16 November Friday

അങ്കമാലി മണ്ഡലം പൊതുമരാമത്ത‌് റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018


അങ്കമാലി
അങ്കമാലി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത‌് റോഡുകളുടെ ശോച്യാവസ്ഥയ‌്ക്ക‌് എത്രയും വേഗം പരിഹാരം കാണണമെന്ന‌് സിപിഐ എം നിയോജകമണ്ഡലം സെക്രട്ടറി അഡ്വ. കെ കെ ഷിബു ആവശ്യപ്പെട്ടു.
കാലവർഷം വരുന്നതിനുമുമ്പ‌് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും അങ്കമാലി നഗരസഭാ ചെയർപേഴ‌്സണും എംഎൽഎയെ കണ്ട‌് റോഡുകളുടെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയതാണ‌്.

അങ്കമാലിയിൽനിന്ന‌് മലയാറ്റൂർ തീർത്ഥാടനകേന്ദ്രത്തിലേക്കുള്ള അങ്കമാലി‐മഞ്ഞപ്ര റോഡ‌് കുണ്ടും കുഴിയുമായി. ഈ റോഡിലുള്ള മുല്ലശേരി കനാൽപാലം സ്ലാബ‌് നീങ്ങി തകർന്ന‌് ഏതുസമയത്തും നിലംപൊത്താവുന്ന സ്ഥിതിയാണ‌്. എത്രയും വേഗം പാലം പുനർനിർമിച്ച‌ില്ലെങ്കിൽ അങ്കമാലി പട്ടണവുമായി മഞ്ഞപ്ര, തുറവൂർ, അയ്യമ്പുഴ ഭാഗത്തുള്ളവർക്ക‌് വന്നുപോകുന്നതിന‌് കഴിയാതെവരും. അങ്കമാലിയിൽനിന്നും അതിരപ്പിള്ളി ഏഴാറ്റുമുഖത്തേക്കുള്ള മൂക്കന്നൂർ ‐ഏഴാറ്റുമുഖം റോഡും യാത്രചെയ്യാൻ വയ്യാത്ത അവസ്ഥയിലായിട്ട‌് മാസങ്ങളായി. ഇതിനിടെ ചില റോഡുകൾ നന്നാക്കുന്നതിന‌്  ടെൻഡർചെയ‌്തുവെന്ന‌്  പിഡബ്ല്യുഡി  ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും പണി തുടങ്ങിയില്ല. എംഎൽഎയും ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിക്കുകയാണോയെന്ന‌് ജനങ്ങളിൽ സംശയമുയരുന്നു. ചിലയിടങ്ങളിൽ പണികൾ തുടങ്ങിവച്ചിട്ട‌് എംഎൽഎ ഇടപെട്ട‌് നിർത്തിച്ചുവെന്ന‌് ആക്ഷേപമുണ്ട‌്. കാലവർഷത്തിനുമുമ്പ‌് റോഡുകളുടെ അറ്റകുറ്റപ്പണി ചെയ്യിക്കുന്നതിന‌് എംഎൽഎ ഗൗരവമെടുക്കാതിരുന്നതാണ‌് ഇപ്പോഴത്തെ ദുഃസ്ഥിതിക്ക‌് കാരണം.

എസ‌്സിഎംഎസ‌് എൻജിനിയറിങ‌് കോളേജ‌് വഴി ഏഴാറ്റുമുഖത്തേക്കുള്ള കറുകുറ്റി‐ഏഴാറ്റുമുഖം റോഡ‌്, പ്ലച്ചിപ്പാറ‐മുന്നൂർപ്പിള്ളി റോഡ‌്, കറുകുറ്റി‐എടക്കുന്ന‌് റോഡ‌് എന്നിവയിലൂടെയുള്ള ഗതാഗതം ദുഷ‌്കരമാണ‌്. ഏറെത്തിരക്കേറിയ നായത്തോട‌്‐എയർപോർട്ട‌്  റോഡ‌് സഞ്ചാരയോഗ്യമല്ലാതായിട്ട‌് നാളുകളേറെയായി. ഈ റോഡ‌ിന‌് പൊതുമരാമത്ത‌്
വകുപ്പ‌് അനുവദിച്ച തുകയിൽനിന്ന‌് എംഎൽഎ ഇടപെട്ട‌് വേറെ  റോഡുകൾക്ക‌് വകമാറ്റി ചെലവഴിച്ചു.  റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇടപെടാത്ത എംഎൽഎയുടെ നിലപാടിനെതിരെ സമരം സംഘടിപ്പിക്കുമെന്ന‌് കെ കെ ഷിബു അറിയിച്ചു.

പ്രധാന വാർത്തകൾ
Top