Top
18
Monday, December 2017
About UsE-Paper

കാറ്റ്: കനത്തനാശം, വീടുകള്‍ തകര്‍ന്നു

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

കൂത്താട്ടുകുളം > കാര്‍ഷികമേഖലയ്ക്കും വീടുകള്‍ക്കും കനത്ത നാശംവിതച്ച് വീശിയടിച്ച കാറ്റ് കാക്കൂര്‍, പാമ്പാക്കുട മേഖലകളിലെ ജനജീവിതം താറുമാറാക്കി. ആറു വീടുകള്‍ തകര്‍ന്നു. നിരവധി പേരുടെ കൃഷിനശിച്ചു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ശക്തമായ മഴ തുടങ്ങിയത്. ഇതിനിടെ വീശിയ കാറ്റാണ് നാശംവിതച്ചത്.

കാക്കൂര്‍ പുതുശേരില്‍ വേണുവിന്റെ വീടിനു മുകളിലേക്ക് റബര്‍മരം കടപുഴകിവീണു. വീട് പൂര്‍ണമായും തകര്‍ന്നു. തട്ടാഴത്തുതാഴം ഭാഗത്ത് ഷാജി പെരുവനംതൊട്ടിലിന്റെ വീട് തെങ്ങുവീണ് തകര്‍ന്നു. രാജന്‍ കുഴിക്കാട്ടില്‍, സന്തോഷ് തട്ടാഴത്ത്, അംബിക ബാലന്‍ തട്ടാഴത്ത് തുടങ്ങിയവരുടെ വീടുകള്‍ മരംവീണ് ഭാഗികമായി തകര്‍ന്നു. ഇവരുടെ റബര്‍, തേക്ക്, ആഞ്ഞിലി മരങ്ങളും കാറ്റില്‍ വീണു. രമേശ്വരന്‍ കരിമ്പനയ്ക്കല്‍, ഷിബു മങ്ങാട്ട് എന്നിവരുടെ റബര്‍, വാഴ, ജാതി കൃഷിയും കാറ്റില്‍ നശിച്ചു. കൂത്താട്ടുകുളത്തുനിന്നെത്തിയ ഫയര്‍ഫേഴ്സും നാട്ടുകാരും വാര്‍ഡ്മെമ്പര്‍ സാജു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി ഒന്നോടെയാണ് റോഡില്‍നിന്നും വീടുകള്‍ക്കു മുകളില്‍നിന്നും മരങ്ങള്‍ വെട്ടിമാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് ഒ എന്‍ വിജയന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.

കനത്ത കാറ്റ് പാമ്പാക്കുട പഞ്ചായത്തിലും നാശംവിതച്ചു. കൊച്ചുപാമ്പാക്കുട, കൈനി, അരീക്കല്‍ ഭാഗങ്ങളിലാണ് കനത്ത നാശമുണ്ടായത്. ഒമ്പതു വീടുകള്‍ ഭാഗികമായി തകര്‍ന്നു. റബര്‍മരങ്ങളും വാഴകളും തേക്കുള്‍പ്പടെയുള്ള വന്‍മരങ്ങളും കടപുഴകി. സ്കറിയ തൊണ്ണങ്ങാട്ടുകുഴി, രാജു നിരപ്പത്താഴത്ത്, തങ്കമ്മ മാമലക്കുന്നേല്‍, മാത്യു കാട്ടുപുറത്ത്, ജോണി തോട്ടപ്പിള്ളി, കാവുംമലയില്‍ കൊച്ചിയ, പാലപ്പിള്ളില്‍ സാറാമ്മ, മനോജ് പാലപ്പിള്ളില്‍, റെജി ഊത്തുകുഴി, ജോണി കൈനിയില്‍ എന്നിവരുടെ വീടുകളാണ് മരംവീണ് തകര്‍ന്നത്. പാമ്പാക്കുട-മണ്ണത്തൂര്‍ റോഡിലേക്ക് മരം വീണതുമൂലം ഏറെ നേരം ഗതാഗതതടസ്സം ഉണ്ടായി. പിറവത്തുനിന്ന് അഗ്നിശമനസേന എത്തിയാണ് മരം മുറിച്ചുനീക്കിയത്. കാട്ടുപുറത്ത് സാബുവിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക്ചെയ്തിരുന്ന കാറിനു മുകളില്‍ വീണ മരവും അഗ്നിശമനസേനയാണ് നീക്കംചെയ്തത്.  

അമ്പതോളം കര്‍ഷകര്‍ക്ക് നാശമുണ്ടായതായും കൃഷിവകുപ്പ് ഉദ്യാഗസ്ഥര്‍ അറിയിച്ചു. അരീക്കല്‍, കൈനി പ്രദേശങ്ങളിലായി മൂവായിരത്തോളം റബര്‍മരങ്ങളാണ് കാറ്റില്‍ നിലംപൊത്തിയത്. ഫാ. എബ്രഹാം പാലപ്പിള്ളിയുടെ ഇരുന്നൂറോളം റബര്‍മരം കടപുഴകിവീണു. പാലപ്പിള്ളി സി കെ പൌലോസിന്റെ എണ്‍പതും കുളങ്ങര ജോര്‍ജിന്റെ എഴുപത്തഞ്ചും റബര്‍മരങ്ങള്‍ നിലംപൊത്തി. താണിക്കുന്നേല്‍ ജോസഫ്, കാട്ടുപുറത്ത് തമ്പി, താണിക്കുന്നേല്‍ ജോര്‍ജ്, പാലപ്പിള്ളില്‍ അര്‍ണോള്‍ഡ്, പുല്ലാന്തിക്കാട്ടില്‍ ഭാസ്കരന്‍, ചക്കുളങ്ങര ജോണി, കൊപ്പരത്ത് പീറ്റര്‍, താണിക്കുന്നേല്‍ ജേക്കബ് എന്നിവരുടെ പുരയിടത്തിലെ മരങ്ങളും കടപുഴകിവീണു.

പനംതാനത്ത് സണ്ണിയുടെ 400ഉം കൈനി ഭാഗത്ത് ചെമ്പാലി പുത്തന്‍പുരയില്‍ സണ്ണിയുടെ 250ഉം കണ്ണംചിരട്ടക്കുടിയില്‍ ഉണ്ണിയുടെ 150ഉം കോപ്പുറത്ത് രാജുവിന്റെ 50ഉം വാഴകള്‍ ഒടിഞ്ഞു. പാലപ്പിള്ളി സാബു താണിക്കുന്നേല്‍ കുഞ്ഞൂട്ടി, പറയംകുഴി ബേബി, ചോലക്കാട്ടില്‍ സ്കറിയ എന്നിവരുടെ കൃഷികള്‍ക്കും നാശം നേരിട്ടു. താണിക്കുന്നേല്‍ ജോസഫിന്റെ കായ്ഫലമുള്ള 23 ജാതിമരങ്ങള്‍ ഒടിഞ്ഞുവീണു. തോട്ടാപ്പിള്ളില്‍ ജോര്‍ജിന്റെ ജാതിക്കൃഷിക്കും നാശംനേരിട്ടു.

വില്ലേജ് ഓഫീസര്‍ അനൂപ് പുരുഷോത്തമന്റെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ എത്തി നാശനഷ്ടം തിട്ടപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവന്‍, അംഗങ്ങളായ സിജി തോമസ്, കൃഷി ഓഫീസര്‍ വി കെ ചാക്കോച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാശം നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കൃഷിനാശം സംഭവിച്ചവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ സഹായത്തിനുള്ള അപേക്ഷ നല്‍കണമെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.