22 May Tuesday

കേരളത്തില്‍ സംവാദത്തിനുള്ള ഇടങ്ങള്‍ ചുരുങ്ങുന്നു: എം മുകുന്ദന്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2017


കൊച്ചി > കേരളത്തില്‍ സംവാദത്തിനുള്ള ഇടങ്ങള്‍ ചുരുങ്ങുകയാണെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. എല്ലാ ഇടവും ജാതിയും മതവും അപഹരിക്കുകയാണ്. ശരീരം സമ്പന്നവും ആത്മാവ് രോഗഗ്രസ്ഥവും ആവുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ടി കെ രാമകൃഷ്ണന്‍ സാംസ്കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുപാട് ദര്‍ശനങ്ങള്‍ നമുക്കുചുറ്റുമുണ്ട്. എന്നാല്‍ നമ്മുടെ സഞ്ചാരപഥങ്ങള്‍ നോക്കുമ്പോള്‍ നാം വിശ്വസിക്കേണ്ടത് ഇടതുപക്ഷ പ്രസ്ഥാനത്തിലാണ്. പഴയ മൂല്യബോധം തിരികെപ്പിടിക്കാന്‍ ഇടതിനൊപ്പം നാം യാത്രചെയ്യണം. ഇതല്ലാതെ മറ്റൊരു രാഷ്ട്രീയവും  കാണുന്നില്ല. മലയാളികളെ അരാഷ്ട്രീയരാക്കാന്‍ കാത്തുനില്‍ക്കുന്ന ആളുകളുണ്ട്. ഇവരെ സൂക്ഷിക്കണം.

എഴുത്തുകാരന്‍ ജീവിതം അന്വേഷിക്കേണ്ടത് ജനങ്ങളുടെ ഇടയിലാണ്. അല്ലാതെ വിക്കിപീഡിയയിലും ഗൂഗിളിലും അല്ല. ആധുനിക എഴുത്തുകാരെന്ന് അറിയപ്പെട്ടിരുന്നവര്‍ രാഷ്ട്രീയവല്‍കരിക്കുക എന്ന കടമ നിര്‍വഹിച്ചിട്ടുണ്ടോ എന്ന് ചോദ്യമുയരാം. ഉണ്ട് എന്നാണ് എന്റെ ഉത്തരം. ആധുനികത കമ്യൂണിസത്തെ സഹായിക്കുകയാണ് ചെയ്തത്. ഇപ്പോഴത്തെ സാഹിത്യകാരന്മാര്‍ എന്തുചെയ്യുന്നു എന്നാണ് ജനം ഉറ്റുനോക്കുന്നത്.

ഉത്തരേന്ത്യയില്‍ നദിക്കരയിലും മറ്റുമായി അനേകം ചേരികളില്‍ മനുഷ്യര്‍ പട്ടിണികിടക്കുന്നു. ഇതേപ്പറ്റി ആരും കവിതയെഴുതുന്നില്ല. എന്നാല്‍ നദികളെപ്പറ്റി അവര്‍ കവിതയെഴുതുന്നു. കെട്ടിടങ്ങളുടെ നിര്‍മാണജോലികള്‍ക്കും മറ്റുമായി ഡല്‍ഹിപോലുള്ള നഗരങ്ങളിലെത്തുന്ന കീഴ്ജാതിക്കാരുടെ താമസസ്ഥലങ്ങളില്‍നിന്ന് ദിനംപ്രതി പെണ്‍കുട്ടികള്‍ അപ്രത്യക്ഷരാവുന്നു. അവിടെ സമൂഹം ഇത് കുറ്റകരമായി കാണുന്നില്ല. എന്നാല്‍ ഉന്നതജാതിയിലുള്ള പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ മാധ്യമങ്ങള്‍ അത് ഉയര്‍ത്തിക്കാട്ടും. കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ സമൂഹം ഒന്നടങ്കം ഉണരും.

കേരളം എന്നുമോര്‍ക്കുന്ന സാംസ്കാരിക മന്ത്രിയാണ് ടി കെ രാമകൃഷ്ണന്‍. ഇന്ന് നമ്മുടെ അഭിമാനമായ സാംസ്കാരിക സ്ഥാപനങ്ങളില്‍ പലതും ടി കെ രാമകൃഷ്ണന്റെ സൃഷ്ടിയാണെന്ന് എം മുകുന്ദന്‍ പറഞ്ഞു.

പ്രൊഫ. എം കെ സാനു അധ്യക്ഷനായി. മനുഷ്യവല്‍കരണം ഏറ്റവുമധികം നിര്‍വഹിക്കേണ്ടത് സാംസ്കാരികരംഗത്താണെന്നും അവിടെയാണ് ടി കെ രാമകൃഷ്ണന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കവി എസ് രമേശന് ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് ഉപഹാരം നല്‍കി. ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍,  മുതിര്‍ന്ന സിപിഐ എം നേതാവ് എം എം ലോറന്‍സ്, കെ എന്‍ ഉണ്ണികൃഷ്ണന്‍, ഡോ. സി കെ രാമചന്ദ്രന്‍, എം ആര്‍ യതീന്ദ്രന്‍, അഡ്വ. എന്‍ സതീഷ്, പി എന്‍ സീനുലാല്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top