21 July Saturday
കോടിയേരി സന്ദര്‍ശിച്ചു

പെരിയാറിന് കവചമൊരുക്കി ഇല്ലി വളരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

 ആലുവ > പെരിയാറിന് സംരക്ഷണമൊരുക്കി സിപിഐ എം ജില്ലാ കമ്മിറ്റി നട്ടുവളര്‍ത്തിയ ഇല്ലികള്‍ കാണാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. ആലുവ മണപ്പുറത്തിന് സമീപംനട്ട ഇല്ലിത്തൈകള്‍ നദിക്ക് മറ്റൊരു സംരക്ഷണഭിത്തിയായി മാറിക്കഴിഞ്ഞു. ഒരുമീറ്ററോളം ഉയരത്തില്‍ വളര്‍ന്ന ഇല്ലിയുടെ അടുത്ത് കോടിയേരി അല്‍പ്പനേരം ചെലവഴിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ മണപ്പുറത്ത് എത്തിയത്. ജില്ലാ സെക്രട്ടറി പി രാജീവും ഒപ്പമുണ്ടായി.
ജനകീയപങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ സംസ്ഥാന വ്യാപകമായി നട്ടുപിടിപ്പിക്കണമെന്നത് പാര്‍ടിതീരുമാനമാണെന്നും എറണാകുളം ജില്ലയില്‍ ഇത് ആകര്‍ഷകമായി ചെയ്തെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അങ്ങേയറ്റം മാതൃകാപരമായ പ്രവര്‍ത്തനമാണ് ജില്ലാ കമ്മിറ്റിയുടേത്. വലിയ രീതിയിലുള്ള ജനകീയപങ്കാളിത്തമാണ് പദ്ധതിക്കുണ്ടായത്.

'പെരിയാറിനൊരില്ലിത്തണല്‍' പദ്ധതിയുടെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് തീരങ്ങളില്‍ മുളംതൈ നട്ടത്. തീരം സംരക്ഷിക്കാനായി അസം മുളകളുടെ ആയിരക്കണക്കിന് തൈകള്‍ ഇരുവശവും നട്ടുപിടിപ്പിച്ചു. ഇവയൊക്കെ ഒരു മീറ്ററോളം ഉയരത്തില്‍ വളര്‍ന്നിട്ടുണ്ട്. ആലുവ മണപ്പുറത്തെ തൈകള്‍ക്ക് പ്രത്യേക സംരക്ഷണവേലിയും തീര്‍ത്തിട്ടുണ്ട്. പുഴയോരം പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ സംരക്ഷിക്കാനുള്ള സിപിഐ എം നടപടിയെ പ്രകൃതിശാസ്ത്രജ്ഞരും പരിസ്ഥിതിവിദഗ്ധരും അഭിനന്ദിച്ചിരുന്നു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ മോഹനന്‍, എന്‍ സി മോഹനന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, ആലുവ ഏരിയ സെക്രട്ടറി വി സലീം തുടങ്ങിയവര്‍ മണപ്പുറത്ത് എത്തിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top