21 November Wednesday
അങ്കമാലി നഗരസഭ

മഴക്കെടുതി ചർച്ചയ‌്ക്ക‌് ചേർന്ന കൗൺസിൽ പ്രതിപക്ഷം അലങ്കോലമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018


അങ്കമാലി
കാലവർഷക്കെടുതിയും ജനങ്ങളുടെ ദുരിതവും ചർച്ചചെയ്യാൻ വിളിച്ചുചേർത്ത അങ്കമാലി നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിൽനിന്ന‌് പ്രതിപക്ഷാംഗങ്ങൾ ബഹളംവച്ച‌് ഇറങ്ങിപ്പോയി.  ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ‌് കൗൺസിൽ ചേർന്നത‌്.

ദുരിതപ്രദേശങ്ങൾ  കഴിഞ്ഞദിവസങ്ങളിൽ ചെയർപേഴ‌്സന്റെ നേതൃത്വത്തിൽ കൗൺസിലർമാരും സെക്രട്ടറിയും സന്ദർശിച്ച‌് വിവരങ്ങൾ ശേഖരിച്ചിരുന്നു. മഴയെത്തുംമുമ്പ‌്  പട്ടണത്തിനുള്ളിലെ കാനകളിൽനിന്നു ചളികോരി വൃത്തിയാക്കിയതിനാൽ പട്ടണത്തിൽ വെള്ളക്കെട്ട‌് ഒഴിവാക്കാനായി. അഞ്ചുലക്ഷം രൂപ ഇതിനായി  ചെലവഴിച്ചു. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ‌്ത‌് തുടർപ്രവർത്തനങ്ങളെക്കുറിച്ച‌് തീരുമാനമെടുക്കുന്നതിനായി ചേർന്ന  യോഗമാണ‌് ബോധപൂർവം യുഡിഎഫ‌് അംഗങ്ങൾ അലങ്കോലമാക്കിയതെന്ന‌് ചെയർപേഴ‌്സൺ എം എ ഗ്രേസി പറഞ്ഞു.
നഗരസഭാപ്രദേശത്തെ പൊതുമരാമത്ത‌് റോഡുകളുടെയും മാഞ്ഞാലിത്തോടിന്റെയും  ദുരവസ്ഥ എംഎൽഎവഴി സർക്കാരിനെ അറിയിക്കണമെന്ന പൊതുവികാരം കൗൺസിലിൽ ഉയർന്നുവന്നപ്പോഴാണ‌് യുഡിഎഫ‌് അംഗങ്ങൾ യോഗം അലങ്കോലമാക്കിയത‌്.

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ പ്രശ‌്നങ്ങൾ ചർച്ചചെയ്യാൻ വിളിച്ച കൗൺസിലിൽനിന്ന‌് രാഷ‌്ട്രീയലാക്കോടെ ഇറങ്ങിപ്പോയ നടപടി ജനങ്ങൾ തിരിച്ചറിയുമെന്ന‌് എൽഡിഎഫ‌് പാർലമെന്ററി പാർടി  സെക്രട്ടറി ടി വൈ ഏല്യാസ‌് പറഞ്ഞു. വെള്ളിയാഴ‌്ച രാവിലെയായിരുന്നു കൗൺസിൽ  യോഗം. താലൂക്ക‌് ആശുപത്രി സൂപ്രണ്ട‌് ഡോ. നസീമ നജീബ‌്, വില്ലേജ‌് ഓഫീസർ വി സൗമ്യ, പൊലീസ‌് സർക്കിൾ ഇൻസ‌്പെക്ടർ മുഹമ്മദ‌് റിയാസ‌്, കൃഷി അസിസ‌്റ്റന്റ‌് ആരിഫ, ഫയർഫോഴ‌്സ‌് ഓഫീസർ പി എം സുബ്രഹ‌്മണ്യൻ എന്നിവർ കൗൺസിലിൽ സന്നിഹിതരായിരുന്നു.
മഴക്കെടുതി യോഗം വിലയിരുത്തി. നഗരസഭാപ്രദേശത്തെ  റോഡുകളുടെ നാശനഷ്ടംമാത്രം രണ്ടുകോടി ഒമ്പതുലക്ഷം വരുമെന്ന‌് കണക്കാക്കി റിപ്പോർട്ട‌് സർക്കാരിലേക്ക‌് അയച്ചിട്ടുണ്ട‌്. വെള്ളക്കെട്ടുപ്രദേശങ്ങളിൽ കിട്ടാവുന്ന സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തി നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

ചെയർപേഴ‌്സന്റെ പേരിൽ രൂപീകരിച്ച ദുരിതാശ്വാസഫണ്ടിലേക്ക‌് ഉദാരമനസ‌്കരുടെ സഹായം അഭ്യർഥിച്ചു. കൗൺസിലർമാരുടെ ഓണറേറിയത്തിൽനിന്ന‌് ഒരുവിഹിതം   ഫണ്ടിലേക്ക‌് നൽകാൻ എൽഡിഎഫ‌് പാർലമെന്ററി പാർടി യോഗം തീരുമാനിച്ചതായി ടി വൈ ഏല്യാസ‌് അറിയിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top