Top
18
Monday, December 2017
About UsE-Paper

കളമശേരിയെ ചെങ്കടലാക്കി സിപിഐ എം റാലി

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

കളമശേരി > വ്യവസായനഗരം ഹൃദയത്തില്‍ സൂക്ഷിച്ച കമ്യൂണിസ്റ്റ് ബോധത്തിന്റെ നേര്‍സാക്ഷ്യമായി നാടും നഗരവും ഇളക്കിമറിച്ച് ചുവപ്പുപ്രളയത്തോടെ സൌത്ത് കളമശേരിയില്‍ സിപിഐ എം ഏരിയ സമ്മേളനത്തിന് സമാപനം. മൂന്നുകേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച പ്രകടനങ്ങള്‍ പൊതുസമ്മേളനം ചേര്‍ന്ന സൌത്ത് കളമശേരിയിലെ ഗൌരി ലങ്കേഷ്നഗറില്‍ സംഗമിച്ചു.  

പ്രീമിയര്‍കവലയില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന്റെ മുന്‍നിരയില്‍ പതാകയേന്തി ജില്ലാ കമ്മിറ്റിയംഗങ്ങളും പുതിയ ഏരിയ കമ്മിറ്റിയംഗങ്ങളും നിരന്നു. തൊട്ടുപിറകില്‍ ബാന്‍ഡ്സംഘവും റെഡ്വളന്റിയര്‍മാരും. തുടര്‍ന്ന് വിവിധ ലോക്കലുകളിലെ ബ്രാഞ്ചുകള്‍ എന്ന ക്രമത്തിലായിരുന്നു പ്രകടനം. കളമശേരി വെസ്റ്റ്, ഏലൂര്‍ ഈസ്റ്റ്-വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളാണ് പ്രീമിയര്‍ കവലയില്‍ കേന്ദ്രീകരിച്ചത്. കളമശേരി ഈസ്റ്റ്-സെന്‍ട്രല്‍, തൃക്കാക്കര സെന്‍ട്രല്‍ ലോക്കലുകളില്‍നിന്നുള്ളവര്‍ കേസരി വായനശാലയ്ക്കു സമീപവും തൃക്കാക്കര ഈസ്റ്റ്-വെസ്റ്റ് ലോക്കലുകളില്‍നിന്നുള്ളവര്‍ പത്തടിപ്പാലത്തും കേന്ദ്രീകരിച്ചാണ് പ്രകടനമായി ഗൌരി ലങ്കേഷ് നഗറിലെത്തിയത്.
സമ്മേളനനഗറില്‍ വൈകിട്ട് നാലിനുതന്നെ മഞ്ഞുമ്മല്‍ നേരറിവ് ശില അവതരിപ്പിച്ച നാടന്‍പാട്ട് ആരംഭിച്ചു. ആറോടെ പ്രകടനങ്ങളെത്താന്‍ തുടങ്ങി. ഇതോടെ അക്ഷരാര്‍ഥത്തില്‍ സൌത്ത് കളമശേരി ജനനസാഗരമായി. തുടര്‍ന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചുവപ്പുസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സമ്മേളനത്തിന് ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം സി കെ പരീത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.

വിവിധ രാഷ്ട്രീയപാര്‍ടികള്‍ വിട്ട് സിപിഐ എമ്മിലേക്കുവന്ന നേതാക്കളെ കോടിയേരി ഹാരമണിയിച്ച് സ്വീകരിച്ചു. എംസിപിഐ നേതാക്കളായ പഴയകാല പാര്‍ടിപ്രവര്‍ത്തകര്‍ എം വി അച്ചുതന്‍, കെ മണികണ്ഠന്‍, കോണ്‍ഗ്രസ് തൃക്കാക്കര ബ്ളോക്ക് സെക്രട്ടറി ടി എല്‍ ജോസ്, മുസ്ളിംലീഗ് വടകോട് ശാഖാ ട്രഷറര്‍ ഐ എം അബ്ദുള്‍ റഹീം എന്നിവരെയാണ് സ്വീകരിച്ചത്. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനംനല്‍കി.
യോഗത്തില്‍ ജില്ലാ സെക്രട്ടറി പി രാജീവ്, സംസ്ഥാന  കമ്മിറ്റിയംഗം കെ ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ മോഹനന്‍, എന്‍ സി മോഹനന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എന്‍ ഗോപിനാഥ്, ഹെന്നി ബേബി തുടങ്ങിയവര്‍ പങ്കെടുത്തു. ടി ടി രതീഷ് നന്ദിപറഞ്ഞു.