23 September Sunday
കെകെ റോഡ‌് തകർച്ച

വാഹന ഗതാഗതത്തിന് സമയദൈർഘ്യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

 

 
കുമളി
കനത്തമഴയെ തുടർന്ന് കോട്ടയം‐കുമളി പാത തകർന്നത് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് സമയ ദൈർഘ്യം കൂടുന്നു. രണ്ട് മാസത്തിലധികമായി തുടർച്ചയായി പെയ്ത മഴയിൽ കൊട്ടാരക്കര‐ ദിണ്ഡുഗൽ ദേശീയപാതയിൽ കുമളിക്കും മുണ്ടക്കയത്തിനുമിടയിൽ നിരവധി ഭാഗങ്ങളിൽ റോഡിൽ മണ്ണിടിച്ചിലുണ്ടായി. റോഡിലേക്ക് വീണ മണ്ണ് പൂർണമായും നീക്കാൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. ഗതാഗതത്തിന് തടസ്സമില്ലാത്ത നിലയിൽ ഭാഗികമായി മാത്രമാണ് മണ്ണ് നീക്കിയത‌്. വ്യാപകമായി മെറ്റൽ ഇളകി റോഡ‌് കുണ്ടും കുഴിയുമായി. രണ്ടാഴ്ച മുമ്പ് പീരുമേട് സിപിഎം സർക്കാർ ഹൈസ്കൂളിനുസമീപം റോഡിൽ പ്രത്യക്ഷപ്പെട്ട വിള്ളലിനെ തുടർന്ന് ദേശീയപാത ഒരു വരി മാത്രമാണ് ഉപയോഗിക്കാനാവുന്നത്. ഒരു ഭാഗത്തുനിന്നുള്ള വാഹനം പോയശേഷം മാത്രമാണ് മറ്റ് വാഹനങ്ങൾക്ക് മറുഭാഗത്തേക്ക് പോകാനാവുന്നത്. വണ്ടിപ്പെരിയാറിൽ കക്കിക്കവല മുതൽ വാളാഡി വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്ത് തുടർച്ചയായി വെള്ളം കയറിയതിനെ തുടർന്ന് റോഡ് പൂർണമായും തകർന്നു. റോഡിൽ വലിയ ഗർത്തവും വെള്ളക്കെട്ടും രൂപപ്പെട്ടു.
റോഡിലെ കുഴികളും തകർച്ചയും മൂലം യാത്രയ‌്ക്ക‌് സാധാരണയിലധികം സമയം എടുക്കുന്നു. ഇരുചക്രവാഹനങ്ങളും കാറും ജീപ്പും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളും വളരെ പ്രയാസപ്പെട്ടാണ് പോകുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും തമിഴ്നാട്ടിലേക്ക് നീളുന്ന ദേശീയപാതയുമായതിനാൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ പോയിരുന്ന പാതയാണിത്. എന്നാലിപ്പോൾ പഴയ തിരക്കില്ല.
   തേക്കടി അടച്ചിട്ടിരിക്കുന്നതിനാൽ വിനോദ സഞ്ചാരികളും എത്തുന്നില്ല. 45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കലുങ്കിന്റേയും റോഡ് ഉയർത്തലിന്റേയും ജോലികൾ പൂർത്തിയായാൽ ടാറിങ് നടക്കുമെന്നതിനാൽ ആശ്വസിക്കാൻ വകയുണ്ട്. ജോയ‌്സ് ജോർജ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് ദേശീയപാതയിൽ പുതിയ കലുങ്കുകളുടേയും റോഡ് നിവർത്തലിന്റേയും ജോലികൾ നടക്കുന്നത്.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top