13 November Tuesday

അഴിമതി ചൂണ്ടിക്കാണിച്ചാൽ അന്വേഷണം നേരിടാൻ തയ്യാർ: കെ തുളസി

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018


കാലടി   
സ്വന്തം ഭരണകാലത്തെ അഴിമതികളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണത്തെ പ്രതിരോധിക്കാനാണ്  കാലടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ‌് അഴിമതി ആരോപിക്കുന്നതെന്ന‌്  പ്രസിഡന്റ‌് കെ തുളസി പറഞ്ഞു.  യുഡിഎഫിന്റെ ആരോപണത്തിൽ  ഏത‌് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കെ തുളസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

പ്രതിപക്ഷ അംഗങ്ങൾ വ്യാജ ആരോപണമാണ‌് ഉന്നയിക്കുന്നത‌്. 1.47 കോടി ചെലവഴിച്ച‌് യുഡിഎഫ് ഭരണസമിതി പണികഴിപ്പിച്ച പഞ്ചായത്ത്ഓഫീസ് കെട്ടിടത്തെ സംബന്ധിച്ച് കഴിഞ്ഞദിവസം നടന്ന ഉന്നതതല അന്വേഷണമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത‌്. ഐസ്എസ്ഒ  സർട്ടിഫിക്കേഷനുള്ള മിനിമം സൗകര്യങ്ങൾപോലും പുതിയ കെട്ടിടത്തിനില്ല. യുഡിഎഫ് ഭരണനേതൃത്വം അഴിമതി നടത്തിയെന്ന് പരാതി നൽകിയത‌് നിർമാണത്തിന് മേൽനോട്ടംവഹിച്ച എൻജിനിയറാണ്. എൽഡിഎഫ‌് ഭരണസമിതി ഐഎസ്ഒ സർട്ടിഫിക്കേഷനുവേണ്ട നടപടികൾക്കായി കിലയെ ചുമതലപ്പെടുത്തി. ആധുനിക ഫിഷ്മാർക്കറ്റെന്ന പേരിൽ കോടികൾ മുടക്കി പണിത കെട്ടിടം കാടുപിടിച്ച‌് ഉപയോഗശ്യൂന്യമായത‌്  പുനർനിർമിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കി. മത്സ്യ﹣മാംസ മാർക്കറ്റ് പൂർണമായും കെട്ടിടത്തിലേക്ക്മാറ്റി പ്രവർത്തിപ്പിക്കാനുള്ള നടപടികളായി. 1.5 കോടി മുടക്കി യുഡിഎഫ‌് ഭരണസമിതി നിർമിച്ച അറവുശാലയിൽ ആവശ്യത്തിന‌് സൗകര്യങ്ങളില്ലായിരുന്നു. അറവുശാല നവീകരിച്ച‌ു. അടുത്തമാസം ഉദ്ഘാടനം നടക്കും.
മഴക്കാലപൂർവ ശുചീകരണം നടത്താൻ 25,000 രൂപ അനുവദിച്ചിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പ്രതിപക്ഷാംഗങ്ങൾ തയ്യാറായില്ല. ലൈഫ് മിഷൻ പദ്ധതിപ്രകാരം 10 വീടുകൾ നിർമാണത്തിലാണ‌്. ബയോപോട്ട്,  ബയോഗ്യാസ് പ്ലാന്റ്, കംമ്പോസ്റ്റ് പിറ്റ് തുടങ്ങിയ ഉറവിടമാലിന്യ സംസ്കരണത്തിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. അജൈവ മാലിന്യങ്ങൾ വീടുകളിൽനിന്നു ശേഖരിക്കുന്ന പദ്ധതിയും തുടങ്ങി. 

സർവകക്ഷിയോഗം വിളിച്ചാണ‌് ഡമ്പിങ‌് യാർഡിൽ കുന്നുക്കൂടിക്കിടക്കുന്ന മാലിന്യം മാറ്റിയത‌്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നൽകിയ കെട്ടിട നിർമാണ അനുമതികളെല്ലാം കോടതിയിലാണ‌്. കാലടി ടൗണിൽ കെട്ടിടം പണിത‌് നമ്പർ കിട്ടാത്തവരുണ്ട‌്‌.

ആറു പഞ്ചായത്ത് സെക്രട്ടറിമാരെ മാറ്റിയെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഭരണപരമായ അജ്ഞതമൂലമാണ‌്. ഈ ഭരണസമിതി വന്ന് ആറുമാസം കഴിഞ്ഞപ്പോൾ സെക്രട്ടറി വിരമിച്ചു. തുടർന്ന് ചുമതല ഉണ്ടായിരുന്ന അസി. സെക്രട്ടറി പ്രൊമോഷൻ ലഭിച്ചതിനാൽ സ്ഥലംമാറി. തുടർന്ന് ഒക്കൽ സെക്രട്ടറിക്ക് താൽക്കാലിക ചുമതല കൊടുത്തു. പുതിയ സെക്രട്ടറി വന്നപ്പോൾ ചുമതല ഒഴിഞ്ഞു. തുടർന്നുവന്ന സെക്രട്ടറിമാർ മ്യൂച്വൽ ട്രാൻസ്ഫർവഴി അവരുടെ അടുത്ത പഞ്ചായത്തുകളിലേക്ക് സ്ഥലംമാറി.

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഭരണം നടത്തുകയല്ല എൽഡിഎഫ‌് ഭരണസമിതിയുടെ ശൈലി. ചരിത്രത്തിലാദ്യമായി പഞ്ചായത്തിന്റെ തനതുവരുമാനം കോടി ക്ലബ്ബിലെത്തി. പദ്ധതിത്തുക  100 ശതമാനം ചെലവഴിച്ചതായും കെ തുളസി പറഞ്ഞു. വൈസ് പ്രസിഡന്റ് വാലസ് പോൾ, അംഗങ്ങളായ ബിജു പരമേശ്വരൻ നായർ, ഉഷ ബാലൻ, റൂബി ആന്റണി, പുഷ്പാമണി ജയപ്രകാശ്, സോഫി വർഗീസ്, സൽമ സിദ്ദിഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top