26 September Wednesday

ആലുവ മണപ്പുറം ചളിക്കൂനയായി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


ആലുവ
പ്രളയജലം വിഴുങ്ങിയ ശിവരാത്രി മണപ്പുറം യുദ്ധംഒഴിഞ്ഞ പടക്കളംപോലെയായി. 72 മണിക്കൂർ വെള്ളം മൂടിക്കിടന്ന ശിവക്ഷേത്രവും പരിസരവും വെള്ളപ്പൊക്കത്തിന്റെ തിരുശേഷിപ്പുകണക്കെ ചളിക്കൂമ്പാരംകൊണ്ട്‌ നിറഞ്ഞു. വൈദ്യുതിക്കാലുകൾ പലതും ഒടിച്ചുഞെരിച്ചിട്ട രീതിയിലാണ്‌. വൈദ്യുതക്കമ്പികളാകട്ടെ ചുറ്റിപ്പിണഞ്ഞ്‌ തലങ്ങും വിലങ്ങും കിടക്കുന്നു. മണപ്പുറത്തെ ബലിപ്പുര പാടെ തകർത്തെറിഞ്ഞു.

മണപ്പുറത്തെ കുട്ടിവനത്തെ ചപ്പുചവറുകളും വള്ളിപ്പടർപ്പുകളുംകൊണ്ട്‌ നിറച്ച പ്രളയജലം, മണപ്പുറത്തിന്റെ പല ഭാഗങ്ങളിലും പൊടിമണൽ സമ്മാനിച്ചാണ്‌ കടന്നുപോയത്‌. ദേവസ്വം ബോർഡിന്റെ മണപ്പുറത്തെ താൽക്കാലിക ഹാളിലും ചളിക്കൂമ്പാരമായിട്ടുണ്ട്‌. ഹാളിന്റെ ഉൾഭാഗം മൂന്നിലൊന്ന്‌ ഭാഗത്ത്‌ നാലടിയിലേറെയാണ്‌ ചളി കൂടിയിരിക്കുന്നത്‌. ഹാളിന്റെ വശങ്ങളിലെ ഇരുമ്പുവല ചപ്പുചവറുകൾ അടിഞ്ഞുകൂടി മൂടപ്പെട്ടിരിക്കുകയാണ്‌.

തോട്ടക്കാട്ടുകര കവലമുതൽ ആൽത്തറവരെയുള്ള വീടുകളും പരിസരവും ദുർഗന്ധം വമിക്കുന്ന ചളി നിറഞ്ഞിട്ടുണ്ട്‌. ജില്ല പൊലീസ്‌ ക്യാമ്പിലെ ഫർണിച്ചറുകൾ പലതും വെള്ളത്തിൽ കുതിർന്നു. ശിവക്ഷേത്രത്തിലും വീടുകളിലും ട്രാക്ടറും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച്‌ ചളിനീക്കം നടക്കുന്നുണ്ടെങ്കിലും പഴയ സ്ഥിതിയിലാക്കാൻ ആഴ്‌ചകൾ വേണ്ടിവരും. പട്ടണത്തിലെ കടകളിൽ ഉണ്ടായിരുന്ന സാധനസാമഗ്രികൾ മുഴുവൻ നനഞ്ഞുകുതിർന്നത്‌ വഴിയരികിലേക്ക്‌ നീക്കിയിരിക്കുകയാണ്‌. പൊടിശല്യംമൂലം ഇതുവഴിയുള്ള യാത്ര അസഹ്യമായി തീർന്നിട്ടുണ്ട്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top