21 September Friday

വീടിനുള്ളിൽ പൂട്ടിയിട്ടിരുന്ന 3 കുട്ടികളെ മോചിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

ആലങ്ങാട്  > രക്ഷിതാക്കൾ വീടിനുള്ളിൽ  പൂട്ടിയിട്ടിരുന്ന മൂന്നു കുട്ടികളെ കലക‌്ടറുടെ ഉത്തരവിനെ തുടർന്ന‌് മോചിപ്പിച്ചു.  ഒമ്പത‌്, 10, 11 വയസ്സുള്ള ആൺകുട്ടികളെയാണ‌് ആലങ്ങാട് തത്തപ്പിള്ളിയിൽ ഇരുനില കെട്ടിടത്തിനു മുകളിൽ  പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത‌്. പറവൂർ വടക്കേക്കര സ്വദേശികളായ അബ‌്ദുൽ ലത്തീഫിന്റെയും രേഖയുടെയും മക്കളാണിവർ. അബ‌്ദുൽ ലത്തീഫും രേഖയും 12 വർഷത്തോളമായി തത്തപ്പിള്ളിയിലാണ‌് താമസം. പറവൂർ വടക്കേക്കര നിവാസികളായിരുന്ന ഇവർ 12 വർഷങ്ങളായി തത്തപ്പിള്ളിയിൽ താമസിച്ചുവരികയാണ്. വോട്ടേഴ്സ് ലിസ്റ്റിൽ പോലും ഈ കുടുബത്തിലെ ആരുടെയും പേരോ മറ്റ‌് വിവരങ്ങളോ ഇല്ല. പ്രദേശവാസികളുമായി യാതൊരു വിധത്തിലുള്ള ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. മൂന്നു മാസം മുമ്പാണ് ഇവരെ സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. രക്ഷിതാക്കൾക്ക് പുറമെ കുട്ടികളുടെ പിതാവിന്റെ ജ്യേഷ‌്ഠനും ഇവർക്കൊപ്പമാണ‌് താമസം.  ഇയാൾ മാത്രമേ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്ത‌് ഇറങ്ങാറുള്ളൂ. സമീപവാസികൾ നടത്തിയ നിരീക്ഷണത്തിലാണ‌് കുട്ടികളെ പൂട്ടിയിട്ടിരിക്കുന്നതായി സൂചന ലഭിച്ചത‌്.

തുടർന്ന‌് പൊലീസിൽ അറിയിച്ചു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കുള്ള പടികൾ ഗ്രിൽ വച്ച‌് അടച്ചതിനാൽ പൊലീസിന‌്  പ്രവേശിക്കാനായില്ല. സൺഷെയ‌്ഡിലൂടെ മുകളിലെത്തിയെങ്കിലും വാതിൽ അകത്തുനിന്ന‌് പൂട്ടിയിരിക്കുകയായിരുന്നു. പിന്നീട‌് ജില്ലാ കലക‌്ടറുടെ ഉത്തരവ‌് ലഭിച്ചതോടെയാണ‌് പൊലീസ‌് അകത്തു കടന്ന‌് കുട്ടികളെ മോചിപ്പിച്ചത‌്. രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. ഇവർ മാനസിക പ്രശ്നം ഉള്ളവരാണെന്ന‌് ബന്ധുകൾ പറഞ്ഞു. കുട്ടികൾക്ക‌് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകിയിട്ടില്ല. ഇവരെ സുരക്ഷാ ഹോമിലേക്ക‌് മാറ്റി. വെള്ളിയാഴ‌്ച ഇവരെ ചൈൽഡ‌് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുമെന്ന‌് ചൈൽഡ‌് ലൈൻ അധികൃതർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top