14 December Friday

പാടത്ത് ഇട്ട മണ്ണ‌് നീക്കിയില്ലെങ്കിൽ സമരം നടത്തുമെന്ന് കർഷകർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 25, 2018


മൂവാറ്റുപുഴ
മുളവൂർ കാളക്കുഴി പാടശേഖരത്തിൽ സ്വകാര്യ വ്യക്തി ഇട്ട മണ്ണ‌് നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധം. പായിപ്ര പഞ്ചായത്തിലെ മുളവൂർ വില്ലേജിലുൾപ്പെട്ട ഒരേക്കറിലേറെയുള്ള പാടശേഖരമാണ് 2014 ജനുവരി എട്ടിന് രാത്രിയിൽ നികത്തിയത്. സമീപത്തെ തോടും മണ്ണിട്ട് നികത്തിയതിനാൽ ഇതിലൂടെയുള്ള നീരൊഴുക്കും നിലച്ചു.

സമീപത്തെ നെൽക്കൃഷിക്കാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ, താലൂക്ക് ഓഫീസർ എന്നിവരുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം നികത്തൽ മൂവാറ്റുപുഴ ആർഡിഒ തടഞ്ഞു. പാടം നികത്തിയയാൾ ജില്ലാ കലക്ടർക്ക് ഹർജി നൽകിയെങ്കിലും ആർഡിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ പരാതി തള്ളി. ഇതിനെതിരെ പാടം നികത്തിയയാൾ ഹൈക്കോടതിയിൽ പരാതി നൽകി. എന്നാൽ തൽസ്ഥിതി തുടരാനും പാടം നികത്തിയയാളുടെ വാദം തീർപ്പാക്കാൻ പ്രാദേശികതല നിരീക്ഷണ സമിതിക്ക‌് 2014 നവംബർ 11ന് കോടതി നിർദേശം നൽകി. കോടതി ഉത്തരവ് പ്രകാരം നിലം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവ് നൽകിയെങ്കിലും പാലിച്ചില്ല. രണ്ട് മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് നികത്തിയത് മുപ്പൂ കൃഷി ചെയ്യുന്ന പാടത്തിന് ഭീഷണിയായി. മണ്ണ് നീക്കിയില്ലെങ്കിൽ പ്രതിഷേധ സമരം നടത്തുമെന്ന്  നെൽക്കൃഷിക്കാർ അറിയിച്ചു.


പ്രധാന വാർത്തകൾ
Top