Top
23
Tuesday, January 2018
About UsE-Paper

കോണ്‍ഗ്രസ് അതിവേഗം ബിജെപിയാകും: വി ശിവദാസന്‍

Wednesday Dec 27, 2017
വെബ് ഡെസ്‌ക്‌

ചേര്‍ത്തല > കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ക്ക് ബിജെപിയാകാന്‍ അധികസമയം വേണ്ടെന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി ശിവദാസന്‍ പറഞ്ഞു. മരുത്തോര്‍വട്ടത്ത് സിപിഐ എം കഞ്ഞിക്കുഴി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലും യുപിയിലും ഉള്‍പ്പെടെ പ്രമുഖ  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരുമടിയും കൂടാതെ ബിജെപിയില്‍ ചേരാന്‍ അധികസമയം വേണ്ടിവന്നില്ല. ഇരുപാര്‍ടികളുടെയും നയങ്ങള്‍ ഏകദേശം സമാനമായതാണ് ഇതിന് കാരണം. ഇവര്‍ക്കെതിരെയുള്ള പോരാട്ടം നയിക്കാന്‍ ഇടതുപക്ഷ-മതനിരപേക്ഷ ശക്തികളുടെ ഐക്യനിരയ്ക്ക് മാത്രമേ സാധിക്കൂ. വര്‍ഗീയതയും ജനവിരുദ്ധ നയങ്ങളും ബിജെപി സര്‍ക്കാരിനെതിരെ വലിയ ജനരോഷമാണ് സൃഷ്ടിക്കുന്നത്. ബിജെപി ഭരണത്തില്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപുര്‍ണമായി. കുത്തകകളാണ് തടിച്ചുകൊഴുക്കുന്നത്. 

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശരിയായ ബദല്‍ മാതൃകയാണ് രാജ്യത്തിന് കാട്ടുന്നത്. എല്ലാവിഭാഗം ജനതയ്ക്കും സാമുഹ്യസുരക്ഷ ഉറപ്പാക്കിയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ സമഗ്രവികസനം സാധ്യമാക്കിയും നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭരണനയങ്ങളും ഇടത് നയവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം രാജ്യത്തെ ജനങ്ങള്‍ കേരളത്തിലൂടെ തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.