ്പന്‍ചോല താലൂക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ കൂടി ഇടനാഴികള്‍ സൃഷ്ടിക്കാനും അതിലൂടെ പ്രദേശമാകെ വന‘ഭൂമിയാക്കി മാറ്റാനുമായിരുന്നു നീക്കം. ഇതിന്റെ പിന്നിലും മറ്റാരുമായിരുന്നില്ല. വട്ടവടയെന്ന ഒറ്റ പഞ്ചായത്തിന്‍ തന്നെ മൂന്ന് സാങ്ച്വറികള്‍ കൊണ്ടുവന്നതിന്റെ ലക്ഷ്യവും ദുരൂഹമാണ്. അവിടുത്തെ ജനങ്ങളെ ശ്വാസം മുട്ടിപ്പിച്ച് പുറത്താക്കാനും‘ഭാവിയില്‍ പഞ്ചായത്താകെ ഒറ്റ വന്യജീവി സങ്കേതമാക്കി മാറ്റാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഊഹിക്കാവുന്നതെയുള്ളൂ. 
    ആനമുടിച്ചോല, പാമ്പാടുംചോല, കുറിഞ്ഞി എന്നീ മൂന്ന് സാങ്ച്വറികളാണ് ഒരു പഞ്ചായത്തിനുള്ളിലുള്ളത്. തൊട്ടടുത്ത പഞ്ചായത്തായ മറയൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലുള്ള ജീവികളെ ഇവിടേക്കെത്തിക്കുക എന്നതാണ് ‘ലക്ഷ്യമിടുന്നത്. മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേര് പറഞ്ഞ് ചെന്നൈ ഗ്രീന്‍ട്രൈബ്യൂണലില്‍ കേസ് നല്‍കിയിട്ടുള്ളതും  ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. 
 കുറിഞ്ഞി സാങ്ച്വറിയുടെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര അനുവാദം വേണമെന്ന തെറ്റായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ചില പത്രം വാര്‍ത്ത നല്‍കിയത്. മാധ്യമ അജണ്ടയാണ് വാര്‍ത്തയ്ക്ക് പിന്നിലുള്ളത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സാങ്ച്വറികളുടെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കുന്നതില്‍ മാത്രമേ കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെയോ അനുമതി ആവശ്യമുള്ളു. കുറിഞ്ഞി സാങ്ച്വറിയാകട്ടെ പ്രാഥമിക വിജ്ഞാപനം മാത്രമേ (ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷന്‍) പുറപ്പെടുവിച്ചിട്ടുള്ളത് എന്നത്  മറച്ചാണ് പ്രചാരണം. ജില്ലയില്‍ പതിറ്റാണ്ടുകളായി ജീവിച്ചു പോരുന്ന ലക്ഷക്കണക്കായ തമിഴ് ജനവിഭാഗത്തെക്കൂടി റവന്യൂ ഭൂമി കൈയ്യേറിയവരെന്ന് ആക്ഷേപിച്ചാണ് ജാഥയുടെ ഫ്ളക്സ് ബോര്‍ഡുകളിലെ വാക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 
പ്രധാന വാർത്തകൾ
Top