21 September Friday

മഴക്കാലത്തെ വെള്ളക്കെട്ട‌് : കമ്മട്ടിപ്പാടത്തെ ദുരിതമകറ്റാൻ അടിയന്തര ഇടപെടൽ വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

കെഎസ്‌കെടിയു നേതാക്കൾ കമ്മട്ടിപ്പാടം സന്ദർശിച്ചപ്പോൾ

കൊച്ചി > കനത്ത മഴയിലെ വെള്ളക്കെട്ടിനെത്തുടർന്ന‌് ദുരിതത്തിലായ നഗരത്തിലെ കമ്മട്ടിപ്പാടം പ്രദേശം കെഎസ‌്കെടിയു ജില്ലാ നേതൃത്വം സന്ദർശിച്ചു. എറണാകുളം  കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം  മൂന്നുവശവും റെയിൽപ്പാളങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ദുരിതാവസ്ഥയ‌്ക്ക‌് റെയിൽവേ ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന‌് നേതാക്കൾ ആവശ്യപ്പെട്ടു.

കമ്മട്ടിപ്പാടം ട്രയാംഗിൾ എന്ന പ്രദേശത്ത് അരനൂറ്റാണ്ടായി 75 കുടുംബങ്ങൾ താമസിക്കുന്നുണ്ട‌്. പാടശേഖരമായിരുന്ന പ്രദേശം റെയിൽവികസനത്തിന്റെ ഭാഗമായി രണ്ടായി മുറിച്ചതോടെയാണ‌്  വെള്ളകെട്ടുനിറഞ്ഞ പ്രദേശമായി മാറിയത‌്.  മഴക്കാലത്ത് വീടും പരിസരവും വെള്ളക്കെട്ടിലാകും.

സൗത്ത് റെയിൽവേ സ്റ്റേഷനും മാർഷലിങ‌് യാർഡും തൊട്ടടുത്തായതിനാൽ സിഗ്നൽ കാത്തും ഷണ്ടിങ്ങിനുമായി ട്രെയിനുകൾ മണിക്കൂറുകൾ റെയിൽപ്പാളത്തിൽ പിടിച്ചിടുന്നത് പതിവാണ്. ഹൃദ‌്രോഗബാധിതനായ ചുമട്ടുതൊഴിലാളിയെ ട്രെയിൻ കുറുകെ കിടക്കുന്നതിനാൽ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻകഴിയാതെ മരിച്ചിരുന്നു‌.

 സമീപപ്രദേശങ്ങളെക്കാൾ താഴ്‌ന്നതിനാൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള അഴുക്ക‌ുവെള്ളം വീടുകൾക്കുള്ളിലേക്ക‌് കയറും.  കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവരെ എവിടെ താമസിപ്പിക്കുമെന്ന വ്യാധിയിലാണ്. കാനകൾ ആഴംകൂട്ടി വൃത്തിയാക്കിയാലേ വെള്ളം ഒഴുകിപ്പോകൂ. പേരണ്ടൂർ കനാലിലെ പോള നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്ന‌് കെഎസ‌്കെടിയും ആവശ്യപ്പെട്ടു.

   ചളി കോരി ചാലിന്റെ ആഴം വർധിപ്പിച്ച് മുകളിൽ സ്ലാബിടണം.  റെയിൽ ക്രോസ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ഥാപിച്ച സക്കർ ചളി അടിഞ്ഞുകൂടി തടസ്സപ്പെട്ടിരിക്കുകയാണ‌്. പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുമുണ്ട്.

  ദീർഘകാലാടിസ്ഥാനത്തിൽ മതിയായ നഷ്ടപരിഹാരം നൽകി ട്രയാംഗിൾ ഭാഗത്തെ സ്ഥലം റെയിൽവേ ഏറ്റെടുക്കണം. നഗരത്തിൽ തൊഴിലെടുത്ത് ഉപജീവനം നടത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് റെയിൽവേ നൽകണം. ദുരിതത്തിലായവർക്ക‌് അടിയന്തര സഹായം എത്തിക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ, പ്രസിഡന്റ് എം കെ മോഹനൻ, ട്രഷറർ വി എം ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീടുകൾ സന്ദർശിച്ചത്.

വൈറ്റില ഏരിയ പ്രസിഡന്റ് പി എസ് സതീഷ്, ഏരിയ സെക്രട്ടറി കെ കെ ബാബു, സിപിഐ എം ലോക്കൽ സെക്രട്ടറി ബി എൻ ഭുവനചന്ദ്രൻ, സി കെ രാധാകൃഷ്ണൻ, എൽ വിക്രമൻ, പ്രമീള വിക്രമൻ, വി കെ അരവിന്ദാക്ഷൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കമ്മട്ടിപ്പാടത്തെത്തിയ
കലക്ടറുമായും സംഘം ചർച്ച നടത്തി.

പ്രധാന വാർത്തകൾ
Top