22 September Saturday

അഴിമതി : കൂത്താട്ടുകുളം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018



കൂത്താട്ടുകുളം
കൂത്താട്ടുകുളം നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ‌്ക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം. അനധികൃത കെട്ടിടനിർമാണം, ലൈസൻസ് നൽകുന്നതിലെ അഴിമതി, ഉദ്യോഗസ്ഥ അഴിഞ്ഞാട്ടം, മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ച തുടങ്ങിയ വിഷയങ്ങൾ ഉയർത്തി എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. ബാനറും മറ്റുമായി അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കി. 16ന് നടന്ന കൗൺസിൽ യോഗത്തിലും പ്രതിപക്ഷം ഈ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇതുവരെയും ഒരു നടപടിയും എടുത്തില്ല. എൽഡിഎഫ് സഭാ നേതാവ് സി എൻ പ്രഭകുമാർ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇതേത്തുടർന്നാണ് എൽഡിഎഫ് വെള്ളിയാഴ്ചയും പ്രതിഷേധം ഉയർത്തിയത്.

കെട്ടിടനമ്പർ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക, കെട്ടിട നിർമാണചട്ടം ലംഘിച്ച് കെട്ടിടം നിർമിക്കുന്നതിന് കൂട്ടുനിൽക്കുക, ആസ‌്തി രജിസ്റ്ററിൽ ഉൾപ്പെട്ട വസ്തുക്കൾ കൈയേറാൻ കൂട്ടുനിൽക്കുക, ഇതിനായി രേഖകൾ മുക്കുക തുടങ്ങിയ ആരോപണങ്ങളും   യുഡിഎഫ് ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും എതിരെയുണ്ട‌്. വനിതാ വിശ്രമകേന്ദ്രത്തിൽ വൈദ്യുതി ലഭിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാതെ അവിടം ഇതരസംസ്ഥാന ജീവനക്കാരുടെ താവളമാക്കി മാറ്റിയതായും മത്സ്യ‐സസ്യ മാർക്കറ്റിലേക്കുള്ള വഴി ചളിക്കുണ്ടായി മാറിയിട്ടും നടപടിയെടുത്തില്ലെന്നും വ്യാഴാഴ്ച നടന്ന യോഗാദിനം ആചരിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടും മുനിസിപ്പാലിറ്റി തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷസമരം ശക്തമായതോടെ ചെയർമാൻ ബിജു ജോൺ സഭാനടപടി അവസാനിപ്പിച്ച് യോഗം പിരിച്ചുവിട്ടു. പ്രതിപക്ഷ പ്രതിഷേധത്തിൽനിന്ന‌് യുഡിഎഫ് ഒളിച്ചോടുന്ന നടപടിയാണിതെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. ആരോപണങ്ങളിൽ ശക്തമായ നടപടി  ഉണ്ടാകാതെ സമരപരിപാടികൾ അവസാനിപ്പിക്കില്ലെന്ന് എൽഡിഎഫ് സഭാ നേതാവ് സി എൻ പ്രഭകുമാർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ എൽഡിഎഫ് പ്രവർത്തകർ നഗരസഭയുടെ മുന്നിലും പ്രതിഷേധിച്ചു.
കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, ഫെബിഷ് ജോർജ്, എൽ വസുമതി അമ്മ, വിജയ ശിവൻ, ഷീബ രാജു, എ എസ് രാജൻ, എം എം അശോകൻ, ലിനു മാത്യു, നളിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൂത്താട്ടുകുളം നഗരസഭയിലെ യുഡിഎഫ് ഭരണനേതൃത്വത്തിന്റെ അഴിമതിക്കെതിരെ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ്‌ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top