14 November Wednesday

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


വൈപ്പിൻ
സിപിഐ എം വളപ്പ് ബ്രാഞ്ച് സെക്രട്ടറിയും കർത്തേടം സഹകരണ ബാങ്ക് ജീവനക്കാരനുമായ വി കെ ലാലനെ ഇരുമ്പുവടിക്കടിച്ച് പരിക്കേൽപിച്ചു. കൈക്ക് പരിക്കേറ്റ ലാലനെ ഞാറക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളപ്പ് വെളീത്തറ കുമാരന്റെ മകൻ ദിനേശനാണ് തന്നെ ആക്രമിച്ചതെന്ന് ലാലൻ പറഞ്ഞു. ഇയാൾ വളപ്പ് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്.

ബുധനാഴ്ച  ജോലിക്കായി ബാങ്കിലേക്ക് പോകുംവഴി മാലിപ്പുറം അലിയാർ സ്മാരക വായനശാലയ്ക്കടുത്താണ് സംഭവം. സ്കൂട്ടറിൽ പോയ ലാലനെ ഓട്ടോറിക്ഷ വട്ടമിട്ട് തടഞ്ഞായിരുന്നു ആക്രമിച്ചത്. ആദ്യം മുഖത്തടിക്കുകയും പിന്നീട് ഓട്ടോറിക്ഷയിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുകയുമായിരുന്നു. തടയുന്നതിനിടെ ഇടതുകൈക്കാണ് അടിയേറ്റത്. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. ഞാറക്കൽ പൊലീസ് സ്ഥലത്തെത്തി ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

ഓട്ടോറിക്ഷ യൂണിയൻ (എഐടിയുസി) പ്രവർത്തകനാണ് ദിനേശൻ. ഇയാളുടെ സഹോദരൻ സുരേഷ് ഇക്കഴിഞ്ഞ ഞായറാഴ്ച വി കെ ലാലനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ സിപിഐ എം എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമിയെ അറസ്റ്റ് ചെയ്യണമെന്നും ലാലനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top