19 October Friday

വൈപ്പിന്‍, മുളന്തുരുത്തി, കാലടി ഏരിയ സമ്മേളനങ്ങള്‍ക്ക്് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

വൈപ്പിന്‍ > സിപിഐ എം വൈപ്പിന്‍ ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിലെ കെ ബി ഭദ്രന്‍ നഗറില്‍ മുതിര്‍ന്ന അംഗം പൂയപ്പിള്ളി തങ്കപ്പന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.

സ്വാഗതസംഘം ചെയര്‍മാന്‍ എം കെ ശിവരാജന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ എം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ എ സാജിത് സ്വാഗതം പറഞ്ഞു.  കെ ആര്‍ ഗോപി രക്തസാക്ഷി പ്രമേയവും എന്‍ സി കാര്‍ത്തികേയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 120 പ്രതിനിധികളും 17 ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 

എം കെ  ശിവരാജന്‍, ബി വി പുഷ്കരന്‍, എ ആര്‍ ചന്ദ്രബോസ്, കെ വി എബ്രഹാം, എന്‍ കെ ബിന്ദു എന്നിവര്‍ ഉള്‍പ്പെടുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി ടി വി പ്രസന്നകുമാര്‍ (മിനിറ്റ്സ്), പി വി ലൂയിസ് (പ്രമേയം), എന്‍ ബി അരവിന്ദാക്ഷന്‍ (ക്രഡന്‍ഷ്യല്‍) എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി സി കെ മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രതിനിധിസമ്മേളനം വെള്ളിയാഴ്ച പൂര്‍ത്തിയാകും. ശനിയാഴ്ച വൈകിട്ട് പുളിക്കനാട്ട് ഓഡിറോറിയത്തിനു സമീപത്തുനിന്ന് വളന്റിയര്‍ പരേഡോടെ പ്രകടനം ആരംഭിക്കും. തുടര്‍ന്ന് എസ്പി സഭ സ്കൂള്‍ ഗ്രൌണ്ടിലെ എം കെ പുരുഷോത്തമന്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം പി രാജീവ് ഉദ്ഘാടനംചെയ്യും.

സംഘപരിവാര്‍ രാജ്യത്തിനാപത്ത്: കെ എം സുധാകരന്‍
വൈപ്പിന്‍ > ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ എം സുധാകരന്‍ പറഞ്ഞു. വൈപ്പിന്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനതൊട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്രമോഡി പറയുന്നത് ഇവിടെ മതന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളില്ലെന്നാണ്. ഇതോടെ അവരുടെ സ്വത്തിനും ജീവനും സുക്ഷതിത്വമില്ലാതായി. ദളിതരെ ആട്ടിയോടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ തലയെടുക്കുമെന്നുവരെ പറയുന്ന സംഘപരിവാര്‍ ഇന്ത്യക്ക് ആപത്താണെന്നും കെ എം സുധാകരന്‍ പറഞ്ഞു.

ഈ ഭീഷണിക്കെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിലാണ് ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷ. ഫാസിസത്തിനും ഭീകരവാദത്തിനുമെതിരെയുള്ള പോരാട്ടത്തില്‍  എല്ലാമതേതര വിശ്വാസികളും സിപിഐ എമ്മിനൊപ്പം അണിനിരക്കണമെന്നും സുധാകരന്‍ പറഞ്ഞു.

മുളന്തുരുത്തി
മുളന്തുരുത്തി > സിപിഐ എം മുളന്തുരുത്തി ഏരിയ സമ്മേളനത്തിന് ആവേശകരമായ തുടക്കം. അരയന്‍കാവ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിലെ ടി കെ തങ്കപ്പന്‍നഗറില്‍ ചേര്‍ന്ന സമ്മേളനത്തിന് ഏരിയ കമ്മിറ്റി അംഗം പി വി പ്രഭാകരന്‍ പതാക ഉയര്‍ത്തി. വി രവീന്ദ്രന്‍ അധ്യക്ഷനായി. കെ എ ജയരാജ് രക്തസാക്ഷി പ്രമേയവും എ പി സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം പി നാസര്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാനകമ്മിറ്റി അംഗം കെ ചന്ദ്രന്‍ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. വി രവീന്ദ്രന്‍, പി കെ സുബ്രഹ്മണ്യന്‍, പി കെ സുരേന്ദ്രന്‍, ഷേര്‍ലി വര്‍ഗീസ്, അനീഷ് മോഹനന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി സി എ ശശി (മിനുട്സ്),സി കെ റെജി  (പ്രമേയം), ടി കെ ഭാസുര ദേവി  (ക്രഡന്‍ഷ്യല്‍)എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി ടി സി ഷിബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തെരഞ്ഞെടുത്ത 130 പ്രതിനിധികളും 17 ഏരിയ കമ്മിറ്റി അംഗങ്ങളും അടക്കം 147 പേര്‍ രണ്ടുദിവസത്തെ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയ സമ്മേളനം വെള്ളിയാഴ്ച തുടരും. സമ്മേളനത്തിന് സമാപനംകുറിച്ച് 25ന് വൈകിട്ട് ചാലക്കപ്പാറയില്‍നിന്ന് ചുവപ്പുസേനാ പരേഡും ബഹുജനറാലിയും നടക്കും. അരയന്‍കാവ് സി കെ മണിനഗറില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും.

കാലടി
കാലടി > സിപിഐ എം കാലടി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം.  കാലടി നാസ് ഓഡിറ്റോറിയത്തിലെ എം എസ് ദേവരാജന്‍നഗറില്‍ മുതിര്‍ന്ന നേതാവ് കെ പൊന്നപ്പന്‍ പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനകമ്മിറ്റി അംഗം സി എം ദിനേശ്മണി ഉദ്ഘാടനംചെയ്തു. എം ജെ ജോസ് രക്തസാക്ഷിപ്രമേയവും പി എന്‍ അനില്‍കുമാര്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ടി ഐ കണ്ണപ്പന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ എം ടി വര്‍ഗീസ് സ്വാഗതം പറഞ്ഞു.
സി കെ ഉണികൃഷ്ണന്‍, കെ കെ പ്രഭ, എന്‍ സി ഉഷാകുമാരി, പി യു ജോമോന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായി കെ ജെ ജോയി (മിനുട്സ്), എം കെ കുഞ്ചു (പ്രമേയം), ടി വി രാജന്‍ (ക്രഡന്‍ഷ്യല്‍) എന്നിവരെയും തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി സി കെ സലിംകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

110 പ്രതിനിധികളും 16 ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എം ഇസ്മായില്‍, കെ ജെ ജേക്കബ്, ടി കെ മോഹനന്‍, എന്‍ സി മോഹനന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ എ ചാക്കോച്ചന്‍, അഡ്വ. കെ തുളസി, ടി ഐ ശശി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധിസമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

ശനിയാഴ്ച വൈകിട്ട് മറ്റൂരില്‍നിന്ന് ബാന്‍ഡ്വാദ്യത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ചുവപ്പുസേനാ പരേഡും ബഹുജനറാലിയും ആരംഭിക്കും. കാലടി കൂത്തുപറമ്പ് രക്തസാക്ഷിനഗറില്‍ ചേരുന്ന പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനംചെയ്യും.

മറ്റു വാർത്തകൾ