19 October Friday

തിരുവൈരാണിക്കുളത്ത് അവലോകനയോഗം ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017

കാലടി > തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ 2018 ജനുവരി ഒന്നുമുതല്‍ 12 വരെ ആഘോഷിക്കുന്ന നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുമേധാവികള്‍ പങ്കെടുത്ത അവലോകനയോഗം നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഉത്സവാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ വിശകലനംചെയ്തു.  

ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകള്‍ കുറ്റമറ്റതാക്കുന്നതിനുള്ള തീരുമാനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. ആലുവ, പെരുമ്പാവൂര്‍, കാലടി റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. തിരുവൈരാണിക്കുളം പ്രദേശത്തുകൂടി കടന്നുപോകുന്ന ഇറിഗേഷന്‍ പദ്ധതികളില്‍ ഉത്സവകാലത്ത് മുടക്കംകൂടാതെ വെള്ളം പമ്പ്ചെയ്ത് എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തവണ ആഘോഷങ്ങള്‍ക്ക് ഗ്രീന്‍പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനത്തെ മന്ത്രി പ്രശംസിച്ചു. കച്ചവടസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചുകൊള്ളാമെന്ന സമ്മതപത്രം ഒപ്പിട്ടുവാങ്ങണമെന്നും അവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു.

‘തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുന്ന്െ കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ദീര്‍ഘദൂര ബസുകള്‍ക്ക് മാറമ്പിള്ളിക്കവലയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന സ്വകാര്യബസുകള്‍ക്ക് തിരുവൈരാണിക്കുളത്തേക്ക് പ്രത്യേക സര്‍വീസ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ആര്‍ടിഒ അറിയിച്ചു. ഓട്ടോ ടാക്സി സര്‍വീസുകള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാന്‍ പരിശോധനാ സ്ക്വാഡ് രംഗത്തുണ്ടാകും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും നിരക്കും പരിശോധിക്കാന്‍ സിവില്‍ സപ്ളൈസ്, ഭക്ഷ്യസുരക്ഷ, ലീഗല്‍മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയും ഉറപ്പാക്കുമെന്ന് അതത് വകുപ്പുമേധാവികള്‍ വിശദീകരിച്ചു.

ഫയര്‍ ആന്‍ഡ് റെസ്ക്യൂ യൂണിറ്റ്, ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സംഘം എന്നിവ പ്രവര്‍ത്തനസജ്ജമായിരിക്കും. അടിയന്തരഘട്ടത്തില്‍ വൈദ്യസഹായം നല്‍കാന്‍ ഗൌരിലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ സൌജന്യ വൈദ്യസഹായവും ഉണ്ടായിരിക്കും. വേണ്ടിവന്നാല്‍ ആലുവ, പെരുമ്പാവൂര്‍, കാലടി മേഖലയിലെ ആശുപത്രികളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ്സേനയെ വിന്യസിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ഡിവൈഎസ്്പി ജി വേണു അറിയിച്ചു. വൈദ്യുതി, കുടിവെള്ളം എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കലക്ടറുടെ നിര്‍ദേശപ്രകാരം വകുപ്പുകള്‍ നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങളില്‍ മന്ത്രി തൃപ്തി അറിയിച്ചു. ഇനിയും പൂര്‍ത്തിയാകാനുള്ളവ സയമബന്ധിതമായി ചെയ്തുതീര്‍ത്ത് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടറോട് മന്ത്രി നിര്‍ദേശിച്ചു. എംഎല്‍എ അന്‍വര്‍ സാദത്ത്, അസി. കലക്ടര്‍ ഈശ പ്രിയ, ഡിവൈഎസ്പി ജി വേണു തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍നമ്പൂതിരിപ്പാട്, സെക്രട്ടറി പി ജി സുധാകരന്‍, വൈസ്പ്രസിഡന്റ് എന്‍ ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാടവന, കെ കെ ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top